Enter your Email Address to subscribe to our newsletters

Ernakulam, 13 ജൂണ് (H.S.)
ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വിമാനത്തിൻ്റെ എൻജിൻ റിവേഴ്സ് ത്രസ്റ്റ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണമായത്.
വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരും ഒൻപത് കുട്ടികളും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് സിയാൽ വക്താവ് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിലെ ടേബിൾ ടോപ്പ് റൺവേ പരിഗണിക്കുമ്പോൾ, വേഗം കുറയ്ക്കാൻ സഹായിക്കുന്ന റിവേഴ്സ് ത്രസ്റ്റ് സംവിധാനത്തിൻ്റെ തകരാർ വലിയ അപകടത്തിന് കാരണമായേക്കാം എന്നതിനാലാണ് കൂടുതൽ സുരക്ഷിതമായ കൊച്ചിയിലേക്ക് വിമാനം അടിയന്തരമായി തിരിച്ചുവിട്ടത്.
സുരക്ഷാ ക്രമീകരണങ്ങളും അടിയന്തര ലാൻഡിങ്ങും
വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായി പൈലറ്റിൻ്റെ സന്ദേശം ലഭിച്ചയുടൻ തന്നെ നെടുമ്പാശേരി വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പുലർച്ചെ 3.19ന് വിമാനത്താവളത്തിൽ ലോക്കൽ സ്റ്റാൻഡ്ബൈ പ്രഖ്യാപിക്കുകയുണ്ടായി. തുടർന്ന് തകരാറിൻ്റെ ഗൗരവം കണക്കിലെടുത്ത്, വിമാനത്താവളത്തിലെ എല്ലാ അടിയന്തര രക്ഷാപ്രവർത്തന സേവനങ്ങളുടെയും പൂർണ സജ്ജീകരണം ഉറപ്പാക്കുന്നതിനായി 3.34ന് പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫയർഫോഴ്സ്, മെഡിക്കൽ സംഘം, സിഐഎസ്എഫ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ വിഭാഗങ്ങളും റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു. ആശങ്കകളുടെ നിമിഷങ്ങൾക്കൊടുവിൽ പുലർച്ചെ 3.38ന് എയർ അറേബ്യയുടെ ജി9 454 വിമാനം കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. തുടർന്ന് വിമാനത്തെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പാർക്കിങ് ബേയിലേക്ക് സുരക്ഷിതമായി മാറ്റി. വിമാനം റൺവേയിൽ തൊട്ടതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ പരിശോധനകൾ നടത്തി. എല്ലാ സുരക്ഷാ പരിശോധനകളും വിജയകരമായി പൂർത്തിയായതിനെ തുടർന്ന് പുലർച്ചെ 3.45ന് വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു.
യാത്ര സുരക്ഷിതം, സർവീസുകൾ തടസപ്പെട്ടില്ല
വലിയൊരു അപകടസാധ്യതയാണ് എയർപോർട്ട് അധികൃതരുടെയും പൈലറ്റിൻ്റേയും കൃത്യമായ ഇടപെടലിലൂടെ ഒഴിവായത്. അടിയന്തര ലാൻഡിങ് സമയത്തും അതിനുശേഷവും കൊച്ചി വിമാനത്താവളത്തിൻ്റെ മറ്റ് ദൈനംദിന പ്രവർത്തനങ്ങളെയും വിമാന സർവീസുകളെയും ഇത് ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. മറ്റ് സർവീസുകളെല്ലാം കൃത്യസമയത്ത് തന്നെ നടന്നു. യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
യാത്ര തുടർന്ന വിമാനം
അടിയന്തര ലാൻഡിങ്ങിനെ തുടർന്ന് എയർ അറേബ്യയുടെ സാങ്കേതിക വിദഗ്ധർ വിമാനത്തിൻ്റെ എൻജിൻ റിവേഴ്സ് ത്രസ്റ്റ് സിസ്റ്റത്തിലുണ്ടായ തകരാർ വിശദമായി പരിശോധിച്ച് പരിഹരിച്ചു. പൂർണമായും യാത്രായോഗ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം രാവിലെ 7.15ന് വിമാനം കൊച്ചിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരികെ പുറപ്പെട്ടു. വിമാനത്താവള അധികൃതരുടെ സമയബന്ധിതമായ പ്രവർത്തനവും സുരക്ഷാ സജ്ജീകരണങ്ങളുമാണ് യാത്രക്കാരുടെയും ബന്ധുക്കളുടെയും ആശങ്കയകറ്റിയത്. വിമാനം കോഴിക്കോട് എത്തിയതിന് ശേഷമാണ് യാത്രക്കാർക്കും ബന്ധുക്കൾക്കും പൂർണ ആശ്വാസമായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR