അസമിലെ ജോർഹട്ട് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 യാത്രാവിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണുണ്ടായ അപകടത്തില് അഞ്ച് സൈനികര്ക്ക് വീരമൃത്യു.
Dispur , 13 ജൂണ് (H.S.) അസമിലെ ജോർഹട്ട് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 യാത്രാവിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണുണ്ടായ അപകടത്തില് അഞ്ച് സൈനികര്ക്ക് വീരമൃത്യു. ശനിയാഴ്ച രാവിലെ റൗറിയ മേഖലയിലുള്ള വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായതെന്ന് വ്യോമസേനാ
IAF AN32 AIRCRAFT CRASH


Dispur , 13 ജൂണ് (H.S.)

അസമിലെ ജോർഹട്ട് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 യാത്രാവിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണുണ്ടായ അപകടത്തില് അഞ്ച് സൈനികര്ക്ക് വീരമൃത്യു. ശനിയാഴ്ച രാവിലെ റൗറിയ മേഖലയിലുള്ള വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

സ്ക്വാഡ്രൻ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ശുഭം കുമാർ, സാർജൻ്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർ ഖേമാറാം കുമാവത്, അഗ്നിവീർ ഡാനിഷ് ആലം എന്നിവരാണ് വീരമൃത്യു വരിച്ചത്. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിമാനത്തിൻ്റെ സഹ-പൈലറ്റ് ഇപ്പോൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേന തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. വ്യോമസേന ഉദ്യോഗസ്ഥര് മരിച്ച സംഭവത്തില് ഇന്ത്യൻ വ്യോമസേന അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വ്യോമസേന പങ്കുചേരുകയും അവർക്കൊപ്പം ദൃഢമായി നിലകൊള്ളുകയും ചെയ്യുന്നു, എന്ന് വ്യോമസേന കുറിച്ചു.

അസമിലെ തന്ത്രപ്രധാനമായ വ്യോമസേനാ താവളത്തിന് അടുത്താണ് എഎൻ-32 വിമാനം തകർന്നു വീണത്. അരുണാചൽ പ്രദേശിൽ നിന്നും ജോർഹട്ടിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ. അപകടത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും, സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

എയർഫോഴ്സ് സ്റ്റേഷൻ വളപ്പിനുള്ളിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. വിമാനം രണ്ടായി പിളർന്നതായും മുൻഭാഗത്തുനിന്ന് വലിയ തോതിൽ പുക ഉയരുന്നതായും പുറത്തുവന്ന പ്രാഥമിക ദൃശ്യങ്ങളിൽ വ്യക്തമാണ്. തകർന്ന വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്ക് ചുറ്റും വ്യോമസേനാ ഉദ്യോഗസ്ഥർ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനയുടെ നിർണായക താവളമാണ് ജോർഹട്ടിലേത്. അതിനാൽ തന്നെ അതീവ ഗൗരവത്തോടെയാണ് സേന ഈ അപകടത്തെ കാണുന്നത്.

വിവരമറിഞ്ഞയുടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തന സംഘത്തെയും അഗ്നിരക്ഷാ സേനയെയും സ്ഥലത്തേക്ക് വിന്യസിച്ചു. ഇവർ തീയണയ്ക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ജോർഹട്ടിൽ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ഇത് അപകടത്തിന് കാരണമായോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

അപകടത്തിൻ്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണം ആരംഭിച്ചു. വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ളവ കണ്ടെത്തിയാൽ മാത്രമേ അപകടത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകൂ. സ്ഥിതിഗതികൾ പൂർണമായി വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി.

വ്യോമസേനയുടെ കരുത്തായി എ.എൻ-32

ഇന്ത്യൻ വ്യോമസേനയുടെ വർക്ക്ഹോഴ്സ് എന്നറിയപ്പെടുന്ന വിമാനമാണ് ആൻ്റനോവ് എ.എൻ-32. ഇരട്ട എൻജിനുള്ള ഈ ടർബോപ്രോപ് സൈനിക യാത്രാവിമാനം ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങൾക്കായി യുക്രെയ്നിലെ ആൻ്റനോവ് ഡിസൈൻ ബ്യൂറോയാണ് ഇത് രൂപകൽപന ചെയ്തത്. പഴയ എ.എൻ-26 മോഡലിൽ നിന്ന് വികസിപ്പിച്ചെടുത്ത ഈ വിമാനത്തിൻ്റെ ചിറകുകൾക്ക് മുകളിലായി കൂടുതൽ കരുത്തുറ്റ എൻജിനുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. നിലവിൽ ഇത്തരം നൂറോളം വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായുണ്ട്.

കടുത്ത ചൂടുള്ള കാലാവസ്ഥയിലും ഉയർന്ന പ്രദേശങ്ങളിലെ എയർഫീൽഡുകളിലും മികച്ച രീതിയിൽ പ്രവർത്തിക്കാൻ എ.എൻ-32 വിമാനങ്ങൾക്ക് സാധിക്കും. 7.5 ടൺ കാർഗോ, 50 യാത്രക്കാർ അല്ലെങ്കിൽ 42 പാരാട്രൂപ്പർമാർ എന്നിവരെ ഒരേസമയം വഹിക്കാൻ ഇതിന് ശേഷിയുണ്ട്. വിദൂര പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്നത് ഈ വിമാനങ്ങളെയാണ്. അതിർത്തി പ്രദേശങ്ങളിലെ സൈനിക നീക്കങ്ങൾക്കും ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്.

തുടർക്കഥയായി അപകടങ്ങൾഅസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് എസ്യു-30 എം.കെ.ഐ പോർവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ അപകടം നടക്കുന്നത്. മാർച്ച് അഞ്ചിന് ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട ഇരട്ട സീറ്റുള്ള വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. രാത്രി 7.42ഓടെ ഗ്രൗണ്ട് കൺട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ജോർഹട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് ജില്ലയിലെ ഒരു വിദൂര മലയോര മേഖലയിലാണ് വിമാനം തകർന്നുവീണതെന്ന് ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

എ.എൻ-32 വിമാനങ്ങൾ മുൻപും വലിയ അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. 2019 ജൂണിൽ ജോർഹട്ട് വ്യോമസേനാ താവളത്തിൽ നിന്ന് അരുണാചൽപ്രദേശിലെ മെച്ചുകയിലേക്ക് പോയ വിമാനം കാണാതായിരുന്നു. 13 പേരുണ്ടായിരുന്ന വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ അരുണാചൽപ്രദേശിലെ മലയോര മേഖലയിൽ നിന്ന് കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു.

2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് പോർട്ട്ബ്ലെയറിലേക്ക് പോയ മറ്റൊരു എ.എൻ-32 വിമാനം ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ച് കാണാതായിരുന്നു. 29 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ തിരച്ചിലുകളിലൊന്ന് നടത്തിയിട്ടും വിമാനം കണ്ടെത്താനായില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. വർഷങ്ങൾക്ക് ശേഷം 2024ലാണ് ഈ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News