Enter your Email Address to subscribe to our newsletters

Kottayam , 12 ജൂണ് (H.S.)
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിൻ്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ചതിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേവസ്വം മുൻ മന്ത്രി വി എൻ വാസവൻ.
സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിൻ്റെ സ്പെഷ്യൽ പ്ലീഡർ ആക്കി നിയമിച്ച സർക്കാർ നടപടി ദുരൂഹമെന്ന് വി എൻ വാസവൻ ചൂണ്ടിക്കാട്ടി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമനം ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണെന്ന് വി എൻ വാസവൻ പറഞ്ഞു.
ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് കെ ബി പ്രദീപിൻ്റെ നിയമനം. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിൽ വിശദീകരണം നൽകാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിൻ്റെ നിയമനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളാണ് പങ്കജ ഭണ്ഡാരി, ഗോവർധൻ തുടങ്ങിയവർ. ഇവർക്കുവേണ്ടി കോടതിയിൽ വാദിക്കാനെത്തിയ പ്രമുഖ വക്കീൽ ആയിരുന്നു പ്രദീപ്. അദ്ദേഹത്തിൻ്റെ വാദങ്ങളിലും ചർച്ചകളിലും ഏറ്റവും ഉയർന്നുകേട്ടിരുന്ന കാര്യമായിരുന്നു ചെമ്പ് പൂശിയിരുന്ന ലോഹങ്ങളിൽ വീണ്ടും സ്വർണം പൂശുന്ന കമ്പനി അല്ല സ്മാർട്ട് ക്രിയേഷൻ എന്നത്.
അത്തരത്തിലുള്ള ഒരു വ്യക്തിയെയാണ് ഗവണ്മെൻ്റ് പ്ലീഡറായി മാറ്റിയിരിക്കുന്നത്. ഇതിനർത്ഥം ഈ കേസ് അട്ടിമറിക്കുന്നതിന് യൂ ഡി എഫ് സർക്കാർ ശ്രമിക്കുന്നുവെന്നാണെന്നും വി എൻ വാസവൻ ആരോപിച്ചു.
ചാർജ് ഷീറ്റ് തയാറാക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരത്തിൽ പ്രതികളായവർക്കുവേണ്ടി വാദിച്ച ഒരു വക്കീൽ ഗവൺമെന്റ് പ്ലീഡറാകുന്നത് കേസിന്റെ സത്യാവസ്ഥയെ അട്ടിമറിക്കുന്നതിന് പ്രതികൾക്ക് അവസരം നൽകുന്നതുപോലെയാകും. ഇത് വളരെയധികം പ്രതിഷേധാന്മകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇസഡ് കാറ്റഗറി സംരക്ഷണമുള്ള സോണിയ ഗാന്ധിയുടെ വീട്ടിൽ ഈ സ്വർണ്ണ കള്ളന്മാർ എങ്ങനെ എത്തിയെന്നും വാസവൻ ചോദിച്ചു. അടൂർ പ്രകാശിൻ്റെയും ആൻ്റൊ ആൻ്റണിയുടെയും സാനിധ്യത്തിൽ സോണിയ ഗാന്ധിയുടെ കയ്യിൽ കാപ്പ് കെട്ടുന്ന വ്യതികളെ നമ്മൾ കണ്ടതാണ്. അതിനുശേഷം ഉപഹാരം കൈമാറുന്നതും കണ്ടു. ഇത്തരത്തിൽ ശബരിമല സ്വർണ്ണക്കൊള്ളയിൽ വിശദമായ അന്വേഷണം നടന്നാൽ അത് യൂഡിഎഫിന് പ്രതികൂലമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR