Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 ജൂണ് (H.S.)
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായതിനെത്തുടർന്ന് കെഎസ്ആർടിസി ജോലിയിൽ നിന്ന് പിരിച്ചുവിട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി ജോലി. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കത്ത് നൽകിയിരുന്നു. അതിനു പിന്നാലെയാണ് യദുവിന് സർക്കാർ താൽക്കാലിക ജോലി നൽകിയത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയങ്ങളിൽ എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭയിലേക്കുള്ള ബസിൻ്റെ ഡ്രൈവറായാണ് ജോലി.
മേയർ ആര്യാ രാജേന്ദ്രൻ്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര് നടന്നത്. തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രൻ്റെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയർക്കും ഭർത്താവിനുമെതിരെ കേസെടുത്തത്.
അതേസമയം തിരുവനന്തപുരത്ത് റോഡിൽ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കിയതിന് കാരണം മുൻ മേയർ ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടാക്കിയതു കൊണ്ടല്ലെന്നും ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതാണു കാരണമെന്നും മുൻ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായി ആറ് മണിക്കൂർ ഇയർഫോൺ വെച്ച് ഫോണിൽ സംസാരിച്ചതിനാണ് നടപടിയെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. അതിൽ യാതൊരു നടപടിയും സർക്കാർ കൈക്കൊണ്ടിരുന്നില്ല. രാഷ്ട്രീയ താൽപര്യം കാരണം തനിക്ക് നീതി നിഷേധിക്കുകയാണെന്ന് യദു ആരോപിച്ചിരുന്നു. യദു ഫോണിൽ സംസാരിച്ച കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെഎസ്ആർടിസി സിഎംഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നത്. എന്നാൽ കെഎസ്ആർടിസിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വച്ച് മുൻ മന്ത്രിയുടെ വാദം തെറ്റാണെന്നായിരുന്നു യദുവിൻ്റെ വാദം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR