Enter your Email Address to subscribe to our newsletters

Newdelhi , 13 ജൂണ് (H.S.)
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ ഇന്ത്യൻ നാവികർ ജീവനക്കാരായുള്ള ചരക്കുകപ്പലുകൾക്ക് നേരെ അമേരിക്കൻ നാവികസേന നടത്തിയ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഫോണിൽ വിളിച്ച് ഇന്ത്യയുടെ കടുത്ത ആശങ്കയും പ്രതിഷേധവും അറിയിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ അടിയന്തര ഇടപെടൽ. അതേസമയം, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ വിഷയം വൻ നയതന്ത്ര യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.
ഗൾഫ് മേഖലയിൽ യുഎസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം മാരകമായ സൈനിക നടപടികൾ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് ഞാൻ ആവർത്തിച്ചു വ്യക്തമാക്കി, ജയശങ്കർ എക്സിൽ (ട്വിറ്റർ) കുറിച്ചു.
ഒരാഴ്ചയ്ക്കിടെ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ഇന്ത്യൻ നാവികരുള്ള മൂന്ന് വാണിജ്യ കപ്പലുകളാണ് ഗൾഫ് മേഖലയിൽ ആക്രമിക്കപ്പെട്ടത്:
-
ജൂൺ 8 (MT മരിവെക്സ്): പലാവു പതാക ഘടിപ്പിച്ച, 24 ഇന്ത്യൻ നാവികരുണ്ടായിരുന്ന ഈ ടാങ്കർ ഒമാൻ തീരത്തുവെച്ചാണ് ആദ്യം ആക്രമിക്കപ്പെട്ടത്. ഒമാൻ സൈന്യമെത്തിയാണ് നാവികരെ അടിയന്തരമായി എയർലിഫ്റ്റ് ചെയ്തത്.
-
ജൂൺ 10 (MT സെറ്റെബെല്ലോ): പലാവു പതാകയുള്ള മറ്റൊരു ടാങ്കറായ ഇതിന് നേരെയും ഒമാന് സമീപം ആക്രമണമുണ്ടായി. ഇതിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ ദൗർഭാഗ്യവശാൽ മൂന്ന് നാവികർക്ക് ജീവൻ നഷ്ടമായി.
-
ജൂൺ 11 (MT ജൽവീർ): ഗിനിയ-ബിസാവു പതാകയുള്ള ഈ കപ്പലിൽ 20 ഇന്ത്യൻ നാവികരാണുണ്ടായിരുന്നത്. യുഎസ് സൈന്യത്തിന്റെ ആക്രമണത്തെ തുടർന്ന് നാവികരെ പിന്നീട് സുരക്ഷിതമായി ഒഴിപ്പിച്ചു.
പ്രതിഷേധ സൂചകമായി ഇന്ത്യ കഴിഞ്ഞ ദിവസം യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിളിച്ചുവരുത്തി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ട്രംപിന്റെ ആരോപണവും ഇറാന്റെ മറുപടിയും
ഇന്ത്യൻ നാവികരുടെ മരണത്തിൽ യുഎസ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ്, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. ഹോർമുസ് കടലിടുക്ക് വഴി പുറപ്പെട്ട ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണം തികച്ചും അസ്വീകാര്യമാണെന്നും അവർ എത്രയും വേഗം നിലപാട് തിരുത്തണമെന്നും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടു.
എന്നാൽ ട്രംപിന്റെ ആരോപണങ്ങൾ പാടെ തള്ളിയ ഇറാൻ, ഇത് തങ്ങളുടെ മേലുള്ള കുറ്റം തിരിച്ചുവിടാനുള്ള അമേരിക്കയുടെ തന്ത്രമാണെന്ന് ആരോപിച്ചു. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാന് പങ്കുണ്ടെന്ന യുഎസ് പ്രസിഡന്റിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഒരാഴ്ചയ്ക്കുള്ളിൽ 3 ഇന്ത്യൻ കപ്പലുകൾ ആക്രമിക്കുകയും 3 നിരപരാധികളായ ഇന്ത്യൻ നാവികരെ കൊല്ലുകയും ചെയ്ത ക്രൂരമായ യാഥാർത്ഥ്യത്തിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനുള്ള അമേരിക്കയുടെ ശ്രമം ലജ്ജാകരമാണ്, ഇന്ത്യയിലെ ഇറാൻ എംബസി എക്സിൽ കുറിച്ചു.
ആഗോള വാണിജ്യ കപ്പൽ വ്യൂഹത്തിൽ ഏറ്റവും കൂടുതൽ നാവികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഗൾഫ് മേഖലയിലെ യുഎസ്-ഇറാൻ സംഘർഷത്തിൽ ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ നയതന്ത്ര തലത്തിൽ കടുത്ത സമ്മർദ്ദമാണ് ഇന്ത്യ ഇപ്പോൾ ചെലുത്തുന്നത്.
---------------
Hindusthan Samachar / Roshith K