Enter your Email Address to subscribe to our newsletters

New delhi, 12 ജൂണ്‍ (H.S.)
രാജ്യസഭ തെരഞ്ഞെടുപ്പിന് എതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ ഹര്‍ജി തളളി സുപ്രീം കോടതി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഇടപ്പെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാമനിര്‍ദേശ പത്രിക തള്ളിയ നടപടിക്കെതിരെ മീനാക്ഷി നടരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തില്‍ മൗനമാണ് ഉണ്ടായതെന്നാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിച്ചത്. പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. ഒരാളുടെ മത്സരിക്കാനുള്ള അവകാശത്തെകൂടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇല്ലാതാക്കിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചില നിയമപരമായ വിഷയങ്ങള്‍ കേസിലുണ്ടെന്നാണ് കോടതി ചൂണ്ടികാണിച്ചത്. സെക്ഷന്‍ 33 ആക്റ്റ് പ്രകാരം ഈ കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വീണ്ടും ഒരു വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നിലവിലെ സാഹചര്യത്തില്‍ മുന്ന് പേര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നും അത്തരം സാഹചര്യത്തില്‍ കോടതി ഇതില്‍ ഇടപ്പെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് നിയമപരമായ അവകാശമാണ് അത് ഒരിക്കലും ഒരു മൗലിക അവകാശമല്ല. അതുകൊണ്ട് തന്നെ സുപ്രീകോടതിയില്‍ നേരിട്ട് ഇത്തരത്തില്‍ ഒരു ഹര്‍ജിയുമായി എത്താന്‍ അവകാശമില്ല. ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് പോകാം. എപ്പോഴെങ്കിലും നാമ നിര്‍ദേശ പത്രിക തള്ളിയ ശേഷം സുപ്രീംകോടതി ഇടപ്പെട്ട് അത് റദ്ദാക്കിയ കേസുണ്ടോ എന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്വിയോട് കോടതി ചോദിച്ചു.
മീനാക്ഷി നടരാജനെതിരെ നിലവില്‍ യാതൊരുവിധ ക്രിമിനല്‍ കേസുകളുമില്ലെന്നും, ഒരു സ്വകാര്യ അന്യായത്തില്‍ കോടതി നോട്ടിസ് അയക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്ത ഒരു വിഷയത്തെ ക്രിമിനല്‍ കേസായി വ്യാഖ്യാനിച്ചത് നിയമവിരുദ്ധമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ഈ വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി നിവേദനം സമര്‍പ്പിച്ചിരുന്നു. വരണാധികാരിയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് ഇന്നലെയാണ് മീനാക്ഷി നടരാജന്‍ സുപ്രീം കോടതിയെ സമീപിച്ചത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S