Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 ജൂണ് (H.S.)
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴയുടെ തീവ്രത കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഇന്നലെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കൂമ്പാര മേഘങ്ങൾ വടക്കോട്ട്
പെട്ടെന്ന് അതിശക്തമായ മഴയ്ക്ക് കാരണമാകുന്ന ക്യുമുലോനിംബസ് (കൂമ്പാര മേഘങ്ങൾ) മേഘങ്ങളുടെ സാന്നിധ്യം കേരളത്തിന് മുകളിൽ കൂടുതലായി കാണുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ പെയ്യുന്ന സാഹചര്യമാണ് ഈ മേഘങ്ങൾ സൃഷ്ടിക്കുന്നത്.
വരും മണിക്കൂറുകളിൽ ഈ മഴമേഘങ്ങൾ വടക്കൻ കേരളത്തിലേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. നാളെയോടെ നിലവിലെ മഴയുടെ ശക്തി കുറഞ്ഞേക്കും. നാളെ വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ അടുത്ത ആഴ്ച അവസാനത്തോടെ, അതായത് 19, 20 തീയതികളോടെ സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു.
എൽനിനോ പ്രതിഭാസം
ഈ വർഷം എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ പ്രവചനാതീതമായ രീതിയിൽ അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യങ്ങൾ ഈ സീസണിൽ ഉണ്ടായേക്കാം. തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാകണം.
ജാഗ്രതാ നിർദേശങ്ങൾ
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം. ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ ആയ ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല.
നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുതെന്നും കർശന നിർദേശമുണ്ട്. വിനോദസഞ്ചാരികൾ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. അതിരാവിലെ ജോലിക്ക് ഇറങ്ങുന്ന പത്രവിതരണക്കാർ, പാൽ വിതരണക്കാർ, കർഷകർ എന്നിവർ വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങുമ്പോൾ വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കെഎസ്ഇബിയുടെ 1912 എന്ന നമ്പറിൽ വിവരം അറിയിക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. സഹായങ്ങൾക്കായി 1077 എന്ന ടോൾ ഫ്രീ നമ്പറിലോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR