ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണം: കുമ്മനം രാജശേഖരൻ
Thiruvananthapuram , 13 ജൂണ് (H.S) ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരൻ. ശബരിമല ക്ഷേത്ര താൽപര്യങ്ങൾക്കെതിരായ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും, ശബരിമലയുമായി ബന്
Kummanam Rajasekharan


Thiruvananthapuram , 13 ജൂണ് (H.S)

ശബരിമല വിശ്വാസികളോടുള്ള യുഡിഎഫ് സർക്കാരിന്റെ വഞ്ചന, സ്പെഷ്യൽ പ്ളീഡർ നിയമനത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരൻ. ശബരിമല ക്ഷേത്ര താൽപര്യങ്ങൾക്കെതിരായ നിലപാടുകൾ പരസ്യമായി സ്വീകരിക്കുകയും, ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ക്ഷേത്ര വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാദങ്ങൾ ഉന്നയിക്കുകയും ചെയ്ത അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ പ്ളീഡറായി നിയമിച്ച സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹവും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാർ തയ്യാറായത് കോടിക്കണക്കിന് അയ്യപ്പഭക്തരോടും വിശ്വാസികളോടും യുഡിഎഫ് സർക്കാർ കാണിച്ച കൊടുംവഞ്ചനയാണ്.

പൊതുജന പ്രതിഷേധവും, വിശ്വാസി സമൂഹത്തിന്റെ ശക്തമായ എതിർപ്പും ഉയർന്നതിനെ തുടർന്ന് നിയമിതനായ സ്പെഷ്യൽ പ്ളീഡർ രാജിവെച്ചാലും, ഈ നിയമനത്തിന് പിന്നിലെ ദുരൂഹത അവസാനിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നിയമനം നടന്നത്, ആരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിന്റെ പിന്നിൽ നടന്നിട്ടുള്ള ഒട്ടേറെ കരുനീക്കങ്ങളും, ഒത്തുകളികളും പുറത്തുവരേണ്ടതുണ്ട്. ദ്വാരപാലക ശില്പം ചെമ്പിൽ നിർമ്മിച്ചതാണെന്ന വാദം ആദ്യമായി ഉന്നയിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയായ ശേഷം അതേ അഭിഭാഷകനെ ആദരിച്ച് സ്പെഷ്യൽ പ്ളീഡറായി നിയമിക്കാൻ ശ്രീ വി ഡി സതീശൻ തയ്യാറായത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോയെന്ന സംശയം ഉയരുന്നു.

മന്ത്രിസഭയുടെ തീരുമാനത്തിൽ ദേവസ്വം മന്ത്രിക്കും പൂർണ ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭയുടെ അജണ്ടയും നോട്ടും മുൻകൂട്ടി അറിയാവുന്ന ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരന്, നിയമനത്തെക്കുറിച്ച് താൻ അറിഞ്ഞില്ലെന്ന നിലപാട് സ്വീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന നിയമനങ്ങൾ വകുപ്പ് മന്ത്രിയുടെ അറിവോ സമ്മതമോ കൂടാതെ നടക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

വിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ അവഗണിക്കുകയും നാടിന് അപമാനകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത ഈ തീരുമാനത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ശ്രീ വി ഡി സതീശനും,ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരനും ഏറ്റെടുക്കണം. ഇരുവരും കേരളത്തിലെ അയ്യപ്പഭക്തരോട് മാപ്പ് പറയണം. ഈ നിയമനത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News