ചരക്കുകപ്പലിൽ നിന്ന് മിസൈൽ വാർഹെഡ് വീണ്ടെടുത്ത് വിജയകരമായി നിർവീര്യമാക്കി ഇന്ത്യൻ നാവികസേന.
Ernakulam , 12 ജൂണ് (H.S.) ചരക്കുകപ്പലിൽ നിന്ന് മിസൈൽ വാർഹെഡ് വീണ്ടെടുത്ത് വിജയകരമായി നിർവീര്യമാക്കി ഇന്ത്യൻ നാവികസേന. കൊച്ചി നാവികസേനാ വിഭാഗത്തിൻ്റെ അതിസാഹസിക ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്. ഒമാൻ തീരത്ത് കടലിൽ വച്ച് ആക്രമണത്തിനിരയായ ''എംടി
INDIAN NAVY RECOVERS MISSILE


Ernakulam , 12 ജൂണ് (H.S.)

ചരക്കുകപ്പലിൽ നിന്ന് മിസൈൽ വാർഹെഡ് വീണ്ടെടുത്ത് വിജയകരമായി നിർവീര്യമാക്കി ഇന്ത്യൻ നാവികസേന. കൊച്ചി നാവികസേനാ വിഭാഗത്തിൻ്റെ അതിസാഹസിക ഇടപെടലിലൂടെയാണ് വൻ ദുരന്തം ഒഴിവായത്.

ഒമാൻ തീരത്ത് കടലിൽ വച്ച് ആക്രമണത്തിനിരയായ 'എംടി ഒളിമ്പിക് ലൈഫ്' എന്ന അന്താരാഷ്ട്ര ക്രൂഡ് ഓയിൽ ടാങ്കർ കപ്പലിൽ കുടുങ്ങിക്കിടന്ന പൊട്ടാത്ത മിസൈൽ വാർഹെഡാണ് ഇന്ത്യൻ നാവികസേന അതിസാഹസികമായി പുറത്തെടുത്ത് സുരക്ഷിതമായി നിർവീര്യമാക്കിയത്. സമുദ്ര സുരക്ഷാ ചരിത്രത്തിൽ തന്നെ അതീവ സങ്കീർണവും വൻ അപകടസാധ്യതയേറിയതുമായ ഈ ദൗത്യം ഇന്ത്യൻ നാവികസേനയുടെ വിദഗ്ധ ബോംബ് ഡിസ്പോസൽ സംഘം പൂർണ വിജയകരമായാണ് പൂർത്തിയാക്കിയത്. കൊച്ചി തീരത്ത് വച്ചാണ് ഈ നിർണായക ദൗത്യം പൂർത്തിയാക്കിയത്.

മാർഷൽ ഐലൻഡ്സ് പതാകയുമായി അന്താരാഷ്ട്ര സർവീസ് നടത്തുന്ന ഈ ഭീമൻ ചരക്കുകപ്പൽ യുഎഇയിലെ ഫുജൈറ തുറമുഖത്തു നിന്നും അസംസ്കൃത എണ്ണയുമായി കേരളത്തിലെ കൊച്ചി തുറമുഖത്തേക്ക് വരുന്നതിനിടെയാണ് മേയ് 26 ന് ഒമാൻ തീരത്ത് വച്ച് കപ്പലിൻ്റെ ഉൾഭാഗത്ത് ശക്തമായ സ്ഫോടനമുണ്ടായത്.കപ്പലിൽ ഇന്ത്യൻ പൗരന്മാർ ആരും തന്നെ ജീവനക്കാരായി ഉണ്ടായിരുന്നില്ല. സ്ഫോടനത്തിന് ശേഷവും കപ്പലിന് കാര്യമായ മറ്റ് തകരാറുകൾ സംഭവിക്കാത്തതിനാൽ യാത്ര തുടരുകയായിരുന്നു . കപ്പൽ ജീവനക്കാർ പിന്നീട് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് തങ്ങളുടെ കപ്പലിൽ പൊട്ടാത്ത ഒരു മിസൈലിൻ്റെ അവശിഷ്ടം അപകടകരമായ രീതിയിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുന്നത്. ഇതേതുടർന്ന് കപ്പൽ അധികൃതർ അടിയന്തര അന്താരാഷ്ട്ര സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

കൊച്ചി സതേൺ നാവിക കമാൻഡിൻ്റെ ചുമതല

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ ഇന്ത്യൻ ഓഷ്യൻ റീജിയൻ വഴി ഈ നിർണായക വിവരം ലഭിച്ചയുടൻ തന്നെ ഇന്ത്യൻ നാവികസേന സജീവമായി രംഗത്തിറങ്ങി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവികസേനയുടെ സതേൺ നാവിക കമാൻഡ് ഈ ദൗത്യത്തിൻ്റെ പൂർണ്ണ ചുമതല ഏറ്റെടുക്കുകയും ഇതിനായി പ്രത്യേക എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ വിദഗ്ധ സംഘത്തെ അടിയന്തരമായി നിയോഗിക്കുകയും ചെയ്തു.

നാവികസേനയുടെ പ്രത്യേക കമാൻഡോകളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘം കപ്പലിൽ എത്തി നടത്തിയ അതീവ ജാഗ്രതയോടെയുള്ള പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ശത്രുക്കളുടെ ആക്രമണമുണ്ടായ സമയത്ത് പാഞ്ഞുവന്ന ഒരു അത്യാധുനിക മിസൈൽ കപ്പലിൻ്റെ കട്ടിയേറിയ പുറംഭാഗം പൂർണ്ണമായി തുളച്ചുകയറുകയായിരുന്നു. ഇത് കപ്പലിൻ്റെ വിവിധ ഉൾ അറകളും ഘടനകളും തകർത്ത് മുന്നോട്ട് നീങ്ങുകയും, ഒടുവിൽ കപ്പലിലെ അതീവ അപകട മേഖലയായ പ്രധാന ഇന്ധന ടാങ്കിനുള്ളിൽ ചെന്ന് കുടുങ്ങിക്കിടക്കുകയുമായിരുന്നു എന്ന് നാവികസേനയുടെ ഇ.ഒ.ഡി സംഘം സ്ഥിരീകരിച്ചു.

ടാങ്കിനുള്ളിൽ കോടിക്കണക്കിന് എണ്ണ

കോടിക്കണക്കിന് ലിറ്റർ എണ്ണ സംഭരിച്ചിരിക്കുന്ന ഇന്ധനടാങ്കിനുള്ളിൽ പൊട്ടാൻ സാധ്യതയുള്ള സ്ഫോടകവസ്തു ഇരിക്കുന്നത് കപ്പലിനും അതിലെ ജീവനക്കാർക്കും മാത്രമല്ല കപ്പൽ പ്രവേശിക്കേണ്ട കൊച്ചി തുറമുഖത്തെ മറ്റ് കപ്പലുകൾക്കും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും കടുത്ത സുരക്ഷാ ഭീഷണിയായിരുന്നു ഉയർത്തിയത്.

ചെറിയൊരു പിഴവോ തീപ്പൊരിയോ ഉണ്ടായാൽ പോലും വൻ ദുരന്തത്തിന് കാരണമാകുമായിരുന്ന സാഹചര്യത്തിൽ കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ പൂർണ്ണമായി ഉറപ്പാക്കിക്കൊണ്ട് ഘട്ടം ഘട്ടമായുള്ള അതീവ രഹസ്യ സ്വഭാവമുള്ള സുരക്ഷാ പദ്ധതിയാണ് ഇ.ഒ.ഡി സംഘം തയ്യാറാക്കിയത്.

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ദൗത്യം

നിർദ്ദിഷ്ട അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും എല്ലാം കർശനമായി പാലിച്ചുകൊണ്ട്അ ത്യാധുനിക ഡിജിറ്റൽ ഡയഗ്നോസ്റ്റിക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മിസൈലിൻ്റെ സ്ഫോടന സംവിധാനം സംഘം തിരിച്ചറിഞ്ഞു. തുടർന്ന് അതിനെ കപ്പലിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഇന്ധനത്തിൽ നിന്നും പൂർണ്ണമായി വേർപെടുത്തുകയും നിർവീര്യമാക്കുകയും ചെയ്തു.

ഇതിനുശേഷം അതീവ ജാഗ്രതയോടെ അതിൻ്റെ അനുബന്ധ അവശിഷ്ടങ്ങളും ഇന്ധനടാങ്കിൽ നിന്ന് വിജയകരമായി പുറത്തെടുത്തു. ഇത്തരത്തിൽ വീണ്ടെടുത്ത മാരക ശേഷിയുള്ള മിസൈൽ അവശിഷ്ടങ്ങൾ കൂടുതൽ വിശദമായ ശാസ്ത്രീയ പരിശോധനകൾക്കായി നാവികസേനയുടെ കൊച്ചിയിലെ അതീവ സുരക്ഷിതമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ വച്ച് മിസൈലിൻ്റെ ഉറവിടത്തെക്കുറിച്ചും സാങ്കേതികതയെക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടക്കും.

ഏറ്റവും ഉയർന്ന അപകടസാധ്യത നിലനിന്നിരുന്ന ഈ സൈനിക ദൗത്യം വൻ വിജയമായി പൂർത്തിയാക്കിയതിലൂടെ ഇന്ത്യൻ നാവികസേനയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക മികവും, അത്യാധുനിക സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അസാധാരണമായ വൈദഗ്ധ്യവും, വിവിധ അന്താരാഷ്ട്ര ഏജൻസികളെ ഏകോപിപ്പിച്ചു പ്രവർത്തിക്കാനുള്ള നയതന്ത്ര ശേഷിയും ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടിരിക്കയാണന്ന് പ്രതിരോധ സേനാ വാക്താവ് പറഞ്ഞു.

കപ്പലിൻ്റെ ഉടമസ്ഥതയോ അല്ലെങ്കിൽ അതിലെ ജീവനക്കാരുടെ ദേശീയതയോ നോക്കാതെ, അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തിലും മുൻപന്തിയിൽ സഹായത്തിനെത്തുന്ന ഇന്ത്യൻ നാവികസേന ലോകത്തിനു തന്നെ മാത്രികയാണ്. ആഗോള സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും വിശ്വസ്തരും മുൻഗണനയുള്ളതുമായ ഒരു സുരക്ഷാ പങ്കാളിയാണെന്നും ഈ ദൗത്യത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ നാവികസേന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News