എയർ ഇന്ത്യ വിമാനാപകടം: അന്വേഷണം അവസാന ഘട്ടത്തിലെന്ന് എ.എ.ഐ.ബി; അഭ്യൂഹങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥന
Ahemmadabad, 12 ജൂണ് (H.S.) അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് സർവീസ് നടത്തുന്നതിനിടെ തകർന്നുവീണ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം അതിന്റെ അവസാന വിശകലന ഘട്ടത്തിലാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. വിമാനാപക
എയർ ഇന്ത്യ വിമാനാപകടം: അന്വേഷണം അവസാന ഘട്ടത്തിലെന്ന് എ.എ.ഐ.ബി; അഭ്യൂഹങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥന


Ahemmadabad, 12 ജൂണ് (H.S.)

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് സർവീസ് നടത്തുന്നതിനിടെ തകർന്നുവീണ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം അതിന്റെ അവസാന വിശകലന ഘട്ടത്തിലാണെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. വിമാനാപകടത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയിലാണ് അന്വേഷണ ഏജൻസി ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതുവരെ അപകടത്തെക്കുറിച്ച് മാധ്യമങ്ങളും പൊതുജനങ്ങളും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഏജൻസി അഭ്യർത്ഥിച്ചു.

വിമാനത്തിന്റെ എൻജിനുകൾ, ബ്ലാക്ക് ബോക്സ് ഡാറ്റ, സാങ്കേതിക വശങ്ങൾ, മെയിന്റനൻസ് റെക്കോർഡുകൾ എന്നിവ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ വ്യോമയാന വിദഗ്ധരുടെയും അന്താരാഷ്ട്ര പ്രതിനിധികളുടെയും സഹായത്തോടെ വിശദമായി പരിശോധിച്ചുവരികയാണ്. ഒരു അപകട അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തുക എന്നതല്ല, മറിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുകയുമാണെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. എയർക്രാഫ്റ്റ് അപകട അന്വേഷണ ചട്ടങ്ങളും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങളും പാലിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

നേരത്തെ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ വിമാനം ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടതായി കണ്ടെത്തിയിരുന്നു. കോക്ക്പിറ്റിലെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് പൊസിഷനിലേക്ക് മാറിയതാണ് ഇതിന് കാരണമായതെന്നായിരുന്നു കണ്ടെത്തൽ. നിലവിൽ എൻജിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൂടുതൽ വ്യക്തമായ സാങ്കേതിക പരിശോധനകളാണ് നടക്കുന്നത്. എല്ലാ വശങ്ങളും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് പൂർണ്ണമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്തിമ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News