Enter your Email Address to subscribe to our newsletters

Kozhikode , 13 ജൂണ് (H.S.)
കാൽപന്തുകളിയുടെ സ്വർഗ്ഗീയ താളം ഓരോ ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ ഇരച്ചുകയറുകയാണ്. ലോകകപ്പ് ഫുട്ബോളിന് കൊടി ഉയർന്നതോടെ നാടെങ്ങും ഇപ്പോൾ വലിയ ആവേശ തിരയിളക്കമാണ് ദൃശ്യമാകുന്നത്. ഈ ലോകകപ്പ് ലഹരി ഏറ്റവും കൂടുതൽ അലതല്ലിയത് കോഴിക്കോട്ടെ സ്കൂളുകളിലാണ്. ജില്ലയിലെ വിദ്യാലയങ്ങളെല്ലാം തന്നെ പൂർണമായും ഫുട്ബോൾ ആവേശത്തിലേക്ക് വഴിമാറി.
വിവിധങ്ങളായ ആഘോഷ പരിപാടികളാണ് മിക്ക സ്കൂളുകളുടെയും നേതൃത്വത്തിൽ അരങ്ങേറിയത്. വിദ്യാലയ മുറ്റങ്ങളിൽ ബാൻഡ് മേളങ്ങളും ചെണ്ടമേളങ്ങളും കൊട്ടിക്കയറിയപ്പോൾ വിദ്യാർഥികൾ ആർത്തുവിളിച്ച് നൃത്തം ചവിട്ടി. തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സി അണിഞ്ഞും കൊടികൾ വാനോളമുയർത്തി വീശിയുമായിരുന്നു കുട്ടികളുടെ ഈ കാൽപന്ത് നൃത്തം.
നടക്കാവ് സ്കൂളിലെ 'മിനി ലോകകപ്പ്'
കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും അതിവിപുലമായ ആഘോഷ പരിപാടികളുമായാണ് വേൾഡ് കപ്പിനെ വരവേറ്റത്. എൽ.പി വിഭാഗം കുട്ടികൾ മുതൽ മുതിർന്ന ക്ലാസുകളിലെ വിദ്യാർഥിനികൾ വരെ തങ്ങളുടെ ടീമുകളുടെ പേര് ചൊല്ലി ആർത്തുവിളിച്ചാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കാളികളായത്.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ലോകകപ്പിലെ പ്രഗൽഭരായ അർജൻ്റീനയും ബ്രസീലും തമ്മിൽ സ്കൂൾ ഗ്രൗണ്ടിൽ ഒരു ആവേശപ്പോരാട്ടവും നടന്നു. സ്കൂളിൽ ഫുട്ബോൾ പരിശീലനം ലഭിക്കുന്ന മിടുക്കികളായ കുട്ടികൾ തന്നെയാണ് ഇരു ടീമുകൾക്കും വേണ്ടി മൈതാനത്ത് മാറ്റുരച്ചത്.
അർജൻ്റീനയെ നിലംപരിശാക്കി ബ്രസീൽ!
തുല്യശക്തികളുടെ പോരാട്ടത്തിൽ ഒടുവിൽ അർജൻ്റീനയെ നിലംപരിശാക്കി ബ്രസീൽ ജയം വരിക്കുകയും പ്രതീകാത്മക ലോകകപ്പ് കിരീടം കരസ്ഥമാക്കുകയും ചെയ്തു. ഗ്രൗണ്ടിൻ്റെ നാല് ഭാഗങ്ങളിലും നിലയുറപ്പിച്ച ആരാധകക്കൂട്ടങ്ങൾ കൈയടിച്ചും ആർത്തുവിളിച്ചും മെസി പടക്കും നെയ്മര് പടക്കും അളവറ്റ പ്രോത്സാഹനമാണ് നൽകിയത്.
നല്ല അടിപൊളി ആയിട്ട് തന്നെ ലോകകപ്പ് ആവേശം സ്കൂളിലുണ്ട്. ഇത്തവണ അര്ജൻ്റീന കപ്പ് എടുക്കും കൊച്ചു ആരാധിക പ്രതികരിച്ചു.
നെയ്മര് മുത്തമാണ്, അടിപൊളിയാണ്, ഇത്തവണ ബ്രസീല് കപ്പ് തൂക്കും സ്കൂളിലെ ബ്രസീല് ആരാധികമാര് തങ്ങളുടെ ആത്മവിശ്വാസം പങ്കുവച്ചു. ഇവിടുത്തെ ആവേശം കണ്ടാല് തന്നെ അറിയാം, ആ കപ്പ് പോര്ച്ചുഗല് തന്നെ തൂക്കുമെന്നും പറങ്കിപ്പടയുടെ ആരാധികമാരും പറഞ്ഞു.
കളിക്കളത്തിലെ ആവേശം പോലെ തന്നെ ഈ മത്സരം മുന്നോട്ടുവെച്ച മറ്റൊരു വലിയ സന്ദേശമുണ്ട്. കളി കാണാനും കളിക്കാനും ഒത്തുചൂടിയ പെൺകുട്ടികളുടെ ഈ വലിയ കൂട്ടം ഒന്നുറപ്പിച്ചു പറയുന്നു, ഫുട്ബോൾ ആരാധനയ്ക്ക് ലിംഗ വ്യത്യാസമില്ല! നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ ലോകകപ്പ് ആവേശം സ്പോർട്സിനോടുള്ള പെൺകരുത്തിൻ്റെ ഉദാത്തമായ സാക്ഷ്യപത്രമായി മാറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR