സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
Thiruvananthapuram , 13 ജൂണ് (H.S.) സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന പ്രതിപക്ഷ നേ
K Muralidharan


Thiruvananthapuram , 13 ജൂണ് (H.S.)

സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടത്തിൽ അവധിക്ക് അപേക്ഷിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് സർക്കാരിൻ്റെ കർശന നടപടിയുടെ ഭാഗമായാണെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം പ്ലീഡറായി നിയമിച്ചത് മുഖ്യമന്ത്രി വി ഡി സതീശൻ്റെ നിർദേശപ്രകാരം റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിപയെ വീണുകിട്ടിയ ആയുധംപോലെ പ്രതിപക്ഷം സമീപിക്കുന്നത് ശരിയല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി

പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങളെ തികച്ചും രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. വളരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നു. ആവശ്യമായ എല്ലാ നിർദേശങ്ങളും നൽകിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. സംസ്ഥാനത്തിൻ്റെ മൊത്തം ആരോഗ്യ വിഷയങ്ങൾ വിലയിരുത്തേണ്ടതുണ്ട്. രോഗം ഒരിടത്ത് മാത്രമല്ല സംസ്ഥാനത്ത് എവിടെയും പടരാൻ സാധ്യതയുള്ളതുകൊണ്ടാണ് തിരുവനന്തപുരത്ത് എത്തി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. ഇതിനെയൊക്കെ വിമർശിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്നുകൾക്ക് ക്ഷാമമില്ല

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആവശ്യമായ എല്ലാ മരുന്നുകളും സ്റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ രോഗം മറ്റെവിടേക്കും വ്യാപിച്ചിട്ടില്ല. ഇതുവരെ നടത്തിയ പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവാണ്. നിലവിൽ വെൻ്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട മൂന്നുപേരെ കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിശോധനാഫലവും നെഗറ്റീവാണ്. വെൻ്റിലേറ്ററിലുള്ള ഒരാൾക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംശയമുള്ള എല്ലാ കേസുകളും കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഒരു കേസുപോലും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിപ ചികിത്സയ്ക്കുള്ള മരുന്നുകൾ എത്തിയിട്ടില്ലെന്ന ആരോപണം മന്ത്രി നിഷേധിച്ചു. ആൻ്റി വൈറൽ മരുന്ന് മാത്രമാണ് ഇനി എത്താനുള്ളത്. ചെന്നൈയിൽ സ്റ്റോക്കുണ്ടായിരുന്ന മരുന്നിൻ്റെ കാലാവധി കഴിഞ്ഞതിനാൽ ന്യൂഡൽഹിയിൽ നിന്നുള്ള പുതിയ മരുന്ന് ഇന്ന് വൈകുന്നേരത്തോടെ എത്തിക്കും. ബാക്കി എല്ലാ മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും ഹൈറിസ്ക് വിഭാഗത്തിലുള്ളവരുടെ ഫലം നെഗറ്റീവാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ഡയറക്ടർക്കെതിരെ നടപടി

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി തികച്ചും ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. മൂന്നുവർഷത്തെ അവരുടെ കാലാവധി പൂർത്തിയായതാണ്. കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ഒന്നുകിൽ എക്സ്റ്റൻഷൻ നൽകുകയോ അല്ലെങ്കിൽ തുടർനടപടി സ്വീകരിക്കുകയോ ചെയ്യാമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി നോട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഉദ്യോഗസ്ഥന് ചുമതല നൽകിയത്.

അവധിയെടുക്കുന്നത് ഒരു കുറ്റമല്ലെങ്കിലും സംസ്ഥാനം വലിയൊരു ആരോഗ്യ പ്രതിസന്ധി നേരിടുമ്പോൾ 15 ദിവസത്തെ അവധി ചോദിച്ചത് അംഗീകരിക്കാനാകില്ല. സർക്കാരുമായി ആലോചിക്കാതെ ചില നടപടികൾ അവർ സ്വീകരിച്ചിരുന്നു. സർക്കാരിൻ്റെ സിസ്റ്റത്തോട് സഹകരിക്കാത്തവരോട് അത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും അതിൻ്റെ ഭാഗമായാണ് അവരെ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് മാറ്റിയതെന്നും മന്ത്രി വിശദീകരിച്ചു.

ശബരിമല പ്ലീഡർ വിവാദംശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം ബോർഡിൻ്റെ സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡറായി നിയമിച്ചതിലെ വിവാദങ്ങൾക്കും മന്ത്രി മറുപടി നൽകി. വകുപ്പ് മന്ത്രിയോടോ സർക്കാരിനോടോ ആലോചിക്കാതെ ചുമതലയേൽക്കുന്നതിന് 48 മണിക്കൂർ മുൻപാണ് ഇത്തരം ചില ഉത്തരവുകൾ ഇറങ്ങിയത്. പ്രഗത്ഭനായ ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ കേസുകൾ നന്നായി വാദിക്കുമെന്ന സദുദ്ദേശത്തോടെയാണ് നിയമനം നടത്തിയത്.

എന്നാൽ ഇത് ഭക്തജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. സ്വർണക്കൊള്ള പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷകൾ ഇല്ലാതാക്കുന്നതാണ് ഈ നിയമനമെന്ന് കാണിച്ച് നിരവധി ഫോൺ കോളുകൾ തനിക്ക് ലഭിച്ചു. ഭക്തജനങ്ങളുടെ പരാതി വ്യാപകമായതോടെ മുഖ്യമന്ത്രി വി ഡി സതീശൻ അദ്ദേഹത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.

തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്താൻ യുഡിഎഫ് സർക്കാരിന് യാതൊരു മടിയുമില്ല. ആരുടെയെങ്കിലും തലയിൽ കുറ്റം കെട്ടിവയ്ക്കുന്ന ഏർപ്പാട് ഈ സർക്കാരിനില്ല. എല്ലാ കാര്യങ്ങളും സുതാര്യമായി ജനങ്ങളെ അറിയിക്കും. ആരോഗ്യ വകുപ്പിൽ സർജന്മാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പുറത്തുവരുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തുവർഷം ഭരിച്ച് ജനങ്ങൾ പുറന്തള്ളിയ മുൻ സർക്കാരിൻ്റെ കാലത്തെ വീഴ്ചകൾക്ക് ഈ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News