Enter your Email Address to subscribe to our newsletters

Chennai , 14 ജൂണ് (H.S.)
തമിഴ്നാട് രാഷ്ട്രീയത്തില് പുതിയ ചർച്ചകള്ക്ക് വഴിതുറന്നുകൊണ്ട് ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിടാൻ തമിഴ് മാനില കോണ്ഗ്രസ് തീരുമാനിച്ചു.
കഴിഞ്ഞ 12 വർഷമായി ബിജെപിയുമായി ചേർന്നുപ്രവർത്തിച്ച പാർട്ടി അപ്രതീക്ഷിതമായി സഖ്യം വിട്ടതിന് പിന്നിലെ കാരണങ്ങള് സജീവ ചർച്ചയാവുകയാണ്. ചെന്നൈയില് ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് പാർട്ടി അധ്യക്ഷൻ ജികെ വാസൻ ഈ പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ഏപ്രിലില് നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില് എഐഎഡിഎംകെയും ബിജെപിയും അടങ്ങുന്ന വിശാല സഖ്യത്തിന്റെ ഭാഗമായാണ് തമിഴ് മാനില കോണ്ഗ്രസ് ജനവിധി തേടിയത്. കേവലം അഞ്ച് നിയമസഭാ സീറ്റുകളില് മാത്രമാണ് പാർട്ടിക്ക് മത്സരിക്കാൻ അവസരം ലഭിച്ചത്. എല്ലാ മണ്ഡലങ്ങളിലും തോറ്റു. ഈ കനത്ത തിരിച്ചടിയെക്കുറിച്ച് വിശദമായി പുനഃപരിശോധിക്കാനും ഭാവിയെക്കുറിച്ച് ചിന്തിക്കാനുമാണ് ഇന്ന് നേതാക്കള് അടിയന്തര യോഗം ചേർന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം തമിഴ് മാനില കോണ്ഗ്രസിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നു. കുറഞ്ഞ സീറ്റുകളില് മാത്രം മത്സരിക്കേണ്ടി വരുന്നത് സാധാരണക്കാരായ അണികള്ക്കിടയില് പാർട്ടിയുടെ സ്വാധീനം വലിയ തോതില് കുറയ്ക്കാൻ മാത്രമേ സഹായിക്കൂ എന്ന് നേതൃത്വം വിലയിരുത്തുന്നു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്ക്കണ്ട് പാർട്ടിയെ അടിത്തട്ടില് നിന്ന് ശക്തിപ്പെടുത്താനാണ് മുന്നണിയില് നിന്ന് താല്ക്കാലികമായി പുറത്തുപോകാൻ അവർ തീരുമാനിച്ചത്.
പ്രവർത്തകസമിതി യോഗത്തിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തിയ പാർട്ടി അധ്യക്ഷൻ ജി.കെ. വാസൻ, ബിജെപിയോടോ എഐഎഡിഎംകെയോടോ തർക്കങ്ങളില്ലെന്ന് വ്യക്തമാക്കി. എന്നാല് ഈ ഘട്ടത്തില് പാർട്ടിയുടെ അസ്തിത്വവും കരുത്തും വീണ്ടെടുക്കാൻ പാർട്ടി ഒറ്റയ്ക്ക് തന്നെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയ് വേണോ എംകെ സ്റ്റാലിന് വേണോ
മുന്നണി രാഷ്ട്രീയത്തില് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ജി.കെ. വാസൻ മാധ്യമങ്ങളോട് തുറന്നുപറയുകയുണ്ടായി: ''ഏതൊരു രാഷ്ട്രീയ പാർട്ടിയായാലും സഖ്യമായാലും അതിനുള്ളില് നിരവധി വെല്ലുവിളികള് ഉണ്ടാകുമെന്ന് ഞങ്ങള്ക്കറിയാം. കൂടുതല് സീറ്റുകള് ലഭിക്കാതെ പോയിട്ടുണ്ടാകാം, അതല്ലെങ്കില് നമ്മള് ആവശ്യപ്പെട്ട സീറ്റുകള് കിട്ടിക്കാണില്ല. എങ്കിലും തമിഴ്നാട്ടില് സഖ്യധർമ്മത്തിന് ഏറ്റവും മികച്ച ഉദാഹരണമായി പ്രവർത്തിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് തമിഴ് മാനില കോണ്ഗ്രസ്.''
''ഇന്നത്തെ യോഗത്തില് പങ്കെടുത്ത അറുന്നൂറോളം പേരില് നാനൂറ്റമ്പതോളം ഭാരവാഹികള് തങ്ങളുടെ അഭിപ്രായങ്ങള് കുറിപ്പുകളായും നേരിട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെയെല്ലാം പ്രധാന ചിന്ത വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് വരെയെങ്കിലും തമിഴ് മാനില കോണ്ഗ്രസ് സ്വന്തം വ്യക്തിത്വവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ച് തമിഴ്നാട്ടില് ഒറ്റയ്ക്ക് ശക്തമായി മുന്നോട്ടുപോകണമെന്നാണ്.''
സഖ്യം ചേര്ന്ന ശേഷം പാര്ട്ടിയുടെ വളര്ച്ച കുറഞ്ഞു. മതിയായ സീറ്റുകള് ലഭിക്കാത്തത് വളര്ച്ചയ്ക്ക് തടസമായി. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില് ഏതെങ്കിലും പാര്ട്ടികളുമായി സഖ്യം ചേരണമോ എന്ന് പിന്നീട് തീരുമാനിക്കാം തുടങ്ങിയ തീരുമാനങ്ങളാണ് മാനില കോണ്ഗ്രസിനുള്ളത്. വിജയ് നയിക്കുന്ന ടിവികെയുമായി മാനില കോണ്ഗ്രസ് സഹകരിക്കുമെന്ന് വാര്ത്തകളുണ്ട്. മറ്റു സഖ്യകക്ഷികള് വിട്ടുപോയതിനാല് ഡിഎംകെയുമായി സഹകരിക്കുന്നതിനും പാര്ട്ടി തടസം കാണുന്നില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR