Enter your Email Address to subscribe to our newsletters

Kozhikode , 13 ജൂണ് (H.S.)
നിപ നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് മാറ്റിയ മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളുടെ പരിശോധന ഫലം കൂടി പുറത്തു വരാനുണ്ട്. സമ്പര്ക്ക പട്ടികയിലുള്ള 10 പേർ കൂടി നിരീക്ഷണത്തിലാണ്. നിലവില് രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള 43കാരൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. മെഡിക്കല് ബോര്ഡിന്റെ തീരുമാനപ്രകാരം ഐഎംസിആര് മാനദണ്ഡങ്ങള് പാലിച്ച് മോണോ ക്ളോണല് ആന്റിബോഡി ആദ്യത്തെ ഡോസ് ഇന്നലെ നല്കിയിരുന്നു. അടുത്ത ഡോസ് ഇന്നെത്തും.
ഹൈ റിസ്ക് വിഭാഗത്തിൽ 16 പേരും ലോ റിസ്കില് 67 പേരും ഉള്പ്പെടെ നിലവില് 87 പേരാണ് പട്ടികയിലുള്ളത്. നിലവില് സമ്പര്ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്ട്രോള് റൂമില്നിന്ന് വിളിച്ച് വിവരങ്ങള് ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില് ആരോഗ്യ പ്രവര്ത്തകര് സര്വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള് ഇവരില് കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില് ഇന്നും ആര്ആര്ടി യോഗം ചേര്ന്ന് പ്രവര്ത്തനങ്ങള് വിലയിരുത്തി. നാഷണല് ഡിസീസ് കണ്ട്രോള് സെന്ററില് (എന്.സി.ഡി.സി) നിന്നുള്ള വിദഗ്ദ്ധര് ഇന്ന് ജില്ലയില് സന്ദര്ശനം നടത്തും.
സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധി ഘട്ടത്തിൽ അവധിക്ക് അപേക്ഷിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് സർക്കാരിൻ്റെ കർശന നടപടിയുടെ ഭാഗമായാണെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിപയെ വീണുകിട്ടിയ ആയുധംപോലെ പ്രതിപക്ഷം സമീപിക്കുന്നത് ശരിയല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വളരെ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നു. ആവശ്യമായ എല്ലാ നിർദേശങ്ങളും നൽകിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. സംസ്ഥാനത്തിൻ്റെ മൊത്തം ആരോഗ്യ വിഷയങ്ങൾ വിലയിരുത്തേണ്ടതുണ്ട്. രോഗം ഒരിടത്ത് മാത്രമല്ല സംസ്ഥാനത്ത് എവിടെയും പടരാൻ സാധ്യതയുള്ളതുകൊണ്ടാണ് തിരുവനന്തപുരത്ത് എത്തി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. ഇതിനെയൊക്കെ വിമർശിക്കുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR