Enter your Email Address to subscribe to our newsletters

Idukki , 12 ജൂണ് (H.S.)
ചിന്നക്കനാലിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വീണ്ടുമൊരു വിലപ്പെട്ട ജീവൻ കൂടി പൊലിയുമ്പോൾ, അധികൃതർ നടത്തുന്ന സർവകക്ഷി യോഗങ്ങൾ വെറും ഒത്തീർപ്പ് പ്രഹസനങ്ങളായി മാറുന്നുവെന്ന് പരസ്യമായി വിളിച്ച് പറഞ്ഞ് നാട്ടുകാർ രംഗത്ത്.
ഒന്നിന് പുറകെ ഒന്നായി മനുഷ്യജീവനുകൾ ആനക്കലിയിൽ ഒടുങ്ങുമ്പോഴും, മരിച്ചവരുടെ ആശ്രിതർക്ക് കുറച്ച് ധനസഹായം പ്രഖ്യാപിച്ച് കൈകഴുകുന്നതല്ലാതെ ഈ കൊടും ക്രൂരതയ്ക്ക് ശാശ്വത പരിഹാരം കാണാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്നാണ് ഇടുക്കിയിലെ മലയോര ജനത ആരോപിക്കുന്നത്.
ആവർത്തിക്കുന്ന ദുരന്തങ്ങൾ
അവസാനിക്കാത്ത ഉദ്യോഗസ്ഥ നാടകങ്ങൾ ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ ചിന്നക്കനാലിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിന് ഇരയായി പൊലിഞ്ഞത് 47 മനുഷ്യജീവനുകളാണ് ഇതിൽ ഏറ്റവും ഭീതിജനകമായ കാര്യം, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം വന്യജീവി സംഘർഷത്തിൽ കൊല്ലപ്പെട്ടത് 11 പേരാണ് എന്നതാണ്. ഇവിടുത്തെ വന്യജീവി ആക്രമണം എത്രത്തോളം രൂക്ഷമായിരിക്കുന്നു എന്നതിൻ്റെ കൃത്യമായ തെളിവാണ് ഈ സംഖ്യ. ഇതിൽ ഒടുവിലത്തെ ഇരയാണ് ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശിനിയായ മാരി. ഓരോ മരണവും സംഭവിക്കുമ്പോൾ പ്രദേശം വൻ പ്രതിഷേധങ്ങളാൽ ഇളകിമറിയും. പിന്നാലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ധൃതിപിടിച്ച് ഒരു സർവകക്ഷി യോഗം വിളിക്കുക എന്നത് ഒരു സ്ഥിരം ചടങ്ങായി മാറിയിരിക്കുകയാണ്.
നാടകീയമായ യോഗങ്ങൾ: യോഗങ്ങളിൽ തുടക്കത്തിൽ നാട്ടുകാരുടെ കടുത്ത രോഷപ്രകടനവും അതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ വൻ വാഗ്ദാനങ്ങളും അരങ്ങേറും.
ധനസഹായത്തോടെ മടക്കം: ഒടുവിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുന്നതോടെ യോഗം അവസാനിക്കും; ഒപ്പം താൽക്കാലികമായി പ്രതിഷേധങ്ങളും തണുക്കും.
നടപടികളില്ലാത്ത 8 യോഗങ്ങൾ:
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇത്തരത്തിൽ എട്ട് സർവകക്ഷി യോഗങ്ങളാണ് ഇവിടെ ചേർന്നത്. പക്ഷേ, നിർഭാഗ്യവശാൽ ഒരു യോഗത്തിൽ പോലും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള ഒരൊറ്റ പ്രായോഗിക നടപടിയും ഉണ്ടായിട്ടില്ല.
17 കാട്ടാനകളുടെ തടവറയിൽ ഒരു ജനത
ചിന്നക്കനാലിലെ വളരെ ചുരുങ്ങിയ പ്രദേശത്തിനുള്ളിൽ മാത്രം നിലവിൽ 17 കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും അങ്ങേയറ്റം അക്രമാസക്തരായ വന്യമൃഗങ്ങളാണ്. ഏതു നിമിഷവും തങ്ങളുടെ വീടുകൾ തകർക്കപ്പെടുമെന്നും വഴിനടക്കവെ ആനകൾ ചവിട്ടിമെതിക്കുമെന്നുമുള്ള കടുത്ത ഭീതിയിലാണ് ഓരോ കുടുംബവും ഇവിടെ രാത്രിയും പകലും തള്ളിനീക്കുന്നത്.
തങ്ങളുടെ ജീവനും സ്വത്തിനും ഒരു ഉറപ്പുമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് നാട്ടുകാര് സാക്ഷ്യപ്പെടുത്തുന്നു. ഞങ്ങളുടെ ആശങ്കകൾക്ക് ഇവിടെ ഒരു വിലയുമില്ല അധികൃതരുടെ ഇത്തരം പ്രഹസന നിലപാടുകൾക്കെതിരെ കടുത്ത അമർഷമാണ് നാട്ടുകാർക്കുള്ളത്. നാട്ടുകാരനായ രാജൻ തൻ്റെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെയാണ്:
'ഒരു മരണം നടക്കുമ്പോൾ എവിടുന്നെങ്കിലും കുറച്ച് ആളുകൾ ഓടിയെത്തും അതുകൊണ്ട് എന്ത് ഉപകാരം? എല്ലാരും കൂടി ശവം അടക്കാനുള്ള തീരുമാനം ഉണ്ടാക്കും. ശാശ്വത തീരുമാനമാണ് ആവശ്യം. ഇതിന് മുൻപ് വന്ന വിദഗ്ധ സമിതി മുഴുവൻ മനുഷ്യനെ ഉപദ്രവിച്ചു' അദ്ദേഹം പറഞ്ഞു.
കാട്ടാനകളുടെ ഭീതിയിൽ ഞങ്ങൾ ഓരോ ദിവസവും ജീവൻ കയ്യിൽ പിടിച്ചാണ് കഴിയുന്നത്. ഇവിടെയുള്ള 17 കാട്ടാനകളിൽ പലതും മനുഷ്യരെ കണ്ടാൽ അക്രമിക്കാൻ ഓടിയടുക്കുന്നവയാണ്. ഞങ്ങളുടെ ഈ വറ്റാത്ത ആശങ്കകൾക്കോ ജീവിക്കാനുള്ള അവകാശത്തിനോ യാതൊരു വിലയും കൽപ്പിക്കാൻ ഇവിടുത്തെ സർവകക്ഷി യോഗങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ധനസഹായം പ്രഖ്യാപിക്കുന്നതൊഴിച്ചാൽ, കാട്ടാനകളെ ഇവിടെ നിന്ന് മാറ്റാനോ ഞങ്ങൾക്ക് സുരക്ഷ ഒരുക്കാനോ ഒരു നടപടിയും ഉണ്ടാകുന്നില്ല. വെറും പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന യോഗങ്ങൾ കൊണ്ട് ഞങ്ങൾക്ക് എന്ത് പ്രയോജനമാണുള്ളത്? അദ്ദേഹം ചോദിച്ചു.
വേണ്ടത് യോഗങ്ങളല്ല, ശാശ്വത പരിഹാരം
ആനപ്പേടിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും ജനങ്ങൾക്ക് ഇനി വേണ്ടത് അടിക്കടി കൂടുന്ന യോഗങ്ങളോ പൊള്ളയായ വാഗ്ദാനങ്ങളോ അല്ല മറിച്ച് തങ്ങളുടെ മണ്ണിൽ സമാധാനത്തോടെ ജീവിക്കാൻ തക്കവണ്ണമുള്ള പ്രായോഗികമായ നടപടികളാണ്. ഭരണകൂടം ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കാനാണ് മലയോര ജനതയുടെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR