Enter your Email Address to subscribe to our newsletters

Wayanad , 12 ജൂണ് (H.S.)
പതിനഞ്ചാം തീയതി മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര പദ്ധതി ആരംഭിക്കാനിരിക്കെ ഡ്രൈവർമാരില്ലാതെ പ്രതിസന്ധിയിലാണ് വയനാട്ടിലെ കൽപ്പറ്റ ഡിപ്പോ. ഡ്രൈവർമാരുടെ കുറവുമൂലം ഇപ്പോൾ തന്നെ പല ഷെഡ്യൂളുകളും മുടങ്ങിയിരിക്കുകയാണ്. താൽക്കാലിക നിയമനം എങ്കിലും നടത്തണമെന്നാണ് ആവശ്യം.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കൽപ്പറ്റ ഡിപ്പോയിൽ 46 ഷെഡ്യൂളുകളാണ് പ്രതിദിനം ഉള്ളത്. ഇത്രയും ഷെഡ്യൂളുകളും വാൻ ഡ്യൂട്ടിയും അടക്കമുള്ളവയും നടത്താൻ 128 ഡ്രൈവർമാരെയാണ് കൽപ്പറ്റയിൽ ആവശ്യമുള്ളത്. എന്നാൽ നിലവിൽ 111 ഡ്രൈവർമാർ മാത്രമാണുള്ളത്. ഇതിൽ 93 സ്ഥിരം ജീവനക്കാരും 18 പേർ താൽക്കാലിക ഡ്രൈവർമാരുമാണ്.
18 താൽക്കാലിക ഡ്രൈവർമാരെ എല്ലാ ദിവസവും ജോലിക്ക് ലഭ്യമാവുകയുമില്ല. തുച്ഛമായ വരുമാനമാണ് താൽക്കാലിക ജീവനക്കാർക്ക് ലഭിക്കുന്നത്. ഒരു ദിവസം ജോലി ചെയ്താൽ 715 രൂപയാണ് കൂലി. മറ്റ് ആനുകൂല്യങ്ങൾ ഇവർക്കില്ല. സ്ഥലംമാറ്റം, വിരമിക്കൽ, മെഡിക്കൽ ലീവ്, ലൈറ്റ് ഡ്യൂട്ടി എന്നിവ കാരണമാണ് ഡ്രൈവർമാരുടെ കുറവ് വന്നതെന്നാണ് ഡിപ്പോയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പറയുന്നത്.
നിലവിലുള്ള ഡ്രൈവർമാർ ഓവർ ഡ്യൂട്ടി ചെയ്താണ് ട്രിപ്പ് മുടക്കാതിരിക്കുന്നത്. സാധാരണ കെഎസ്ആർടിസിയിൽ ആറുമാസം കൂടുമ്പോൾ ഷെഡ്യൂൾ ഓപ്ഷൻ ഉണ്ടാകും. എന്നാൽ ഡ്രൈവർമാരുടെ കുറവുമൂലം കൽപ്പറ്റ ഡിപ്പോയിൽ കഴിഞ്ഞ നവംബറിന് ശേഷം ഷെഡ്യൂൾ ഓപ്ഷൻ നടന്നിട്ടില്ല. ദീർഘദൂര സർവീസുകൾക്ക് പുറമേ ഒട്ടേറെ സർവീസുകളും നടത്തുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്രയം ഈ സർവീസ് ആണ്. പ്രതിസന്ധി പരിഹരിക്കാൻ ഡ്രൈവർമാരെ ഉടൻ നിയമിക്കണമെന്നാണ് ആവശ്യം.
സൗജന്യ യാത്ര ആദ്യഘട്ടം ജൂൺ 15 മുതൽ
പദ്ധതിയുടെ ആദ്യ ഘട്ടമായി, 2026 ജൂൺ 15 മുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര ലഭ്യമാകും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല. പ്രത്യേക രേഖകളോ മുൻകൂർ രജിസ്ട്രേഷനോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ETM) വഴി പൂജ്യം മൂല്യമുള്ള 'പ്രിയദർശിനി' ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഈ ടിക്കറ്റ് സംവിധാനത്തിലൂടെ ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ കണക്കെടുപ്പ് സാധ്യമാവുകയും ചെയ്യും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR