Enter your Email Address to subscribe to our newsletters

Kozhikode , 13 ജൂണ് (H.S.)
ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മലബാർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി ടി വിനോദൻ അറസ്റ്റിൽ. പേരാമ്പ്രക്കടുത്ത് കടിയങ്ങാട് നിന്നാണ് ബാലുശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി ചെന്നൈ, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ ആയിരുന്നു എന്ന് ബാലുശ്ശേരി സിഐ ഇ ടിവി ഭാരതിനോട് പറഞ്ഞു.
രണ്ടുദിവസം മുമ്പാണ് വിനോദൻ സ്വന്തം വീടിൻ്റെ പരിസരത്ത് എത്തിയത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും സിഐ പറഞ്ഞു. വഞ്ചന, ക്രിമിനൽ, വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദിനേഷ് കുമാറിന്റെ പരാതിയിലാണ് നടപടി.
ക്ഷേത്രത്തില് കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണമാണ് കാണാതായത്. 2023 ൽ വിനോദന് സ്ഥലം മാറി പോയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പിന്നീട് വന്ന ഓഫീസർമാർക്ക് കൈമാറിയിരുന്നില്ല. 57.37 പവൻ സ്വർണമാണ് വിനോദന് മുൻ ഓഫിസർ കൈമാറിയത്.
ശബരിമലയ്ക്ക് പിന്നാലെയാണ് മലബാര് ദേവസ്വം ബോര്ഡിലെ ക്ഷേത്രത്തിലും സ്വര്ണം കാണാതായെന്ന പരാതി ഉയർന്നത്. ടി ടി വിനോദന് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2016 മുതൽ ഏഴുവർഷത്തെ കാലയളവിൽ കാണിക്കയായി ലഭിച്ച 20 പവനോളം സ്വർണ ഉരുപ്പടികൾ കാണാതായെന്നായിരുന്നു പരാതി. ഈ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയ സമയത്ത് പകരം വന്ന ഉദ്യോഗസ്ഥർക്ക് സ്വർണ ഉരുപ്പടികൾ കൈമാറിയിരുന്നില്ല. തുടർന്ന് ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഇത് സംബന്ധിച്ച റിപ്പോർട്ട് ദേവസം ബോർഡിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് നടത്തിയ പരിശോധനയിൽ സ്വർണ ഉരുപ്പടികളുടെ കുറവ് കണ്ടെത്തുകയായിരുന്നു.
നാല് എക്സിക്യൂട്ടീവ് ഓഫീസര്മാരാണ് കഴിഞ്ഞ മൂന്നു വര്ഷത്തിനുള്ളില് ഇവിടെ മാറിമാറി വന്നത്. ക്ഷേത്രത്തില് എക്സിക്യൂട്ടീവ് ഓഫീസറായി വന്ന സജീവന് സ്വര്ണ ഉരുപ്പടികളുടെ കസ്റ്റോഡിയന് എന്ന നിലയില് നടത്തിയ കണക്കെടുപ്പിലാണ് 20 പവന് സ്വര്ണം നഷ്ടമായതായി കണ്ടെത്തിയത്. ഇതേത്തുടര്ന്ന് അദ്ദേഹം നേരത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദന് നോട്ടീസ് അയച്ചിരുന്നു. എന്നാല്, വിനോദൻ്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ല.
സജീവന് ശേഷമെത്തിയ ഓഫീസര്മാരായ ഹരിദാസനും ദിനേശനും സ്വര്ണം കാണാനില്ലെന്ന് കണ്ടെത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. വര്ഷങ്ങളായി കാണാനില്ലാത്ത സ്വര്ണത്തിൻ്റെ കാര്യം ഇപ്പോള് വിവാദമായതോടെ ഈ മാസം എട്ടിന് സ്വര്ണം തിരിച്ചേല്പ്പിക്കാമെന്ന് വിനോദന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ഗുരുതരമായ പ്രശ്നമുണ്ടായിട്ടും പൊലീസില് പരാതി നല്കാത്തതിനെതിരെ ആക്ഷേപമുയർന്നതോടെയാണ് നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദിനേഷ് കുമാർ പൊലീസിനെ സമീപിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR