Enter your Email Address to subscribe to our newsletters

Wayanad, 12 ജൂണ്‍ (H.S.)
വയനാട് ഏഴ് പേര്‍ക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല ബാധിച്ചവരുടെ എണ്ണം പതിനാറായി. നിലവില്‍ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പകര്‍ച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ ശക്തമാക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ള കുട്ടികള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കുട്ടികളില്‍ നിന്ന് മറ്റുള്ളവരിലേക്കും, മുതിര്‍ന്നവരിലേക്കും രോഗം പകരുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. പുതിയതായി രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയും വേണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, വ്യക്തി , ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
---------------
Hindusthan Samachar / Sreejith S