Enter your Email Address to subscribe to our newsletters

Ernakulam,13 ജൂണ് (H.S.)
ഇ ശ്രീധരൻ്റെ അതിവേഗ റെയിൽ കേരളത്തിന് അനുയോജ്യമല്ലന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതി കേരളത്തിൻ്റെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകില്ലെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി.
കെ റെയിൽ പദ്ധതിക്ക് സമാനമായ ഗേജും വേഗതയും തന്നെയാണ് ശ്രീധരൻ്റെ പദ്ധതിക്കുമുള്ളതെന്നും, ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ടിക്കറ്റ് നിരക്കിനും കേരളത്തിൻ്റെ പരിസ്ഥിതി നാശത്തിനും മാത്രമേ കാരണമാകൂ എന്നും സമിതി വിലയിരുത്തി. ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ ചേർന്ന സമിതിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഈ പ്രഖ്യാപനം.
കേരളത്തിലെ ജനങ്ങളുടെ പ്രധാന യാത്രാ ആവശ്യകത അയൽ സംസ്ഥാനങ്ങളിലേക്കും അടുത്തടുത്ത ടൗണുകളിലേക്കും യാത്ര ചെയ്യുക എന്നതാണ്. കൂടാതെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ചരക്കുനീക്കം ഏറെ പ്രധാനമാണ്. എന്നാൽ ഇ ശ്രീധരൻ്റെ പുതിയ പദ്ധതി നിർദ്ദേശം ഈ ആവശ്യങ്ങളെയൊന്നും തൃപ്തിപ്പെടുത്തുന്നതല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇ ശ്രീധരൻ നിർദ്ദേശിച്ച 135 കിലോമീറ്റർ വേഗതയേക്കാൾ കൂടുതൽ വേഗത ഇന്ത്യൻ റെയിൽവേ നിലവിൽ കൈവരിച്ചുകഴിഞ്ഞിട്ടുണ്ട്. ബ്രോഡ്ഗേജും ചരക്ക് ഗതാഗത സൗകര്യവുമുള്ള പാതകൾക്ക് മാത്രമേ അനുമതി നൽകൂ എന്ന് സിൽവർ ലൈനിൻ്റെ അനുമതിക്കായി കേരള സർക്കാർ സമർപ്പിച്ച പദ്ധതി രേഖയിൽ കേന്ദ്ര റെയിൽവേ മന്ത്രിയും റെയിൽവേ ബോർഡും ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ഇതിന് വിരുദ്ധമായ ഇ. ശ്രീധരൻ്റെ നിർദ്ദേശത്തിന് കേന്ദ്ര അനുമതി ലഭിക്കില്ലെന്ന് വ്യക്തമാണെന്ന് സമിതി നേതാക്കൾ പറഞ്ഞു.
കേരളത്തിൻ്റെ നിലവിലെ സാഹചര്യത്തിൽ ഏറ്റവും പ്രായോഗികം ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ആവിഷ്കരിക്കുകയും, റെയിൽവേയുടെ നിലവിലുള്ള സ്ഥലത്ത് തന്നെ മൂന്നും നാലും പാതകൾ വളവുകൾ നിവർത്തി അതിവേഗ പാതകളായി വികസിപ്പിക്കുകയുമാണ്. ഇതിനായി കേന്ദ്ര ഗവൺമെൻ്റ് തയാറാകണമെന്നും, പ്രായോഗികമായ ഈ പദ്ധതി നിർദ്ദേശത്തിന് സംസ്ഥാന ഗവൺമെൻ്റ് മുൻകൈയ്യെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കാൻ സമിതി തീരുമാനിച്ചു.
സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട് സമിതി പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ പൂർണമായും പിൻവലിക്കുന്നത് വരെ സമരസമിതി പ്രവർത്തനം തുടരും. അതിനുശേഷം കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനത്തിൻ്റെ വികസനത്തിനായി സമിതി നിലകൊള്ളും. സമരസമിതി മുന്നോട്ടുവെച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച വിഡി സതീശൻ ഗവൺമെൻ്റിന് യോഗം നന്ദി രേഖപ്പെടുത്തി.
സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ് ശ്രീ എംപി മത്തായി യോഗം ഉദ്ഘാടനം ചെയ്തു. സമരസമിതി സംസ്ഥാന ചെയർമാൻ എംപി ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി കെ ശൈവപ്രസാദ് വിഷയാവതരണം നടത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR