Enter your Email Address to subscribe to our newsletters

Alapuzha, 12 ജൂണ് (H.S.)
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും പ്രതികളുടെ അറസ്റ്റ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയില്ല. അതേസമയം, ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് പ്രത്യേക അന്വേഷണ സംഘം (SIT) പൂർത്തിയാക്കി. കോടതി അനുവദിച്ച ചോദ്യം ചെയ്യൽ സമയപരിധി അവസാനിക്കാനിരിക്കെ, നാളെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
എസ്.ഐ.ടി ഓഫീസിൽ വെച്ച് നടന്ന തിരിച്ചറിയൽ പരേഡിൽ പരാതിക്കാരായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എം.എൽ.എ, അജയ് ജുവൽ കുര്യാക്കോസ്, ഒന്നാം സാക്ഷി ജോജിമോൻ ജോസഫ് എന്നിവർ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞു. എന്നാൽ, അക്രമത്തിന് ഇരയായ നേതാക്കളെ മർദിക്കാൻ പ്രതികൾ ഉപയോഗിച്ച ചൂരൽ വടി ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
മർദനത്തിന് ഉപയോഗിച്ചത് പോലീസിന്റെ ഔദ്യോഗിക ലാത്തി ആണെന്നായിരുന്നു പ്രതിഭാഗം മുൻപ് ജാമ്യഹർജിയിൽ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ പ്രതിഭാഗത്തിന്റെ ഈ വാദം പൂർണ്ണമായും കള്ളമാണെന്ന് എ.ഡി. തോമസ് എം.എൽ.എ പ്രതികരിച്ചു. മർദിക്കാൻ ഉപയോഗിച്ച ആയുധത്തെ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് പ്രതികൾ കൃത്യമായ മറുപടി നൽകാതെ ഒളിച്ചുകളി തുടരുകയാണ്. കൂടാതെ, പ്രതിഷേധിച്ചവരെ മർദിച്ചത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിരുന്നെന്ന മൊഴിയാണ് പ്രതികൾ ആവർത്തിക്കുന്നത്.
നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ നാളെ പ്രതികളെ എത്തിച്ചാകും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുക. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പ് സമയത്ത് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഉറപ്പാക്കാൻ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K