Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ജൂണ് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങൾ പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. രോഗബാധിത പ്രദേശം ആരോഗ്യമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ല എന്ന പ്രതിപക്ഷ ആരോപണങ്ങളോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വീണുകിട്ടിയ ഒരായുധം പോലെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷത്തിന്റെ സമീപനം തികച്ചും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിപ റിപ്പോർട്ട് ചെയ്ത പ്രാരംഭ ഘട്ടത്തിൽ തന്നെ താൻ പ്രദേശത്ത് നേരിട്ടെത്തി ആവശ്യമായ എല്ലാ പ്രതിരോധ പ്രവർത്തനങ്ങൾക്കും കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നതായി മന്ത്രി വ്യക്തമാക്കി. അതിനു ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കേരളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യ സാഹചര്യം വിലയിരുത്തേണ്ടതുണ്ട്. ഈ രോഗം ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, മറിച്ച് കേരളത്തിൽ എവിടെ വേണമെങ്കിലും പടരാൻ സാധ്യതയുള്ള ഒന്നാണ്. ഈയൊരു വലിയ സാഹചര്യം മുൻനിർത്തിയാണ് തലസ്ഥാനത്ത് തന്നെ തുടരാൻ തീരുമാനിച്ചതെന്നും ഇവിടെവെച്ച് ഉന്നത ഉദ്യോഗസ്ഥന്മാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തതെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് നിലവിൽ നിപ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾക്ക് മന്ത്രി ഉറപ്പുനൽകി. ഇതുവരെ പരിശോധനയ്ക്ക് അയച്ച എല്ലാ സാംപിളുകളുടെയും ഫലങ്ങൾ നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാൽ നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ ശക്തമായി നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കുന്നതിനായി റവന്യൂ മന്ത്രി നിലവിൽ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാർ ഏകോപിതമായി നടത്തുന്ന ഇത്തരം സങ്കീർണ്ണമായ പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി കെ. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K