Enter your Email Address to subscribe to our newsletters

Kozhikode, 13 ജൂണ് (H.S.)
കോഴിക്കോട്: ജില്ലയിൽ നിപ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെയും മന്തി വീണാ ജോർജിന്റെയും നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും എന്നാൽ ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ലെന്നും റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ഡി.എം.ഒ (ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ) പോസ്റ്റിൽ ആളില്ലാത്ത അവസ്ഥ വളരെ മോശമാണെന്ന് പറഞ്ഞ മന്ത്രി, ഒരു ടീമായി വേണം നിപയെ നേരിടാനെന്നും ഓർമ്മിപ്പിച്ചു.
മുൻകാലങ്ങളിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്തപ്പോൾ ആരോഗ്യ മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ രോഗബാധ ഉണ്ടായി നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് എത്തിയിട്ടില്ലെന്ന് റിയാസ് കുറ്റപ്പെടുത്തി. താൻ നേരിട്ട് ഫോണിൽ വിളിച്ച് കോഴിക്കോട് എത്തി ക്യാമ്പ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും മന്ത്രി വരാൻ തയ്യാറായില്ല. മുൻപ് നിപ ഉണ്ടായപ്പോൾ അന്നത്തെ ആരോഗ്യ മന്ത്രി ഇവിടെ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു. ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുടെ നിലപാട് ശരിയല്ല. നിപ സമയത്ത് ഒരു വിസിറ്റിങ് പ്രൊഫസറെപ്പോലെ വന്ന് പോകാൻ പോലും മന്ത്രി തയ്യാറാകുന്നില്ലെന്നത് കടുത്ത നിരുത്തരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ പ്രവർത്തകർ താഴേത്തട്ടിൽ വളരെ നന്നായി ജോലി ചെയ്യുന്നുണ്ട്. എന്നാൽ നേതൃത്വം നൽകേണ്ടവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകൾ പ്രതിപക്ഷം വീണുകിട്ടിയ അവസരമായി മാറ്റുകയാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഭരണകക്ഷിയിൽ നിന്ന് തന്നെ ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മന്ത്രി തന്നെ ചെയ്യണം. ഇത്തരം സാഹചര്യങ്ങളിൽ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾ അവസാനിപ്പിക്കാൻ ആരോഗ്യ മന്ത്രി തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
കായകൽപം പരിപാടിയുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉണ്ടായ വിവാദങ്ങളിലും മന്ത്രി റിയാസ് അതൃപ്തി രേഖപ്പെടുത്തി. പരിപാടിയിലേക്ക് ബേപ്പൂർ എം.എൽ.എയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. എന്നിട്ട് എം.എൽ.എ ചടങ്ങിൽ വന്നില്ല എന്ന് വേദിയിൽ പ്രസംഗിക്കുന്നത് തെറ്റായ നടപടിയാണ്. ഇത്തരം വിവേചനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മന്ത്രിക്കൊപ്പം എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഇതുവരെ കാര്യമായ പോരായ്മകൾ ഒന്നും പരസ്യമായി പറഞ്ഞിരുന്നില്ല. എന്നാൽ കോഴിക്കോട്ടെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യ മന്ത്രിയുടെ നേരിട്ടുള്ള സാന്നിധ്യം അനിവാര്യമാണെന്ന് വ്യക്തമാക്കാനാണ് ഇപ്പോൾ പരസ്യ പ്രതികരണത്തിന് മുതിർന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K