Enter your Email Address to subscribe to our newsletters

Idukki , 14 ജൂണ് (H.S.)
മലയാളി യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുന്നതിനിടയിൽ, കേരളത്തിലെ കാർഷിക മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്ന് കർഷക തൊഴിലാളികളെ ഇങ്ങോട്ട് എത്തിക്കണമെന്ന ആവശ്യവുമായി കർഷക നേതാവ് റെജി ഞള്ളാനി.
തൊഴിലാളി ക്ഷാമം മൂലം കർഷകർ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുന്ന അടിയന്തിര സാഹചര്യം മുൻനിർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകി. തൊഴിലാളികളെ ലഭിക്കാത്തതുമൂലം കേരളത്തിലെ കാർഷിക രംഗം, പ്രത്യേകിച്ച് സുഗന്ധവ്യഞ്ജന മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഏലം മേഖല ഒഴികെ മറ്റെല്ലാ കൃഷികളും ഇതിനകം തന്നെ ഏതാണ്ട് പൂർണമായി നിലച്ച മട്ടാണ്. എന്നാൽ അവശേഷിക്കുന്ന ഏലകൃഷിയും ഇപ്പോൾ കടുത്ത തൊഴിലാളി ക്ഷാമം മൂലം വൻ തകർച്ചയെ നേരിടുകയാണ്. ഉൽപ്പാദനത്തിന്റെ 30 ശതമാനത്തിലധികം വിളവെടുക്കാൻ കഴിയാതെ തോട്ടങ്ങളിൽ തന്നെ കിടന്ന് നശിച്ചുപോകുന്നു. ഇത് കർഷകർക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. യഥാസമയം വിളവെടുക്കാൻ കഴിയാത്തതുമൂലം മാത്രം പ്രതിവർഷം 500 കോടിയിലധികം രൂപയുടെ ഏലക്കായയാണ് പാഴായിപ്പോകുന്നത്.സാമ്പത്തിക യാഥാർഥ്യംഏലവുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം ജനങ്ങളാണ് രാജ്യത്താകെ പ്രവർത്തിക്കുന്നത്. പ്രതിവർഷം സർക്കാരുകൾക്ക് 100 കോടിയിലധികം രൂപ നികുതി വരുമാനമായി നൽകുന്ന മേഖലയാണിത്. 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള, സ്വന്തം വികസനത്തിന് വെറും 1.3% തുക മാത്രം വിനിയോഗിക്കാൻ സാധിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് ഈ വൻ സാമ്പത്തിക നഷ്ടം താങ്ങാനാവില്ലെന്ന് റെജി ഞള്ളാനി വ്യക്തമാക്കുന്നു.ഇരട്ടി കൂലി നൽകിയിട്ടും ആളില്ല സംസ്ഥാനത്തെ നിലവിലെ തൊഴിൽ നിയമത്തിൽ പറയുന്നതിൻ്റെ ഇരട്ടിയിലധികം തുക കൂലിയായി നൽകിയാണ് കർഷകർ ഇപ്പോൾ തൊഴിലാളികളെ സംഘടിപ്പിക്കുന്നത്. എന്നിട്ടും തോട്ടങ്ങളിലെ 40 ശതമാനത്തോളം ജോലികൾക്കും ആവശ്യത്തിന് ആളുകളെ കിട്ടാത്ത അവസ്ഥയാണ്. കർഷകരുടെ ജീവിതം ചോദ്യചിഹ്നമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ, സുരക്ഷിതമായ ഭാവി തേടി കർഷകരുടെ മക്കൾ വിദേശരാജ്യങ്ങളിലേക്ക് ഓടിപ്പോകാൻ നിർബന്ധിതരാവുകയാണ്. ഇതിന് പിന്നാലെ പ്രായമായ മാതാപിതാക്കളും നാടുവിടുന്നതോടെ കേരളത്തിലെ ഗ്രാമങ്ങൾ വാർദ്ധക്യത്തിൻ്റെ നിഴലിലാകുന്നു.കർഷക സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ:തൊഴിലാളിക്ഷാമം പരിഹരിച്ച് കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ താഴെ പറയുന്ന അടിയന്തിര നടപടികൾ വേണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്
വിദേശ തൊഴിലാളികൾക്ക് വർക്ക് വിസ:
കർഷകരും ചെറുകിട വ്യാപാരികളും കർഷക സംഘടനകളും നൽകുന്ന വർക്ക് വിസയുടെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും കർഷക തൊഴിലാളികളെ കേരളത്തിൽ എത്തിക്കാൻ നിയമപരമായ അനുമതി നൽകണം.
സർക്കാർ ലേബർ പോർട്ടൽ
തൊഴിലുടമയുടേയും വിദേശരാജ്യത്തുനിന്നുള്ള തൊഴിലാളികളുടേയും ആവശ്യങ്ങളും വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനായി സർക്കാർ അധീനതയിൽ ഒരു 'ലേബർ പോർട്ടൽ' ആരംഭിക്കണം.
സ്വകാര്യ പങ്കാളിത്തം
പ്രതിസന്ധി മറികടക്കാൻ വൻകിട തോട്ടം ഉടമകളും അനുഭവസമ്പത്തുള്ള വ്യക്തികളും സ്വന്തം നിലയിൽ വിദേശ തൊഴിലാളികളെ കേരളത്തിലെത്തിക്കാൻ നിയമവിധേയമായി ശ്രമിക്കണം.കേരളത്തിന്റെ കാർഷിക സംസ്കാരവും സമ്പദ്വ്യവസ്ഥയും നിലനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസമന്യേ അടിയന്തിരമായി ഇടപെടണമെന്നാണ് കർഷക സമൂഹത്തിന്റെ ആവശ്യം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR