Enter your Email Address to subscribe to our newsletters

Kozhikode , 13 ജൂണ് (H.S.)
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ മന്ത്രിക്കും ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിലെ വിവാദ നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ ബാധയെ അർഹിക്കുന്ന ഗൗരവത്തോടെയാണോ സർക്കാർ കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയെ ആകെ സജ്ജമാക്കുന്നതിലും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിലും സർക്കാരിൻ്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി. ഡോക്ടർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചല്ല താൻ പറയുന്നതെന്നും മറിച്ച് ആരോഗ്യ വകുപ്പും സർക്കാരും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ വലിയ ആശങ്കയിലാണ് കഴിയുന്നത്. ഈ സമയത്ത് ആരോഗ്യ വകുപ്പ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ നിപ ബാധയുണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. അന്നത്തെ ആരോഗ്യ മന്ത്രിമാരും മെഡിക്കൽ ബിരുദധാരികൾ ആയിരുന്നില്ല. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ നടത്തിയ ഇടപെടലുകൾ മാതൃകാപരമായിരുന്നു. അന്ന് സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചതിൻ്റെ ഫലമായാണ് രോഗവ്യാപനം തടയാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രി കെ മുരളീധരൻ ഇതുവരെ കോഴിക്കോട്ട് എത്തിയിട്ടില്ലെന്നും യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത് ശരിയായ രീതിയല്ല. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ മന്ത്രി നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുന്നത് ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും വലിയ ആശ്വാസവും ഊർജവും നൽകും. എന്നാൽ നിർഭാഗ്യവശാൽ അത്തരമൊരു സമീപനം സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നിപയുടെ ഗൗരവ സ്വഭാവം എല്ലാവർക്കും അറിയാവുന്നതാണ്. അതനുസരിച്ചുള്ള ജാഗ്രതയും പ്രവർത്തനങ്ങളും ഇനിയെങ്കിലും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യ മുന്നണിയിലെ പ്രതിസന്ധിതന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചതിനോടും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായി ആയി മാറുന്ന നിലയാണ് രാഹുലിൻ്റേതെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രാഹുലിൻ്റെ പ്രസംഗത്തിലാണ് അദ്ദേഹത്തിന് കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന പ്രസ്താവനയുള്ളത്.
ആളുകളെ കാണുമ്പോൾ സാധാരണ കെട്ടിപ്പിടിക്കുന്ന രീതി തനിക്കില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കെട്ടിപ്പിടിക്കൽ സാധാരണ നിലയിൽ തങ്ങൾക്കിടയിൽ ഉണ്ടാകാറില്ലെന്നും അപൂർവമായി ചില ആളുകളെ മാത്രമേ കെട്ടിപ്പിടിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. താനും രാഹുൽ ഗാന്ധിയും കാണുമ്പോൾ ഒന്നുകിൽ പരസ്പരം വണങ്ങുകയോ അല്ലെങ്കിൽ കൈ കൊടുക്കുകയോ ആണ് പതിവ്. എന്നാൽ രാഹുൽ മോദിയെ ചെന്ന് കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ടെന്നും അതിൽ തനിക്ക് ആക്ഷേപമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ അദ്ദേഹം ഇന്ത്യ മുന്നണി യോഗത്തിൽ പറഞ്ഞത് മറ്റൊരു തരത്തിലുള്ള ചിത്രീകരണമാണെന്നും പിണറായി പ്രതികരിച്ചു.
രാഹുലിൻ്റെ സമീപനംകൊണ്ടാണ് ഇന്ത്യ മുന്നണി ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിയതെന്നും പിണറായി കുറ്റപ്പെടുത്തി. രാഹുലിൻ്റെ സംസാര രീതി ഇതാണെന്നും ഇന്ത്യ മുന്നണി ഇന്ന് എത്തിച്ചേർന്ന സ്ഥിതിവിശേഷത്തിൽ അഖിലേഷ് യാദവും തേജസ്വി യാദവും അടക്കമുള്ള നേതാക്കൾ ശബ്ദമുയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിൻ്റെ നിലപാടിനെതിരെയാണ് അവർ ശബ്ദിച്ചത്. ഡിഎംകെ ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് എല്ലാവരും കണ്ടതാണ്. എല്ലാത്തിനും ഇടയാക്കിയത് രാഹുൽ ഗാന്ധിയുടെ സമീപനംകൊണ്ടാണെന്നും ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന സമീപനമല്ല രാഹുലിൻ്റേതെന്നും അദ്ദേഹം വിമർശിച്ചു. ബിജെപിയുടെ സഹായി ആയി മാറുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി പറഞ്ഞു.
ദേവസ്വം ബോർഡിലെ നിയമനം വിചിത്രംദേവസ്വം പ്ലീഡറുടെ നിയമനവുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനെ പ്ലീഡറായി നിയമിച്ചത് ദേവസ്വം മന്ത്രി അറിയാതെയാണോ എന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം മന്ത്രി അറിയാതെ എങ്ങനെയാണ് ഇത്തരം നിയമനങ്ങൾ നടക്കുകയെന്നും പിണറായി വിജയൻ ചോദിച്ചു.
ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട് തികച്ചും വിചിത്രമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഹാജരായ, സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു അഭിഭാഷകനെ ദേവസ്വം ബോർഡിൻ്റെ പ്ലീഡറായി നിയമിച്ചത് വലിയ വിവാദമായിരിക്കുകയാണ്. എന്നാൽ ഈ നിയമനത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ദേവസ്വം മന്ത്രി പരസ്യമായി പ്രതികരിച്ചത്. ഒരു വകുപ്പിൽ നടക്കുന്ന സുപ്രധാന നിയമനങ്ങൾ ആ വകുപ്പ് മന്ത്രി അറിയാതെ എങ്ങനെയാണ് നടക്കുകയെന്ന് പിണറായി വിജയൻ ചോദിച്ചു.
കള്ളന് താക്കോൽ കൊടുക്കുന്നതിന് തുല്യമായ നടപടിയാണിതെന്ന് അദ്ദേഹം വിമർശിച്ചു. ദേവസ്വം മന്ത്രിക്ക് ഈ നിയമനത്തെക്കുറിച്ച് അറിയില്ലെങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തരമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഈ നടപടി തിരുത്താനും വിവാദ നിയമനം റദ്ദാക്കാനും മുഖ്യമന്ത്രി തയാറാകണം. ഭരണപരമായ കാര്യങ്ങളിൽ സർക്കാരിന് വ്യക്തമായ നിയന്ത്രണം നഷ്ടപ്പെട്ടതിൻ്റെ ഉദാഹരണമാണ് ദേവസ്വം ബോർഡിലെ നിയമന വിവാദം. മന്ത്രിമാരെ നോക്കുകുത്തിയാക്കി ചില കേന്ദ്രങ്ങൾ ഭരണം നിയന്ത്രിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം കീഴ്വഴക്കങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR