സമ്മർദ തന്ത്രത്തിലൂടെ പാർട്ടിയുമായി പോരിനുറച്ച് എ പത്മകുമാർ
Pathanamthitta , 14 ജൂണ് (H.S.) പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ ആത്മകഥയുമായെത്തുമ്പോൾ അത് പാർട്ടിയെ പ്രതിരോധത്തിലാക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റു നോക്കുന്നത്. ഇതിന് ബ
A Pathmakumar


Pathanamthitta , 14 ജൂണ് (H.S.)

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ ആത്മകഥയുമായെത്തുമ്പോൾ അത് പാർട്ടിയെ പ്രതിരോധത്തിലാക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റു നോക്കുന്നത്. ഇതിന് ബലം പകരുന്ന രീതിയിൽ ആത്മകഥയിലെ ഉള്ളടക്കം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തി ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ് ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളിൽ ഒരാൾ കൂടിയായ പത്മകുമാർ.

'ശബരിമല യുവതി പ്രവേശന സമയത്ത് താൻ ചതിക്കപ്പെടുകയായിരുന്നു. യുവതി പ്രവേശനത്തിന് പിന്നില് ചില കരങ്ങള് ഉണ്ടായിരുന്നു'. ഇവയെല്ലാം പുസ്തകത്തില് വിവരിക്കുമെന്നുമുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇക്കാര്യങ്ങൾ പത്മകുമാർ സുഹൃത്തിനോട് പറഞ്ഞു എന്ന രീതിയിലാണ് പുറത്ത് വന്നിട്ടുള്ളത്. പത്മകുമാറിനെതിരായ നടപടി നാളെ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിക്കാനിരിക്കെയാണ് പെട്ടെന്നുള്ള നീക്കങ്ങൾ എന്നത് സംശയം ജനിപ്പിക്കുന്നതാണ്.

പാർട്ടി നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമെന്ന് അഭ്യൂഹം

പുറത്തിറങ്ങാൻ ഇരിക്കുന്ന ആത്മകഥയുടെ വിശദാംശങ്ങൾ ആരെങ്കിലും സുഹൃത്തുക്കൾ വഴി പുറത്ത് പറഞ്ഞു മാധ്യമങ്ങളിൽ എത്തിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. പെട്ടന്നുള്ള ഈ നീക്കത്തിന് പിന്നിൽ സമ്മർദത്തിലൂടെ പാർട്ടി നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് പത്മകുമാർ പരോക്ഷമായി പുറത്ത് വിട്ടിട്ടുള്ള കാര്യങ്ങളിൽ കഴമ്പുണ്ടെങ്കിൽ, അത് പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്. ശബരിമല സ്വർണക്കൊള്ള കേസിൻ്റെ തുടക്ക സമയത്ത് ആരോപണം പത്മകുമാറിലേക്കും എത്തിയ സമയത്തും ഇദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയായിരുന്നു.

എഡിജിപി എസ് ശ്രീജിത്തിനെയും തന്നെയും ശബരിമലയില് നിന്ന് മാറ്റിയ ശേഷമാണ് യുവതികളെ മല കയറ്റിയത്. ശ്രീജിത്തിനെ ഡിജിപിയും തന്നെ മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നല്കി വിളിപ്പിച്ചു. ഇതിന് ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നും തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫിസിലെ മുറിയില് എത്തി ടിവി ഓൺ ചെയ്തപ്പോഴാണ് ശബരിമലയില് സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നതെന്നുമാണ് ഇദ്ദേഹം സുഹൃത്തിനോട് പറഞ്ഞതായാണ് പുറത്ത് വന്നിട്ടുള്ളത്.

ഗുരുതരമായ വെളിപ്പെടുത്തലുകളെന്ന് സൂചന

ദേവസ്വം രേഖകളില് ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നും അതിന് ശേഷം രേഖകളില് തന്നെ ഒപ്പിടാൻ നിർബന്ധിക്കുകയാണ് ഉണ്ടായതെന്നും വെളിപ്പെടുത്തലുണ്ട്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ആത്മകഥയിൽ എന്നാണ് ഇത് നൽകുന്ന സൂചന. യുവതി പ്രവേശനത്തിന് പുറമെ ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പത്മകുമാറിന്റെ ആത്മകഥയിലുണ്ട്. ശബരിമല സ്വര്ണക്കൊള്ള കേസില് അന്വേഷണം ഉന്നത നേതാക്കളിലേക്ക് എത്തുന്നത് തടയാനാണ് പാര്ട്ടി പത്മകുമാറിനെ സംരക്ഷിച്ചതെന്ന ആരോപണം തുടക്കം മുതലെ ഉയർന്നിരുന്നു.

പാർട്ടിക്ക് നേരെ അമ്പ് തൊടുക്കാൻ പത്മകുമാർ

ആഗ്രഹിച്ച പദവി കിട്ടാതെ വന്നതോടെ സിപിഎം കൊല്ലം സംസ്ഥാന സമ്മേളനത്തില് നിന്ന് പത്മകുമാര് ഇറങ്ങിപ്പോകുകയും സമൂഹ മാധ്യമത്തില് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്ജിനെതിരെ പോസ്റ്റിടുകയും ചെയ്തതും വിവാദമായിരുന്നു. എന്നാൽ പാർട്ടി ഇടപ്പെട്ട് ഇതിൽ സമവായം നടക്കുകയായിരുന്നു. അന്ന് പത്മകുമാർ പാർട്ടി വിട്ട് മറ്റ് പാർട്ടിയിൽ ചേരുമെന്നുവരെ വാർത്ത പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മുൻ എംഎൽഎ കൂടിയായ പത്മകുമാറിനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നതും അതിനെ പ്രതിരോധിക്കാനെന്ന വണ്ണം പത്മകുമാർ പാർട്ടിക്ക് നേരെ അമ്പ് തൊടുക്കാൻ ഉന്നം പിടിക്കുന്നതും.

എന്നാൽ പത്മകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. ശബരിമല സ്വർണകൊള്ളയില് പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാർ. മറുപടി പറയേണ്ട കാര്യം തനിക്കില്ല. വിഷയത്തില് കൂടുതല് വ്യക്തത തേടേണ്ടവർ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News