Enter your Email Address to subscribe to our newsletters

Kollam , 13 ജൂണ് (H.S.)
തെന്മല പുനര്ജനി അഭയകേന്ദ്രത്തിൽ വയോധികമാർക്ക് ക്രൂരമായ പീഡനം നേരിട്ടെന്ന പരാതിയിൽ സ്ഥാപനത്തിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. അംഗീകാരമില്ലാതെയാണ് സ്ഥാപനം പ്രവര്ത്തിച്ചിരുന്നതെന്ന് സ്ഥലം സന്ദര്ശിച്ച വയോജന കമ്മീഷന് അറിയിച്ചു. പരാതിക്കാരുടെയും പ്രതിയുടെയും അഭിപ്രായങ്ങൾ കേട്ടതിന് ശേഷം നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
അന്തേവാസികളെയെല്ലാം പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതി ബ്രഹ്മദാസിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മണ്ഡലത്തിൽ സമാന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള് കുറ്റമറ്റരീതിയിലാണ് പ്രവര്ത്തിക്കുന്നതെന്ന് സര്ക്കാര് ഉറപ്പാക്കും. സമഗ്രമായ അന്വേഷണം നടത്തുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
പീഡനത്തിന് ഇരയായ രണ്ട് അന്തേവാസികളുടെയും പരാതിയിൽ മേൽ കേസെടുത്തതായി തെന്മല പൊലീസ് അറിയിച്ചു.
വയോജനങ്ങൾ കഴിഞ്ഞിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണ്. അന്തേവാസികളിൽ നിന്ന് പണം ഈടാക്കിയ ശേഷം മതിയായ ചികിത്സയോ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നും പരാതി ഉയര്ന്നിട്ടുണ്ട്.
ഒൻപത് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടെ 12 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഏഴുപേരോളം ഒരുമിച്ച് കഴിഞ്ഞിരുന്നത് ഒരു ചെറിയ മുറിയിലാണ്. പ്രഭാതകൃത്യങ്ങൾ പോലും ചെയ്യാൻ പ്രയാസപ്പെടുന്ന വയോജനങ്ങൾ കഴിഞ്ഞിരുന്നത് വൃത്തിഹീനവും ദുർഗന്ധം വമിക്കുന്നതുമായ സാഹചര്യത്തിലും.
സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രിൽ 25 ന് മരണപ്പെട്ടതിന് പിന്നാലെ ഭർത്താവ് ബ്രഹ്മദാസ് മേൽനോട്ടം ഏറ്റെടുത്തു. അന്തേവാസികളിൽ നിന്ന് ഇടാക്കുന്നത് ലക്ഷക്കണക്കിന് രൂപയാണെങ്കിലും അതിനൊത്ത ചികിത്സയോ സൗകര്യങ്ങളോ ഇല്ല. സ്ഥാപനത്തിൽ മുൻപ് മരിച്ചിട്ടുള്ള അന്തേവാസികളുടെ വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസും അറിയിച്ചു, സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീക്ക് ആദ്യ ഭർത്താവിൽ ഉണ്ടായ മകൾ ഈ സ്ഥാപനത്തിൽ തൂങ്ങി മരിച്ചത് അടുത്തിടെയാണെന്നും നാട്ടുകാരും പൊതുപ്രവർത്തകരും പറയുന്നു.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഇറങ്ങിപ്പോകാന് ശ്രമിച്ച രണ്ട് സ്ത്രീകളെ അയല്വാസി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന ക്രൂരതകള് പുറത്ത് വന്നത്. ഇവിടെ നാല് സ്ത്രീകളെ സ്ഥാപന ഉടമ തല്ലിക്കൊന്നെന്നും തങ്ങള്ക്ക് ക്രൂരമായ ശാരീരിക-ലൈംഗിക പീഡനം നേരിടേണ്ടി വന്നെന്നും ഈ സ്ത്രീകള് വ്യക്തമാക്കി. 70ഉം 72ഉം വയസുള്ള സ്ത്രീകളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇവരില് നിന്ന് രണ്ട് ലക്ഷം രൂപയും സ്വര്ണമാലയും കമ്മലും മോതിരവും സ്ഥാപന ഉടമയായ സ്ത്രീ കൈപ്പറ്റിയിരുന്നെന്നും ഇവര് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR