Enter your Email Address to subscribe to our newsletters

Thiruvananthapuram,12 ജൂണ് (H.S.)
ഗിഫ്റ്റ് എ ഡ്രീം പദ്ധതിയിലൂടെ ആർ.സി.സി.യ്ക്ക് അത്യാധുനിക ബി.എം.ടി. മെഷീൻ. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ (RCC) പീഡിയാട്രിക് ഓങ്കോളജി വിഭാഗം 14 വയസ്സുവരെയുള്ള കാൻസർ ബാധിതരായ കുട്ടികൾക്ക് സമഗ്രമായ ചികിത്സയും പരിചരണവും നൽകി വരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾക്ക് പ്രതീക്ഷയുടെ കരുത്താണ് ആർ.സി.സി.യുടെ സേവനങ്ങൾ.
കുട്ടികളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ലിംഗസമത്വം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന കനൽ ഇന്നോവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഗിഫ്റ്റ് എ ഡ്രീം പദ്ധതിയുടെ ഭാഗമായി, ഗൈഡ്ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടുകൂടി ആർ.സി.സി.യ്ക്ക് അത്യാധുനിക ബോൺ മാരോ ട്രാൻസ്പ്ലാന്റഷന് (BMT) ആവശ്യമായ ക്രയോ ഫ്രീസ് മെഷീൻ കൈമാറുന്നു. പ്രസ്തുത ചടങ്ങ് വി. മുരളീധരൻ (എം.എൽ.എ., കഴക്കൂട്ടം നിയോജക മണ്ഡലം) അധ്യക്ഷതയിൽ സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി, കെ. മുരളീധരൻ ജൂൺ 11 വ്യാഴം രാവിലെ 10 മണിക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വച്ചു നിർവഹിക്കുന്നു. ഗൈഡ്ഹൗസ് ഇന്ത്യയുടെ കൺട്രി ഹെഡ് മഹേന്ദ്ര സിംഗ് റാവത്, കനൽ ഇന്നോവേഷൻസ് ഡയറക്ടർ അഡ്വ. ആൻസൻ പി. ഡി. അലക്സാണ്ടർ, ആർ.സി.സി ഡയറക്ടർ ഡോ. രജനിഷ് കുമാർ ആർ, അഡിഷണൽ ഡയറക്ടർ ഡോ. പ്രിയകുമാരി.ടി, ഡോ. ബീന സാറാ മാത്യു, മെഡിക്കൽ സുപ്രണ്ട് ഡോ. നെബു എബ്രഹാം ജോർജ് കനൽ ട്രസ്റ്റി കെ. ഡാനിയൽ തുടങ്ങിയവർ പങ്കെടുക്കുന്നു.
രക്താർബുദം (Leukemia), ലിംഫോമ, ന്യൂറോബ്ലാസ്റ്റോമ തുടങ്ങിയ ഗുരുതര രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സയിൽ ബോൺ മാരോ ട്രാൻസ്പ്ലാനറ്റേഷൻ നിർണായകമായ പങ്കുവഹിക്കുന്നു. രോഗബാധിതമായ അസ്ഥിമജ്ജയെ ഹൈ ഡോസ് കീമോതെറാപ്പിയിലൂടെ കാൻസർ കോശങ്ങളെ ഉന്മൂലനം ചെയ്ത് ആരോഗ്യകരമായ കോശങ്ങൾ ശരീരത്തിൽ വളരാൻ സഹായിക്കുന്ന ഈ ചികിത്സ, നിരവധി കുട്ടികൾക്ക് രോഗമുക്തിയിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങിവരുന്നതിനും അവസരമൊരുക്കുന്നു.
ബി.എം.ടി. പ്രക്രിയയിൽ ശേഖരിക്കുന്ന സ്റ്റെം സെല്ലുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അവയുടെ കൃത്യമായ സംസ്കരണത്തിനും ചികിത്സയുടെ വിജയസാധ്യത വർധിപ്പിക്കുന്നതിനും ഈ അത്യാധുനിക ഉപകരണം സഹായകമാകും. ഇതിലൂടെ ആർ.സി.സി.യിൽ ചികിത്സ തേടുന്ന നൂറുകണക്കിന് കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. ഭാവിയിൽ കൂടുതൽ കുട്ടികൾക്ക് ബോൺ മാരോ ട്രാൻസ്പ്ലാനറ്റേഷൻ സേവനം ലഭ്യമാക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും ചികിത്സയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ ഉപകരണം വലിയ പിന്തുണയായിരിക്കും.
കാൻസറിനെതിരെ പോരാടുന്ന കുട്ടികൾക്ക് പുതിയ പ്രതീക്ഷയും മെച്ചപ്പെട്ട ജീവിതസാധ്യതയും സമ്മാനിക്കുന്ന ഈ സംരംഭം, ആരോഗ്യരംഗത്തെ സാമൂഹിക ഉത്തരവാദിത്ത ഇടപെടലുകളുടെ മികച്ച മാതൃക കൂടിയാണ്. ചികിത്സയുടെ സാമ്പത്തികവും സാങ്കേതികവുമായ വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുന്നതിനൊപ്പം, കുട്ടികളുടെ ജീവിതത്തിലേക്ക് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും തിരിച്ചുകൊണ്ടുവരിക എന്നതാണ് ഗിഫ്റ്റ് എ ഡ്രീം പദ്ധതിയുടെ ലക്ഷ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR