Enter your Email Address to subscribe to our newsletters

Thiruvananthapuram , 13 ജൂണ് (H.S.)
ഹൈക്കോടതിയിൽ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പുതുതായി നിയമിച്ച സ്പെഷൽ പ്ലീഡർ കെ ബി പ്രദീപിൻ്റെ നിയമനവും രാജിയും സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് കോൺഗ്രസ് ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ ദേവസ്വം മന്ത്രി വി എൻ വാസവൻ ആരോപിച്ചപ്പോൾ, നിയമനത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ഫയലുകൾ ചോർന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുൻ വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെ, മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രിയും കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അപാകതകളുണ്ടെങ്കിൽ പരിശോധിക്കുമെന്നും വൈദ്യുതി മന്ത്രിയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫ് പ്രതികരിച്ചു. വിവാദങ്ങളെത്തുടർന്ന് പ്രദീപ് രാജിവച്ചെങ്കിലും സർക്കാരിനെതിരെയുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് കോൺഗ്രസ് ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് വി എൻ വാസവൻ പ്രധാനമായും ഉന്നയിച്ചത്. സ്വർണം മോഷ്ടിച്ചവരും അത് വാങ്ങിയവരും എങ്ങനെയാണ് അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയതെന്ന് അദ്ദേഹം ചോദിച്ചു. വ്യക്തമായ അടിസ്ഥാനമുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്നും ഇതിനെതിരെ കേരളീയ സമൂഹം വലിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ കേരള മുൻ മുഖ്യമന്ത്രി കെ കരുണാകരന് പോലും ഒരു ഘട്ടത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഈ സുരക്ഷാസംവിധാനങ്ങളെല്ലാം മറികടന്ന്, രണ്ട് എംപിമാരുടെ സാന്നിധ്യത്തിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടവർ എങ്ങനെ അവിടെയെത്തി എന്നത് ദുരൂഹമാണ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വമോ രാഹുൽ ഗാന്ധിയോ ഇതുവരെ യാതൊരു മറുപടിയും നൽകുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസിലെ പ്രധാന പ്രതികൾക്ക് സോണിയ ഗാന്ധിയുടെ വസതിയിൽ സംരക്ഷണം ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഉണ്ണികൃഷ്ണനെപ്പോലുള്ളവർക്ക് കാവലൊരുക്കുന്നതും ഗോവർധൻ പാരിതോഷികങ്ങൾ കൈമാറുന്നതുമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികൾക്ക് കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങളെന്നും ഇതിൽ കോൺഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൂഢാലോചന ആരോപിച്ച് പി രാജീവ്
സ്വർണക്കടത്ത് കേസിനെ പരസ്യമായി ന്യായീകരിക്കുകയും പ്രതിസ്ഥാനത്തുള്ള കമ്പനിക്കുവേണ്ടി ഹാജരാവുകയും ചെയ്ത അഭിഭാഷകനെ ദേവസ്വം സ്പെഷൽ പ്ലീഡറായി നിയമിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും കേവലം ഒരു രാജി കൊണ്ട് ഈ വിഷയം അവസാനിക്കില്ലെന്നും മുൻ മന്ത്രി പി രാജീവ് പറഞ്ഞു. സ്വർണക്കടത്ത് കമ്പനിയുടെ വാദമുഖങ്ങൾ കോടതിയിലും മാധ്യമങ്ങൾക്ക് മുന്നിലും അവതരിപ്പിച്ച ഒരാളെ സുപ്രധാന തസ്തികയിൽ നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു. മുൻ സർക്കാരുകളുടെ കാലത്തൊന്നും ദേവസ്വത്തിന് മാത്രമായി ഒരു സ്പെഷൽ പ്ലീഡർ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമനപ്രക്രിയയിലെ വീഴ്ചകളും ഇതിന് പിന്നിലെ ഉത്തരവാദിത്തവും കൃത്യമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അഡ്വക്കേറ്റ് ജനറൽ ശുപാർശ ചെയ്യുന്ന പേര് നിയമവകുപ്പ് സെക്രട്ടറി പരിശോധിച്ച് നിയമമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറുകയും തുടർന്ന് മന്ത്രിസഭയുടെ അംഗീകാരത്തോടെ നിയമനം നടത്തുകയുമാണ് സ്വാഭാവിക നടപടിക്രമം. ഈ കീഴ്വഴക്കങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ അതോ ആരുടെയെങ്കിലും വ്യക്തിപരമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണോ നിയമനം നടന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി വി ഡി സതീശൻ്റെയും മന്ത്രിസഭയുടെയും അറിവോടെയല്ല ഇതെങ്കിൽ വിഷയം കൂടുതൽ ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിഭാഷകൻ ഔദ്യോഗികമായി ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും അദ്ദേഹത്തിൻ്റെ കൈകളിൽ എത്തിയിട്ടുണ്ടാകും. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പ്രതിസ്ഥാനത്തുള്ള കമ്പനിക്ക് ചോർന്നുകിട്ടിയിട്ടുണ്ടോ എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. ഫയലുകൾ പരിശോധിക്കാൻ വേണ്ട സമയം ലഭിച്ചതിന് ശേഷമുള്ള ഈ രാജി ദുരൂഹമാണ്. ചുമതലയേൽക്കുന്നതിന് മുൻപായിരുന്നെങ്കിൽ ഉത്തരവ് റദ്ദാക്കിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ രാജിവയ്ക്കേണ്ടി വന്നത് ഗൂഢലക്ഷ്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാരിന് വേണമെങ്കിൽ ഒറ്റയടിക്ക് നിയമന ഉത്തരവ് റദ്ദാക്കാമായിരുന്നു. എന്നാൽ അതിന് മുതിരാതെ രാജി എഴുതിവാങ്ങിയത് സംശയങ്ങൾ വർധിപ്പിക്കുന്നു.
അധികാരത്തിലേറി ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സർക്കാരിന് നിരവധി തിരിച്ചടികളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. ബന്ധുനിയമന വിവാദത്തെത്തുടർന്നുള്ള രാജിയും പിഎസ്സി നിയമനങ്ങളിലെ തിരുത്തലുകളും ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും സർക്കാരിൻ്റെ തെറ്റായ പോക്കിനെയാണ് സൂചിപ്പിക്കുന്നത്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടന്ന ഈ നിയമനത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് സമഗ്രവും ഗൗരവതരവുമായ അന്വേഷണം അനിവാര്യമാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
കെ ബി പ്രദീപിൻ്റെ രാജി കൊണ്ട് മാത്രം നിലവിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും സർക്കാർ വക്കീലായി ചുമതലയേറ്റെടുത്തതോടെ കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള എല്ലാ ഫയലുകളും സ്വാഭാവികമായും അദ്ദേഹത്തിൻ്റെ കൈവശം എത്തിയിട്ടുണ്ടാകാമെന്നും പി രാജീവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എസ്ഐടി റിപ്പോർട്ട് ഉൾപ്പെടെയുള്ള സർക്കാർ വക്കീലിന് മാത്രം ലഭ്യമാകുന്ന സുപ്രധാന രേഖകൾ ഈ സന്ദർഭത്തിൽ കക്ഷിയുടെ കൈകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഗവൺമെൻ്റ് വക്കീലിൻ്റെ ചുമതല ഉപയോഗപ്പെടുത്തി രേഖകൾ ചോർത്താനുള്ള സന്ദർഭം വക്കീൽ ഉപയോഗിച്ചോ എന്നതാണ് പ്രധാനമായും പരിശോധിക്കപ്പെടേണ്ടത്. കേസിനെ അട്ടിമറിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ രാജിയെന്നും അതിനാൽ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവർത്തിച്ചു.
മന്ത്രി സണ്ണി ജോസഫിൻ്റെ പ്രതികരണം
സ്മാർട്ട് ക്രിയേഷൻ അഭിഭാഷകൻ്റെ ദേവസ്വം വകുപ്പിലെ സ്പെഷൽ പ്ലീഡർ നിയമനത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. ദേവസ്വം മന്ത്രിയാണ് കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും മന്ത്രിയും മുഖ്യമന്ത്രി വി ഡി സതീശനും കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കാര്യങ്ങളിൽ അവർ ഇടപെടുന്നതിനാൽ കൂടുതൽ പ്രതികരണത്തിനില്ല. ഏതെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കും. സർക്കാർ തല കാര്യങ്ങൾ പാർട്ടിതലത്തിൽ ചർച്ച ചെയ്യുന്നില്ല. അപാകതകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും സണ്ണി ജോസഫ് തൃശൂരിൽ വ്യക്തമാക്കി
കെ ബി പ്രദീപിൻ്റെ രാജിസംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയ നിയമന വിവാദത്തിനൊടുവിലാണ് ദേവസ്വം സ്പെഷൽ പ്ലീഡർ കെ ബി പ്രദീപ് രാജിവച്ചത്. സ്വർണക്കടത്ത് കേസ് പ്രതികൾക്കുവേണ്ടി ഹാജരാവുകയും സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്ത അഭിഭാഷകനെ സുപ്രധാന തസ്തികയിൽ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് ഇടപെട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചതിന് പിന്നാലെ അതിവേഗത്തിലാണ് പ്രദീപ് രാജി സമർപ്പിച്ചത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മുൻപ് കെ ബി പ്രദീപ് നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. സ്വർണം വേർതിരിച്ചെടുക്കാനുള്ള സംവിധാനം പോലുമില്ലെന്നതടക്കമുള്ള ഇദ്ദേഹത്തിൻ്റെ വാദങ്ങൾ പിന്നീട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തള്ളിക്കളഞ്ഞിരുന്നു. സർക്കാരിനെതിരെ പരസ്യമായി നിലപാടെടുത്ത ഒരാളെത്തന്നെ ദേവസ്വം സ്പെഷൽ പ്ലീഡറായി നിയമിച്ചത് സർക്കാരിനും മുന്നണിക്കുമുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായി. ഒടുവിൽ തെറ്റ് തിരുത്താൻ സർക്കാർ നിർബന്ധിതരാവുകയും മുഖ്യമന്ത്രി വി ഡി സതീശൻ രാജി ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം ഈ നിയമനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. തുടർച്ചയായി ഇത്തരം വിവാദ നിയമനങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്നും നിയമനത്തിന് മുൻപ് കൃത്യമായ പശ്ചാത്തല പരിശോധനകൾ നടക്കാത്തത് എന്തുകൊണ്ടാണെന്നുമുള്ള വിമർശനങ്ങൾ ശക്തമാണ്. നിയമവകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഈ നിയമനം നടന്നതെന്നതും ശ്രദ്ധേയമാണ്.
കൊച്ചിയിലെ അഭിഭാഷകരുടെ കൂടി അഭിപ്രായങ്ങൾ പരിഗണിക്കാതെ യാതൊരു ആലോചനയുമില്ലാതെ എടുത്ത തീരുമാനമാണ് ഒടുവിൽ സർക്കാരിന് തന്നെ തിരിച്ചടിയായത്. മറ്റ് വഴികളില്ലാതെ മുഖം രക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഗത്യന്തരമില്ലാതെയുള്ള ഈ രാജി പ്രഖ്യാപനം. വരുംദിവസങ്ങളിൽ നിയമവകുപ്പിനും സർക്കാരിനുമെതിരെ ഈ വിഷയം വലിയ തോതിൽ ചർച്ചയാകാനാണ് സാധ്യത.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR