Enter your Email Address to subscribe to our newsletters

Kolkkatha, 12 ജൂണ്‍ (H.S.)
തെറ്റായ നയങ്ങള്‍ കാരണം തകര്‍ന്ന ബംഗാളിന്റെ വ്യവസായ മേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.
ടാറ്റാ ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരും. കാല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാനത്തെ വ്യാവസായിക സാധ്യതകളെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍ വിവാദത്തെത്തുടര്‍ന്ന് 2008-ല്‍ ഗുജറാത്തിലേക്ക് മാറ്റിയ ടാറ്റ മോട്ടോഴ്സിന്റെ നാനോ കാര്‍ പ്രോജക്ടിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം
പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിലും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ രാഷ്ട്രീയ വളര്‍ച്ചയിലും അതീവ നിര്‍ണായകമായ നന്ദിഗ്രാമിന്റെ വിഷയവും ചര്‍ച്ചയില്‍ ഉന്നയിച്ചു. നന്ദിഗ്രാമില്‍ ഉണ്ടായതുപോലുള്ള വെടിവയ്പ്പോ സംഘര്‍ഷമോ തുടങ്ങിയ അക്രമണ സംഭവങ്ങള്‍ ഇല്ലാതെ തന്നെ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. സംസ്ഥാനത്ത് വ്യവസായവല്‍ക്കരണം നടപ്പാകുന്നതിന് തടസമുണ്ടാകില്ല. ഇതോടൊപ്പം ടാറ്റ ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിംഗൂരിലും നന്ദിഗ്രാമിലും പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ തെറ്റുകള്‍ ആവര്‍ത്തിക്കാതെ തന്റെ സര്‍ക്കാര്‍ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് വ്യവസായവല്‍ക്കരണത്തിന്റെ പേരില്‍ ഭൂമി ബലമായി പിടിച്ചെടുക്കുകയും വെറും 'ഫോട്ടോ സെഷനുകള്‍' മാത്രം നടത്തുകയുമാണ് ചെയ്തതെന്നും ആരോപിച്ചു. പുതിയ ബിജെപി സര്‍ക്കാര്‍ സുതാര്യമായ നയങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'1894 മുതല്‍ നിലവിലുണ്ടായിരുന്ന ഒരു ദേശീയ ഭൂമി ഏറ്റെടുക്കല്‍ നിയമം നിലവിലുണ്ട്. ആ നിയമപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി വാങ്ങുന്നത്. റെയില്‍വേയ്ക്കോ ബിഎസ്എഫിനോ കൈമാറുന്ന ഭൂമി സര്‍ക്കാര്‍ വെറുതെ കൈവശം വച്ചിരിക്കുന്ന ഒന്നല്ല. രാജ്യത്തോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ സ്വമേധയാ ഭൂമി വാഗ്ധാനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭൂമി വാങ്ങുകയാണ്, അതേസമയം ഇന്ത്യാ ഗവണ്‍മെന്റ് ആവശ്യമായ ഫണ്ട് നല്‍കുന്നു.'
'പശ്ചിമ ബംഗാള്‍ നിസ്സംശയമായും വ്യവസായ സൗഹൃദ സംസ്ഥാനമായി മാറും. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കും. സിംഗൂരിലോ നന്ദിഗ്രാമിലോ ഉള്ളതുപോലെ വെടിവയ്പ്പിന്റെ ആവശ്യമില്ല. ആരുടെ മേലും ലാത്തി പ്രയോഗിക്കേണ്ട ആവശ്യമില്ല. നന്ദിഗ്രാമില്‍ കാണുന്ന തരത്തിലുള്ള അക്രമം വ്യവസായവല്‍ക്കരണത്തിന് ആവശ്യമില്ല. നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കലിനെയും വ്യവസായത്തിന്റെ അഭാവത്തെയും ജനങ്ങള്‍ എതിര്‍ക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S