Enter your Email Address to subscribe to our newsletters

Shoranur , 12 ജൂണ് (H.S.)
പതിറ്റാണ്ടുകളായി സിപിഎം തുടർച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്ന ഷൊർണൂർ നഗരസഭയിൽ സ്വന്തം പാർട്ടിയുടെ ഓഫീസുകൾക്കെതിരെ ജപ്തി നടപടിയുമായി നഗരസഭാ അധികൃതർ. മൂന്ന് വർഷത്തിലധികമായി നികുതി അടയ്ക്കാത്തതിനെ തുടർന്നാണ് നഗരസഭയുടെ ഈ അപ്രതീക്ഷിത നീക്കം. സിപിഎമ്മിൻ്റെ പ്രധാന കമ്മിറ്റി ഓഫീസുകളായ കുളപ്പുള്ളി ലോക്കൽ കമ്മിറ്റി ഓഫീസ്, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് എന്നിവയ്ക്കെതിരെയാണ് നഗരസഭ ഇപ്പോൾ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം നികുതി പിരിവിൽ നൂറു ശതമാനം ലക്ഷ്യം കൈവരിച്ച് ഒന്നാം സ്ഥാനം നേടിയ നഗരസഭയാണ് ഷൊർണൂർ. എന്നാൽ നഗരസഭയുടെ പരിധിയിൽ പൂർണ്ണമായും നികുതി ഈടാക്കാൻ സാധിക്കാതെ പോയതിന് പിന്നിൽ സ്വന്തം പാർട്ടിയുടെ ഓഫീസുകളുടെ കുടിശ്ശികയും ഒരു കാരണമായിരുന്നു എന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ലക്ഷത്തിനടുത്ത് കുടിശ്ശിക; മുൻ മന്ത്രിയുടെ പേരിലും കെട്ടിടം
നഗരസഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം കുളപ്പുള്ളി ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ നികുതി കുടിശ്ശിക മാത്രം മുക്കാൽ ലക്ഷത്തോളം രൂപ വരും. ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ കുടിശ്ശിക കാൽലക്ഷത്തോളമാണ്. ഇതിൽ ഷൊർണൂർ പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം മുൻ മന്ത്രി ടി ശിവദാസമേനോൻ്റെ പേരിലാണ് രേഖകളിലുള്ളത്. പാർട്ടി കീഴ്വഴക്കമനുസരിച്ച് കെട്ടിടം വാങ്ങുന്ന സമയത്ത് ജില്ലാ സെക്രട്ടറിയായിരുന്ന ആളുടെ പേരിലാണ് സാധാരണയായി ഇത്തരം സ്വത്തുക്കൾ നിലനിർത്താറുള്ളത്.
അതേസമയം, കുളപ്പുള്ളിയിലെ പാർട്ടി ഓഫീസ് കെട്ടിടം ഇതുവരെ ഒരു വ്യക്തിയുടെ പേരിൽ നിന്ന് പാർട്ടി നേതൃത്വത്തിന്റെ പേരിലേക്ക് ഔദ്യോഗികമായി മാറ്റിയിട്ടില്ല. ഈ കെട്ടിടത്തിന്റെ വിലയുടെ 90 ശതമാനം തുകയും ഉടമയ്ക്ക് നൽകിക്കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ ചോർച്ചയും മറ്റ് അറ്റകുറ്റപ്പണികളും ഉള്ളതിനാൽ ബാക്കി തുക നൽകുന്നത് തടഞ്ഞു വച്ചിരിക്കുകയാണെന്നുമാണ് പാർട്ടി നേതാക്കൾ നൽകുന്ന വിശദീകരണം.
നോട്ടീസ് ലഭിച്ചത് 40 പേർക്ക്; ഫണ്ട് വരുമ്പോൾ അടയ്ക്കുമെന്ന് പാർട്ടി
നികുതി കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ രണ്ട് പാർട്ടി ഓഫീസുകൾ ഉൾപ്പെടെ ആകെ 40 പേർക്കാണ് റവന്യൂ റിക്കവറി നോട്ടീസ് നൽകിയിരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി പി എസ് രാജേഷ് വ്യക്തമാക്കി. പാർട്ടി ഭരിക്കുന്ന നഗരസഭയിൽ യാതൊരു വിവേചനവുമില്ലാതെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
സംഭവം വിവാദമായതോടെ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. നഗരസഭയ്ക്ക് നൽകാനുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ബോധ്യമുണ്ടെന്നും നഗരസഭയുടെ മുഴുവൻ നികുതി ബാധ്യതകളും തീർക്കുമെന്നും സിപിഎം നേതാക്കൾ ഔദ്യോഗികമായി അറിയിച്ചു. എന്തായാലും ഭരണകക്ഷിയുടെ ഓഫീസുകൾക്കെതിരെ നഗരസഭ നോട്ടീസ് അയച്ചത് നിലവിൽ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR