സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.
Thiruvananthapuram , 12 ജൂണ് (H.S.) സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി ഒഴികെ മറ്റെല്ലാ പ്രധാന സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിലവിലെ ഇൻ്റലിജൻസ് മേധാവി പി.വിജയന
Kerala Police Head Quarters


Thiruvananthapuram , 12 ജൂണ് (H.S.)

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി ഒഴികെ മറ്റെല്ലാ പ്രധാന സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിലവിലെ ഇൻ്റലിജൻസ് മേധാവി പി.വിജയനെ നിയമിച്ചു.

സൈബർ ഓപ്പറേഷൻസ് വിഭാഗത്തിൻ്റെ പൂർണമായ അധിക ചുമതലയും പി.വിജയന് നൽകിയിട്ടുണ്ട്. നിലവിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എച്ച്.വെങ്കിടേഷിനെ ആ സ്ഥാനത്ത് നിന്ന് മാറ്റി. ക്രൈംബ്രാഞ്ചിൽ അഡീഷനൽ ചുമതലയിലുണ്ടായിരുന്ന അദ്ദേഹത്തിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ ചുമതല നൽകി.

പി.വിജയൻ ഒഴിയുന്ന ഇൻ്റലിജൻസ് മേധാവി സ്ഥാനത്തേക്ക് ദിനേന്ദ്ര കശ്യപിനെയാണ് സർക്കാർ നിയമിച്ചത്. നിലവിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ്.ശ്രീജിത്തിനെ ജയിൽ മേധാവിയായി നിയമിച്ചു. നിലവിലെ ജയിൽ മേധാവിയായ ബൽറാം കുമാർ ഉപാധ്യായയെ ബറ്റാലിയൻ എഡിജിപിയായും മാറ്റി നിയമിച്ചിട്ടുണ്ട്.

ഐജി, ഡിഐജി തലപ്പത്തെ മാറ്റങ്ങൾ

ഐജി, ഡിഐജി തലപ്പത്തും സുപ്രധാന മാറ്റങ്ങളുണ്ട്. ട്രാഫിക് റോഡ് സേഫ്റ്റി ഐജി തസ്തികയിലുണ്ടായിരുന്ന ഹർഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. ഇൻ്റലിജൻസ് ഐജി സ്ഥാനത്ത് നിന്ന് എസ്.ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തെ ഐജി സ്ഥാനത്ത് നിന്ന് ആർ.നിശാന്തിനിയെ ഇൻ്റലിജൻസ് ഐജിയായും നിയമിച്ചു.

എറണാകുളം റേഞ്ച് ഡിഐജി തസ്തികയിലുണ്ടായിരുന്ന ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് കെ.കാർത്തിക്കിനെ തൃശൂർ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റി. കണ്ണൂർ റേഞ്ച് ഡിഐജി സ്ഥാനത്ത് നിന്ന് ജി.എച്ച്. യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായും, തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന ടി.നാരായണനെ കണ്ണൂർ റേഞ്ച് ഡിഐജിയായും മാറ്റി നിയമിച്ചു.

സിറ്റി കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ

സിറ്റി കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ ചുമതലകളിലും വലിയ അഴിച്ചുപണിയാണ് നടന്നത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്ത് നിന്ന് എ.പി.ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്ന് മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി മാറ്റി.

ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് കെ.എം.സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചപ്പോൾ, ഡോ. എ.നസീമിന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി പുതിയ ചുമതല നൽകി. കൊല്ലം റൂറൽ എസ്പി തസ്തികയിലുണ്ടായിരുന്ന ടി.കെ.വിഷ്ണു പ്രദീപിനെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഷാജി സുഗുണനെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായും, ബി.കെ.പ്രശാന്തൻ കാണിയെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.

എ.അബ്ദുൽ റഷീദിന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി പുതിയ ചുമതല നൽകി. എസ്. ദേവ മനോഹറിനെ വയനാട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കണ്ണൂർ സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്ന് പി.നിതിൻരാജിനെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി. കാസർകോട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ബി.വി. വിജയ ഭരത് റെഡ്ഡിയെ കണ്ണൂർ സിറ്റി കമ്മിഷണറായി നിയമിച്ചു. ഉമേഷ് ഗോയലിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും, റെയിൽവേ എസ്പി തസ്തികയിലുണ്ടായിരുന്ന മുഹമ്മദ് നദീമുദ്ദീനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.

മറ്റ് പ്രധാന മാറ്റങ്ങൾ

തൃശൂർ റൂറൽ എസ്പി സ്ഥാനത്ത് നിന്ന് ബി. കൃഷ്ണകുമാറിനെ (സീനിയർ) റെയിൽവേ എസ്പിയായി മാറ്റി നിയമിച്ചു. കണ്ണൂർ റൂറൽ എസ്പി സ്ഥാനത്ത് നിന്ന് അനുജ് പാലിവാളിനെ പൊലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു. കോഴിക്കോട് റൂറൽ എസ്പി സ്ഥാനത്ത് നിന്ന് ടി.ഫറാഷിനെ എറണാകുളം കോസ്റ്റൽ പൊലീസ് എഐജിയായി നിയമിച്ചു. ആലപ്പുഴ എസ്പി സ്ഥാനത്ത് നിന്ന് എം.പി.മോഹനചന്ദ്രൻ നായരെ കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഒന്ന് എസ്പിയായി സി.എസ്. ഷാഹുൽ ഹമീദിന് പുതിയ ചുമതല നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News