ഐഎംഎയിൽ ചരിത്രനേട്ടം;ഇന്ത്യൻ സൈന്യത്തിന് കരുത്തായി 9 വനിതാ കേഡറ്റുകൾ;
Dehradun, 13 ജൂണ് (H.S.) ഇന്ത്യൻ സൈനിക ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കപ്പെടുന്ന ഒരു ചരിത്രമുഹൂർത്തത്തിനാണ് ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമി (ഐഎംഎ) സാക്ഷ്യംവഹിച്ചത്. അക്കാദമിയുടെ ചരിത്രത്തിലാദ്യമായി ഒൻപത് വനിതാ കേഡറ്റുകൾ പരിശീലനം പൂർത്തി
IMA PASSING OUT PARADE 2026


Dehradun, 13 ജൂണ് (H.S.)

ഇന്ത്യൻ സൈനിക ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കപ്പെടുന്ന ഒരു ചരിത്രമുഹൂർത്തത്തിനാണ് ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാദമി (ഐഎംഎ) സാക്ഷ്യംവഹിച്ചത്. അക്കാദമിയുടെ ചരിത്രത്തിലാദ്യമായി ഒൻപത് വനിതാ കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത് രാജ്യത്തെ സ്ത്രീശാക്തീകരണത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. ഡെറാഡൂണിൽ നടന്ന 158-ാമത് റെഗുലർ കോഴ്സിൻ്റെയും 141-ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിൻ്റെയും പാസിങ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

ഒൻപത് വനിതാ കേഡറ്റുകളെ കാണാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഐഎംഎയുടെ ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണിത്. ഇന്ത്യൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല് മാത്രമല്ല, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൻ്റെ പ്രചോദനാത്മകമായ ഉദാഹരണം കൂടിയാണിതെന്നും കൂടുതൽ വനിതാ കേഡറ്റുകൾ അക്കാദമിയിൽ ചേരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒൻപത് വനിതാ കേഡറ്റുകൾ ഉൾപ്പെടെ ആകെ 515 ജെൻ്റിൽമാൻ, ലേഡി കേഡറ്റുകളാണ് പരേഡ് പൂർത്തിയാകുന്നതോടെ ഇന്ത്യൻ കരസേനയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്.

ചരിത്രനേട്ടംഇന്ത്യൻ മിലിറ്ററി അക്കാദമിയുടെ 94 വർഷത്തെ ചരിത്രത്തിൽ ഒരു ചരിത്ര നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനാൽ ഈ വർഷത്തെ പരേഡിന് പ്രത്യേക പ്രാധാന്യമുണ്ട്. ആദ്യമായാണ് ഒരു ബാച്ച് വനിതാ ഓഫിസർ കേഡറ്റുകൾ ഐഎംഎയിൽ നിന്ന് ബിരുദം നേടുകയും ഇന്ത്യൻ കരസേനയിൽ ഓഫിസർമാരായി നിയമിതരാകുകയും ചെയ്യുന്നത്.

2025 ജൂലൈയിൽ അക്കാദമിയിൽ ചേർന്ന ഒൻപത് വനിതാ ഓഫിസർ കേഡറ്റുകൾ തങ്ങളുടെ പരിശീലനം പൂർത്തിയാക്കി ഈ അഭിമാനകരമായ ചടങ്ങിൽ പുരുഷ സഹപ്രവർത്തകർക്കൊപ്പം മാർച്ച് ചെയ്തു. സായുധസേനയിൽ സ്ത്രീകൾക്കുള്ള വർധിച്ചുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് ഇവരുടെ നിയമനം. കൂടാതെ സൈനിക നേതൃത്വത്തിൽ കൂടുതൽ ഉൾക്കൊള്ളലിനായുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പിനെ ഇത് പ്രതിനിധീകരിക്കുന്നു. ബിരുദം നേടുന്ന സംഘത്തിൽ 16 സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള 34 ഓഫിസർ കേഡറ്റുകളും ഉൾപ്പെടുന്നുണ്ട്. ഇവർ അതത് രാജ്യങ്ങളിലെ സായുധസേനകളിൽ ചേരും.

അഭിമാനമായി ഐഎംഎ

ഐഎംഎയെ പ്രശംസിച്ച രാഷ്ട്രപതി മുർമു, രാജ്യത്തോടുള്ള ബഹുമാനത്തിൻ്റെയും ധീരതയുടെയും നിസ്വാർഥ സേവനത്തിൻ്റെയും തിളങ്ങുന്ന പ്രതീകമായാണ് അക്കാദമി നിലകൊള്ളുന്നതെന്ന് വ്യക്തമാക്കി. നമ്മുടെ അതിർത്തികൾ കാത്തുസൂക്ഷിച്ച അസാധാരണരായ നിരവധി സൈനിക നേതാക്കൾ ഈ അക്കാദമിയിൽ നിന്നാണ് പുറത്തിറങ്ങിയതെന്നും ഈ അഭിമാനകരമായ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കാൻ താൻ ഈ അവസരം വിനിയോഗിക്കുകയാണെന്നും അവർ പറഞ്ഞു.

1932 ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ മിലിറ്ററി അക്കാദമി സ്ഥാപിതമായത്. സ്ഥാപിതമായതുമുതൽ 34 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകൾ ഉൾപ്പെടെ 65,000ത്തിലധികം കേഡറ്റുകളാണ് ഈ അഭിമാനകരമായ സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയത്. ഉടൻ തന്നെ തങ്ങളുടെ യാത്ര ആരംഭിക്കാൻ പോകുന്ന ഓഫിസർ കേഡറ്റുകളെ തൻ്റെ മുന്നിൽ കാണുന്നതിൽ സന്തോഷമുണ്ടെന്നും അവരുടെ ധൈര്യവും വിവേകവും അവരുടെ കരുത്തായിരിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഓരോ ഓഫിസർ കേഡറ്റിനും പാസിങ് ഔട്ട് പരേഡ് എന്നത് കേവലമൊരു ഔദ്യോഗിക ചടങ്ങ് എന്നതിലുപരിയാണ്. മാസങ്ങളും വർഷങ്ങളും നീണ്ട കഠിനമായ സൈനിക പരിശീലനത്തിൻ്റെ പരിസമാപ്തിയെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഇന്ത്യൻ കരസേനയിൽ ഓഫിസർമാരായി നിയമിതരാകുന്ന അഭിമാനകരമായ നിമിഷത്തിലാണ് ഇത് അവസാനിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News