Enter your Email Address to subscribe to our newsletters

Ernakulam , 14 ജൂണ് (H.S.)
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കരാർ അടിസ്ഥാനത്തില് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.വിമുക്ത ഭടൻമാരില് നിന്നാണ് നിയമനം നടത്തുന്നത്. ആകെ 22 ഒഴിവുകളാണ് നിലവില് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യതകള്
അപേക്ഷകർ കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കില് തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ ഇന്ത്യൻ സൈന്യം, സെൻട്രല് റിസർവ് പോലീസ് ഫോഴ്സ് (CRPF), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രല് ഇൻഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ് (CISF), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സശസ്ത്ര സീമാ ബല് (SSB) തുടങ്ങിയ സേനാ/അർധസേനാ വിഭാഗങ്ങളില് കുറഞ്ഞത് 5 വർഷത്തെ സേവന പരിചയം നിർബന്ധമാണ്. അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 01.01.2026 അനുസരിച്ച് 56 വയസായി നിശ്ചയിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികള്ക്ക് പ്രതിമാസം 22,240 രൂപ വേതനം ലഭിക്കും. കരാർ നിയമനമായതിനാല് സർവകലാശാലയുടെ ആവശ്യാനുസരണം നിയമന കാലാവധി നിശ്ചയിക്കും. സർക്കാർ നിയമങ്ങളും സർവകലാശാല ചട്ടങ്ങളും അനുസരിച്ചായിരിക്കും സേവന വ്യവസ്ഥകള്. ജൂലൈ 3-നകം ഓണ്ലൈൻ ആയി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: recruit.cusat.ac.in
ഓണ്ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട്, ആവശ്യമായ രേഖകള് (വിദ്യാഭ്യാസ യോഗ്യത, സേവന പരിചയം, ജാതി സർട്ടിഫിക്കറ്റ് എന്നിവ) സഹിതം രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തില് 2026 ജൂലൈ 10-നകം അയക്കണം.കവറില് Security Guard (Contract Basis) Recruitment Application എന്ന് വ്യക്തമാക്കണം.
താത്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തില് അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയില് മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തില് മറ്റ് വിഭാഗത്തിലെ / ഓപ്പണ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തില് പരിഗണിക്കും. പ്രായ പരിധി 01.01.2025 ന് 40 വയസു കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്കെയില് : 57,700 - 1,82,400 രൂപ. യോഗ്യത :റേഡിയോളജിക്കല് ഫിസിക്സില് പോസ്റ്റ് എം.എസ്.സി. അല്ലെങ്കില് എം.എസ്.സി. മെഡിക്കല് ഫിസിക്സ് അല്ലെങ്കില് AERB അംഗീകരിച്ച മറ്റേതെങ്കിലും പി.ജി. ഡിഗ്രി/ഡിപ്ലോമ, അല്ലെങ്കില് ബേസിക് യോഗ്യതയോടൊപ്പം ഇന്റേണ്ഷിപ്പും ഒരു വർഷത്തെ RSO മെഡിക്കല് സർട്ടിഫിക്കേഷനും (BAR-ല് നിന്നുള്ളത്) ഉണ്ടായിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല് സർട്ടിഫിക്കറ്റുകളുമായി ജൂണ് 19 നകം ബന്ധപ്പെട്ട പ്രൊഫഷണല് & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില് നേരിട്ട് ഹാജരാകണം. നിലവില് ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയില് നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR