Enter your Email Address to subscribe to our newsletters

Ernakulam , 12 ജൂണ് (H.S.)
മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകളും ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിൻ്റെ ഉടമയുമായ വീണ വിജയന് വീണ്ടും സമൻസ് അയച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് കേന്ദ്ര ഏജൻസിയുടെ പുതിയ നടപടി.
വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പുതിയ സമൻസിൽ ആവശ്യപ്പെടുന്നത്. അന്ന് രാവിലെ 10.30ന് കൊച്ചിയിലെ സോണൽ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നാണ് അന്വേഷണ സംഘം നൽകിയിരിക്കുന്ന കർശന നിർദേശം.
ഇന്ന് രാവിലെ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒൻപതാം തീയതി നോട്ടിസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി നൽകണമെന്ന് വീണ വിജയൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും തൻ്റെ അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും വീണ ഇ.ഡിക്ക് നൽകിയ അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും സമൻസ് നൽകിയത്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൃത്യമായ വൈദ്യപരിശോധന രേഖകൾ സഹിതം സമർപ്പിച്ചാൽ ഇ.ഡി അത് പരിഗണിക്കാറുണ്ട്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നൽകുന്ന സമൻസിൽ കക്ഷികളെ നേരിട്ട് ഹാജരാകുന്നതിൽ നിന്നും പൂർണമായി ഒഴിവാക്കാറില്ല എന്നതാണ് ചട്ടം.
വീണ വിജയൻ ഉൾപ്പെടെ ആകെ ഒൻപതു പേർക്കാണ് ഇ.ഡി ഒൻപതാം തീയതി നോട്ടിസ് അയച്ചത്. വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൻ്റെ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയോടും കൊച്ചി ഓഫിസിൽ ഹാജരാകാൻ ഇ.ഡി നിർദേശം നൽകിയിട്ടുണ്ട്.
പരമാവധി തെളിവുകൾ ശേഖരിച്ച് ഇ.ഡി
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ലഭ്യമായ പരമാവധി തെളിവുകളും രേഖകളും ശേഖരിച്ച ശേഷമാണ് ഇ.ഡി ഇപ്പോൾ ആരോപണവിധേയരെ നേരിട്ട് ചോദ്യം ചെയ്യുന്നതിലേക്ക് കടക്കുന്നത്. മാസപ്പടി ആരോപണം ഉയർന്നത് മുതൽ വിവിധ ഏജൻസികൾ അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടത്തുന്ന ഈ നീക്കം കേസിൽ വളരെ നിർണായകമാണ്.
എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കമ്പനികൾ തമ്മിലുള്ള കരാറുകൾ എന്നിവയെല്ലാം ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ ശേഖരിച്ച മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇ.ഡി ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടം
കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയുമാണ് കേന്ദ്ര ഏജൻസി നീങ്ങുന്നത്. ഇ.ഡി ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നേരിട്ടെത്തിയിരുന്നു. കൊച്ചിയിലെത്തിയ ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥരുമായി മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ചയും കേസ് ഡയറി പരിശോധനയും നടത്തി.
ലഭ്യമായ തെളിവുകൾ നിയമപരമായി എത്രത്തോളം ശക്തമാണെന്ന് വിലയിരുത്തിയ ശേഷമാണ്, ഉന്നത ഉദ്യോഗസ്ഥരുടെ പൂർണ അനുമതിയോടെ സമൻസ് അയക്കാൻ ഇ.ഡി തീരുമാനിച്ചത്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കേസ് ആയതിനാൽ പൂർണമായ തെളിവുകളുടെ ബലത്തിലാണ് ഇ.ഡി നടപടികളിലേക്ക് കടന്നിരിക്കുന്നത്.
സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് എക്സാലോജിക് കമ്പനിക്കും വീണ വിജയനും നൽകാത്ത സേവനങ്ങൾക്ക് പണം നൽകിയെന്ന ആദായനികുതി തർക്ക പരിഹാര ബോർഡിൻ്റെ കണ്ടെത്തലാണ് മാസപ്പടി വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് ഇ.ഡിയും എസ്എഫ്ഐഒയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്.
വരുന്ന ബുധനാഴ്ച വീണ വിജയൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുമോ, അതോ സമൻസിനെതിരെ കോടതിയെ സമീപിക്കുമോയെന്നതും വരും ദിവസങ്ങളിൽ വ്യക്തമാകേണ്ടിയിരിക്കുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട് ഉൾപ്പെടെ ഇ.ഡി റെയ്ഡ് നടത്തിയത് വലിയ പ്രതിഷേധത്തിനും, ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾക്കും ഇടയാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR