ഒമാൻ തീരത്ത് ഇന്ത്യക്കാരായ ജീവനക്കാരുള്ള എംടി ലിയാകി ഫ്രീഡം (MT Liaki Freedom) എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം.
Newdelhi , 13 ജൂണ് (H.S.) ഒമാൻ തീരത്ത് ഇന്ത്യക്കാരായ ജീവനക്കാരുള്ള എംടി ലിയാകി ഫ്രീഡം (MT Liaki Freedom) എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ സമാനമായ നിരവധി സംഭവങ
ATTACKS ON COMMERCIAL VESSELS


Newdelhi , 13 ജൂണ് (H.S.)

ഒമാൻ തീരത്ത് ഇന്ത്യക്കാരായ ജീവനക്കാരുള്ള എംടി ലിയാകി ഫ്രീഡം (MT Liaki Freedom) എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ സമാനമായ നിരവധി സംഭവങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇത് വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൃത്യമായ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.

കപ്പലിലെ ക്യാപ്റ്റനുമായി സംസാരിച്ചതായും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമാൻ തീരത്ത് ലിയാകി ഫ്രീഡം കപ്പലിന് നേരെ രാത്രിയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.

മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലിയാകി ഫ്രീഡം കപ്പലിൻ്റെ ക്യാപ്റ്റനുമായി സംസാരിച്ചുവെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പുറത്തുവന്ന വിവരങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. വെസൽ ട്രാക്കർ ഡോട്ട് കോം നൽകുന്ന വിവരങ്ങൾ അനുസരിച്ച് മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന എണ്ണക്കപ്പലാണ് ലിയാകി ഫ്രീഡം.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഫാക്ട് ചെക്ക് വിഭാഗവും ഈ അവകാശവാദം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജവും അടിസ്ഥാനരഹിതവുമായ അവകാശവാദങ്ങൾക്കും പോസ്റ്റുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം എക്സിലൂടെ അഭ്യർഥിച്ചു. ഒരാഴ്ചയ്ക്കിടെ ഇന്ത്യക്കാരുള്ള കപ്പലിന് നേരെ നടക്കുന്ന നാലാമത്തെ അമേരിക്കൻ ആക്രമണമാണിതെന്നും ഒമാൻ തീരത്ത് ലിയാകി ഫ്രീഡം ആക്രമിക്കപ്പെട്ടുവെന്നും നാല് നാവികർ കൊല്ലപ്പെട്ടുവെന്നും അവകാശപ്പെടുന്ന ഒരു പോസ്റ്റ് ടാഗ് ചെയ്തുകൊണ്ടാണ് മന്ത്രാലയം വ്യാജവാർത്തയാണെന്ന് വ്യക്തമാക്കിയത്.

അമേരിക്കൻ നടപടിയിൽ പ്രതിഷേധം

മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ അടുത്തിടെയായി നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെയും തടസപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ. അതിനിടെ ഗൾഫ് മേഖലയിൽ മൂന്ന് ഇന്ത്യൻ നാവികരുടെ മരണത്തിനിടയാക്കിയ അമേരിക്കൻ നാവികസേനയുടെ ആക്രമണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിക്കാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച പുലർച്ചെ വ്യക്തമാക്കി.

വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം നടപടികൾ ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചുവെന്നും മൂന്ന് ഇന്ത്യൻ നാവികരുടെ മരണത്തിനിടയാക്കിയ ഗൾഫിലെ അമേരിക്കൻ നാവികസേനയുടെ ആക്രമണത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ആവർത്തിച്ചുവെന്നും വിദേശകാര്യ മന്ത്രി എക്സിലെ പോസ്റ്റിൽ വിശദീകരിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം മാരകമായ ആക്രമണങ്ങൾ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാൻ ഉൾക്കടലിൽ വാണിജ്യ എണ്ണക്കപ്പലിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച് ബുധനാഴ്ചയാണ് എംടി സെറ്റെബെല്ലോ എന്ന കപ്പലിന് നേരെ അമേരിക്കൻ സേന വെടിയുതിർത്തത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തി. എന്നാൽ മറ്റ് മൂന്ന് പേർ മരിച്ചതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളിൽ ന്യൂഡൽഹിയുടെ പ്രതിഷേധം അറിയിക്കാൻ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്സിനെ വീണ്ടും വിളിച്ചുവരുത്തിയിരുന്നു. ഈ ആക്രമണങ്ങളിലാണ് അടുത്തിടെ മൂന്ന് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടപ്പെട്ടത്. മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട ഒമാൻ തീരത്തെ വാണിജ്യ കപ്പലായ സെറ്റെബെല്ലോ ഉൾപ്പെടെ ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന കപ്പലുകൾക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News