Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 ജൂണ് (H.S.)
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ജോയി എന്ന തൊഴിലാളി മരണപ്പെട്ട സ്ഥലത്തിന് സമീപത്തുനിന്നും കഴിഞ്ഞ 15 വർഷമായി അടിഞ്ഞുകൂടിക്കിടന്ന മണൽ പൂർണ്ണമായും നീക്കം ചെയ്തതായി തിരുവനന്തപുരം നഗരസഭ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രദേശത്തുനിന്നും ആദ്യം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അടങ്ങുന്ന എട്ട് ലോഡ് വേസ്റ്റാണ് മാറ്റിയത്. എന്നാൽ ഇതിന് പിന്നാലെ 156 ടിപ്പർ ലോഡുകളിലായി നീക്കം ചെയ്തത് തോട്ടിൽ അടിഞ്ഞുകൂടിയ മണലാണെന്ന് അധികൃതർ വ്യക്തമാക്കി.
നഗരസഭയുടെ വീഴ്ച മൂലം ഉണ്ടായ മാലിന്യമല്ല ഈ മണലെന്നും, വർഷങ്ങളായി അടിഞ്ഞുകൂടിയത് കാരണമാണ് തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ മീറ്റർ ആഴത്തിൽ വെള്ളം ഒഴുകേണ്ട സ്ഥാനത്ത് മണൽ നിറഞ്ഞ് ഉയരം കൂടിയതിനെ തുടർന്ന് അരമീറ്റർ മാത്രമായി ഒഴുക്ക് ചുരുങ്ങിയിരുന്നു. ഇതാണ് പിന്നീട് വലിയ തോതിൽ വെള്ളപ്പൊക്കത്തിനും ഓവർഫ്ലോയ്ക്കും കാരണമായത്. മണൽ നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഉയർന്ന ചർച്ചകൾക്കൊടുവിൽ ജലസേചന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തുടർനടപടികൾക്ക് തീരുമാനമായത്.
മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, ഇൻലാൻഡ് നാവിഗേഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള തോടുകളുടെ ശുചീകരണത്തിനായി മൂന്ന് മന്ത്രിമാരും മേയറും പങ്കെടുത്ത വിശദമായ യോഗം നടന്നു. സംസ്ഥാന തലസ്ഥാനം എന്ന നിലയിൽ സർക്കാരും കോർപ്പറേഷനും സംയുക്തമായി ഈ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ വകുപ്പും തങ്ങളുടെ പരിധിയിൽ വരുന്ന തോടുകളുടെ സംരക്ഷണം ഏറ്റെടുക്കുന്നതോടെ നഗരത്തിലെ ഒഴുക്ക് സുഗമമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പാർവതി പുത്തനാറിന്റെ തീരങ്ങളിൽ താമസിച്ചിരുന്നവരെ കൃത്യമായ നഷ്ടപരിഹാരം നൽകി മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ആ പ്രദേശങ്ങൾ ഇപ്പോൾ ഇൻലാൻഡ് നാവിഗേഷന്റെ നിരീക്ഷണത്തിലാണെന്നും നഗരസഭ അറിയിച്ചു.
തെരുവ് നായ്ക്കളുടെ സംരക്ഷണത്തിന് തടസ്സമായി നിയമക്കുരുക്ക്
നഗരത്തിലെ തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനായി ഷെൽട്ടറുകൾ ഒരുക്കാൻ താല്പര്യമുള്ളവരിൽ നിന്നും കോർപ്പറേഷൻ എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EoI) ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഇതിനായി എൻ.ജി.ഒകളെ തെരഞ്ഞെടുക്കും. മുൻപ് ചർച്ച നടത്തിയിരുന്ന സംഘടനകൾക്ക് സ്വന്തമായി ഷെൽട്ടറുകൾ ഇല്ലായിരുന്നുവെന്നും, മറ്റൊരു വ്യക്തിയുടെ വസ്തുവിൽ കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് ഷെൽട്ടർ നിർമ്മിച്ചു നൽകുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോർപ്പറേഷൻ ഫണ്ട് ദുരുപയോഗം ചെയ്താൽ ഓഡിറ്റ് ഒബ്ജക്ഷൻ വരാൻ സാധ്യതയുള്ളതിനാലാണ് സ്വന്തമായി ഷെൽട്ടർ ഉള്ളവർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചത്.
കൗൺസിലറുടെ അയോഗ്യതാ വിവാദം
റിമാൻഡിലായ ബി.ജെ.പി കൗൺസിലറുടെ യോഗങ്ങളിലെ സാന്നിധ്യവും അയോഗ്യതാ സാധ്യതയും സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, നിയമത്തിൽ പറയുന്ന രീതിയിലുള്ള നടപടികളാകും ഉണ്ടാവുകയെന്ന് അധികൃതർ മറുപടി നൽകി. കൗൺസിലർമാരുടെ അവധിയും ഹാജരും രേഖപ്പെടുത്തുന്നത് ഉദ്യോഗസ്ഥരാണ്. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തവർ രേഖാമൂലമോ, മെയിൽ വഴിയോ അല്ലെങ്കിൽ മേയറെ നേരിട്ട് ഫോണിൽ വിളിച്ചോ അവധി അറിയിക്കുന്നതാണ് നഗരസഭയിലെ കീഴ്വഴക്കമെന്നും ഇതിൽ യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K