ഇറാന് 2500 കോടി ലഭിക്കും; ഹോര്മുസ് തുറക്കും, ഉപരോധം അവസാനിപ്പിക്കും, സമാധാന കരട് രേഖ
Tehran , 14 ജൂണ് (H.S.) അമേരിക്കയും ഇറാനും തമ്മില് സമാധാന കരാര് ഒപ്പുവയ്ക്കാന് ഒരുങ്ങുന്നു. വൈകാതെ ധാരണാപത്രത്തില് ഒപ്പുവയ്ക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. ഹോര്മുസ് പാത തുറക്കല് മുതല് തടഞ്ഞു വച്ച ആസ്തി വിട
Iran USA conflict


Tehran , 14 ജൂണ് (H.S.)

അമേരിക്കയും ഇറാനും തമ്മില് സമാധാന കരാര് ഒപ്പുവയ്ക്കാന് ഒരുങ്ങുന്നു. വൈകാതെ ധാരണാപത്രത്തില് ഒപ്പുവയ്ക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.

ഹോര്മുസ് പാത തുറക്കല് മുതല് തടഞ്ഞു വച്ച ആസ്തി വിട്ടുകൊടുക്കല്, ഉപരോധം പിന്വലിക്കല്, ആണവ പദ്ധതി എന്നിവയെല്ലാം ധാരണപത്രത്തില് വരുന്നുണ്ടെന്നാണ് റിപ്പോര്ട്ട്.

ഇരുരാജ്യങ്ങളും നേരിട്ട് കരാറില് ഒപ്പുവച്ചേക്കില്ല. മധ്യസ്ഥര് മുഖേനയാകും ഒപ്പുവയ്ക്കല് എന്നാണ് വിവരം. ഖത്തര് മധ്യസ്ഥര് ഇറാനിലെത്തി ചര്ച്ചകള് നടത്തുന്നുണ്ട്. ധാരണ പത്രം അടിസ്ഥാനമാക്കി തുടര് ചര്ച്ചകള് നടക്കും. 60 ദിവസത്തിനകം അന്തിമ കരാറിലെത്തും. അന്തിമ കരാര് ചര്ച്ചയ്ക്ക് അടിസ്ഥാനാക്കുക ഇപ്പോള് ഒപ്പുവയ്ക്കാന് പോകുന്ന ധാരണ പത്രം ആയിരിക്കും.

ഇറാന് ഹോര്മുസ് പാത തുറക്കും എന്നതാണ് ധാരണ പത്രത്തിലെ പ്രധാനപ്പെട്ട കാര്യം. എല്ലാ കപ്പലുകള്ക്കും ഇതുവഴി സഞ്ചരിക്കാന് അവസരം ഒരുക്കും. ധാരണപത്രത്തില് ഒപ്പുവച്ച പിന്നാലെ അമേരിക്ക നാവിക ഉപരോധം പിന്വലിക്കാന് തുടങ്ങും. 30 ദിവസത്തിനകം ഉപരോധം പൂര്ണമായി പിന്വലിക്കും. ഇതോടെ ഇറാന്റെ തുറമുഖങ്ങളിലേക്ക് ചരക്കുകപ്പലുകള്ക്ക് എത്താം.

അന്തിമ കരാറില് എത്തുന്നത് വരെ ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധം ചുമത്തില്ല. അന്തിമ കരാറിലെത്തിയാല് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ചുമത്തിയ ഉപരോധം സമയബന്ധിതമായി പിന്വലിക്കും. ഇറാന്റെ എണ്ണ വില്ക്കാനും വരുമാനം ഉപയോഗിക്കാനും അമേരിക്ക ഇറാനെ അനുവദിക്കും. തടഞ്ഞുവച്ച ഇറാന്റെ 2500 കോടി ഡോളര് വിട്ടുകൊടുക്കും. പണമായും വായ്പയായുമാണ് ഫണ്ട് വിട്ടുകൊടുക്കുക.

ഇറാന് വന് നേട്ടമാകുന്ന കാര്യങ്ങള്

സഖ്യരാജ്യങ്ങളുമായി ചേര്ന്ന് അമേരിക്ക ഇറാന്റെ വികസനത്തിനും പുനര് നിര്മാണത്തിനും പദ്ധതി ഒരുക്കും. ധാരണപത്രം ഒപ്പുവച്ച ശേഷമാണ് ഇതുസംബന്ധിച്ച ചര്ച്ചകളിലേക്ക് കടക്കുക. ഇറാന് ആണവായുധം നിര്മിക്കുകയോ യുറേനിയം സമ്പുഷ്ടീകരിക്കുകയോ ചെയ്യില്ല. ആണവ പദ്ധതിയില് നിലവിലുള്ള സ്ഥിതി തുടരും. തുടര്നടപടികളുമായി മുന്നോട്ട് പോകില്ല.

ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സ് ഈ വിവരങ്ങള് പുറത്തുവിട്ടിരിക്കുന്നത്. ആദ്യം ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും അത് അടിസ്ഥാനമാക്കി രണ്ട് മാസത്തിനകം അന്തിമ കരാര് ഒപ്പുവയ്ക്കുമെന്നുമാണ് ചുരുക്കം. ഇറാന് അനുകൂലമായ ഒട്ടേറെ കാര്യങ്ങള് ധാരണാപത്രത്തിലുണ്ട്. ഹോര്മുസ് തുറക്കുമെന്നും ആണവ പദ്ധതി തുടരില്ലെന്നുമാണ് അമേരിക്കക്ക് അനുകൂലമായ ഘടകങ്ങള്.

ഇറാന് ആണവായുധം നിര്മിക്കില്ല എന്ന് മുന് പരമോന്നത നേതാവ് അലി ഖാംനഇ നേരത്തെ വ്യക്തമാക്കിയതാണ്. ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയ ശേഷമാണ് ഇറാന് ഹോര്മുസ് പാത അടച്ചത്. അതുകൊണ്ടുതന്നെ ഇത് തുറക്കല് ഇറാന് തങ്ങളുടെ ആവശ്യങ്ങള് അംഗീകരിക്കാനുള്ള സമ്മര്ദ്ദ തന്ത്രം മാത്രമാണ്. തടഞ്ഞുവച്ച ഫണ്ട് കിട്ടുക, ഉപരോധം പിന്വലിക്കുക, എണ്ണ വില്ക്കാന് സാധിക്കുക, യുദ്ധത്തില് തകര്ന്ന മേഖലയുടെ പുനര്നിര്മാണത്തിന് പദ്ധതി ഒരുക്കുക എന്നിവയെല്ലാം കരാറിലുണ്ടെങ്കില് ഇറാന് വലിയ നേട്ടമാകും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News