Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ജൂണ് (H.S.)
കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗം സമീപകാലത്ത് കടുത്ത രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിഷ്പക്ഷതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്ന കേരളത്തിൽ, പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് വഴിതുറന്നിരിക്കുകയാണ് സർവകലാശാലാ തലവന്മാരുടെ ആർഎസ്എസ് വേദിയിലെ സാന്നിധ്യം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുഖ്യാതിഥിയായി പങ്കെടുത്ത, മാധ്യമങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയ അതീവ രഹസ്യ സ്വഭാവമുള്ള ചടങ്ങിലാണ് കേരളത്തിലെ മൂന്ന് പ്രമുഖ വിസിമാർ അതിഥികളായി എത്തിയത്.
കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വിസി പ്രൊഫ. ഡി. മാവൂത്ത്, മലയാളം സർവകലാശാല വിസി ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവർക്ക് പുറമെ ഗവർണറുടെ പ്രസ് സെക്രട്ടറി ഹരി എസ്. കർത്തയും ചടങ്ങിൽ സന്നിഹിതനായിരുന്നു. എംജി സർവകലാശാല സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദ്ദേശങ്ങൾ, ബിജെപി ആർഎസ്എസ് പശ്ചാത്തലമുള്ള വ്യക്തികളുടെ നിയമനം സംബന്ധിച്ച ആരോപണങ്ങൾ എന്നിവയ്ക്ക് പിന്നാലെ ആർഎസ്എസ് മേധാവി പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് പ്രമുഖ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തതും ഉന്നത വിദ്യാഭ്യാസ മേഖലയില് കാവിവല്ക്കരണമെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മൂര്ച്ഛ കൂട്ടിയിട്ടുണ്ട്.
വിമർശനങ്ങളുടെ കൂരമ്പുകളുമായി എൽ.ഡി.എഫും വിദ്യാർഥി സംഘടനകളും
ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവൽക്കരിക്കാനുള്ള ബിജെപി-ആർഎസ്എസ് അജണ്ടയുടെ തെളിവാണ് ഇതെന്ന് പ്രതിപക്ഷവും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ആരോപിക്കുന്നു. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സർവകലാശാലാ തലവന്മാർ ഒരു രാഷ്ട്രീയ-വർഗീയ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ രംഗത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്നാണ് ഇവരുടെ വാദം.
വർഗീയവാദിയായ ആളുകൾ വിസിമാരായാൽ എന്താവും നമ്മുടെ വിദ്യാർഥികളുടെ ഭാവിയെന്ന ചോദ്യവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് രംഗത്തെത്തിയിട്ടുണ്ട്. കേരള സർവകലാശാല താൽക്കാലിക വിസി മോഹൻ കുന്നുമ്മൽ ആർഎസ്എസിൻ്റെ നൂറു വർഷങ്ങൾ എന്ന സെമിനാർ പരിപാടിയിൽ പങ്കെടുക്കുന്നതിൻ്റെ ചിത്രം പുറത്തുവിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പരിപാടിയുടെ ഉദ്ഘാടകൻ ആവട്ടെ ആർഎസ്എസിൻ്റെ സർ സംഘ് ചാലകും. കൂടെ പുതിയ ആര്എസ്എസ് നോമിനിയായ എംജി വിസിയും. വർഗീയവാദിയായ ആളുകൾ വിസി മാരായാൽ എന്താവും നമ്മുടെ വിദ്യാർത്ഥികളുടെ ഭാവി. ഇവിടെ മോഹൻ കുന്നുമ്മൽ സംഘിയാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.
ഈ സർക്കാരിനും അതിൻ്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലേ ഉള്ളു. യോഗ്യതയില്ലാതെയാണ് ഗവർണറുടെ സഹായത്തോടെ കേരള സർവകലാശാലയിൽ അദ്ദേഹം തുടരുന്നതും. ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുന്ന മോഹൻ കുന്നുമ്മൽ പക്ഷേ സർവ്വകലാശാലകളിൽ കുട്ടികളോട് ഇടതു വിരുദ്ധതയും, അരാഷ്ട്രീയതയും മാത്രമേ വിളമ്പാറുള്ളൂ. ഇടതു സർക്കാരിൻ്റെ കാലത്ത് ഇവരുടെ സംഘപരിവാർ ദാസ്യ പണിയെ അവരവരുടെ വീട്ടിൽ വച്ചാൽ മതി എന്ന് സർക്കാർ തന്നെ ഓർമ്മപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. അതാണീ ചിത്രത്തിനാധാരം.
അങ്ങനെയല്ലെങ്കിൽ ബഹു ഉന്നത വിദ്യാഭ്യാസ മന്ത്രി കേരള സർവകലാശാല വിസിയുടെ ഈ സംഘപരിവാർ ദാസ്യപ്പണിയെ കുറിച്ചുള്ള അഭിപ്രായം പറയണം. അതെങ്കിലും പറയാനുള്ള ധൈര്യം കാണിക്കണം. എന്താണ് എംജി, കേരള വിസി മാരുടെ ഔദ്യോഗിക വാഹനത്തിലെ സർ സംഘ് ചാലക് സന്ദർശനത്തെ കുറിച്ച് പറയാനുള്ളത്? കേരളം കാത്തിരിക്കുന്നു റോജി എം ജോണിൻ്റെ ഉത്തരങ്ങൾക്കായി എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കുറിച്ചു.
മാത്രമല്ല, വിസിമാർ തങ്ങളുടെ ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്താണ് ഈ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതെന്ന ആരോപണവും പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ സർവകലാശാലകൾ വെറും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല. അവ വിമർശനാത്മക ചിന്തയുടെ, ബൗദ്ധിക സ്വാതന്ത്ര്യത്തിൻ്റെ , ആശയ നിർമ്മാണത്തിൻ്റെ , ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണ കേന്ദ്രങ്ങൾ കൂടിയാണ്. അതുകൊണ്ടുതന്നെ സർവകലാശാലകളുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുന്ന ഏത് നടപടിയും ഇല്ലാതാക്കേണ്ടതാണെന്നാണ് ഭരണ-പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
ഒരു വ്യക്തി എന്ന നിലയിൽ ഏതൊരു പൗരനും പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഒരു സർവകലാശാലയുടെ വൈസ് ചാൻസലർ എന്നത് സാധാരണ ഭരണപദവി അല്ല. അത് ഒരു അക്കാദമിക് സ്ഥാപനത്തിൻ്റെ മുഖമാണ്. അതുകൊണ്ടുതന്നെ അവരുടെ പൊതുപ്രവർത്തനങ്ങൾ വ്യക്തിപരമായ തീരുമാനങ്ങൾ മാത്രമല്ല പലപ്പോഴും സ്ഥാപനത്തിൻ്റെ നിലപാടായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതയും ഉണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നത്.
കേരളത്തിലെ സർവകലാശാലകൾ വിവിധ രാഷ്ട്രീയ, മത, സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികളുടെ പൊതുവേദികളാണ്. അത്തരം സ്ഥാപനങ്ങളുടെ തലവന്മാർ ഒരു പ്രത്യേക ആശയധാരയുമായി ബന്ധപ്പെട്ട സംഘടനയുടെ വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ, സ്ഥാപനത്തിൻ്റെ സ്വയംഭരണത്തെകുറിച്ചുള്ള സംശയങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ പ്രതികരണം
സെനറ്റിലെ കാവിവല്ക്കരണമെന്ന പ്രതിപക്ഷ ആരോപണത്തില് പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ് രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തോട് യോജിക്കില്ലെന്നും ഏത് തരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്മഭൂമി ലേഖകർ ആയിരുന്നവർ പോലും സെനറ്റിലും സിൻഡിക്കേറ്റിലും എൽഡിഎഫ് കാലത്ത് വന്നു. ഇന്ന് സമരം ചെയ്തവരൊക്കെ അപ്പോൾ എന്തു ചെയ്യുകയായിരുന്നു എന്ന് മന്ത്രി ചോദിച്ചിരുന്നു. അന്ന് ഗവർണർ - സർക്കാർ മോക് ഫൈറ്റും നടന്നു. ഒരു ദിവസം അന്നത്തെ മുഖ്യമന്ത്രിയും ഗവർണരും കൂടികാഴ്ച നടത്തി, അപ്പോൾ സ്വിച്ച് ഇട്ടപോലെ സമരം അവസാനിച്ചുവെന്നും റോജി പരിഹസിച്ചിരുന്നു.
വി.സിമാർ സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ടയാണ് പിന്തുടരുന്നതെന്ന് വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയും ആരോപിച്ചു. സർവകലാശാലകളിൽ കാവിവൽക്കരണത്തെകുറിച്ച് നേരത്തെ തന്നെ സി പി എമ്മും കോൺഗ്രസും വിവിധ വിദ്യാർതി സംഘടനകളും ആരോപിച്ചിട്ടുണ്ട്. ഈ ആരോപണം ശക്തമാക്കുന്നതാണ് കേരള, എം ജി, മലയാളം സർവകലാശാല വി സിമാർ ആർ എസ് എസ് മേധാവിയുടെ പരിപാടിയിൽ പങ്കെടുത്തത്.
സെനറ്റ് നിയമനങ്ങൾ: രാഷ്ട്രീയ സ്വാധീനമോ?
എംജി സർവകലാശാല സെനറ്റിലേക്ക് ചാൻസിലറായ കൂടിയായ രാജേന്ദ്ര ആർലേക്കർ ഗവർണർ നടത്തിയ നാമനിർദ്ദേശങ്ങളെ ചൊല്ലിയാണ് വിവാദം ആരംഭിക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളിൽ ഗണ്യമായൊരു വിഭാഗം ബിജെപി അല്ലെങ്കിൽ സംഘപരിവാർ പശ്ചാത്തലമുള്ളവരാണെന്നാണ് പ്രതിപക്ഷത്തിൻ്റെ വിമർശനം. 30 അംഗങ്ങളില് 19 പേരും സംഘപരിവാര് ബന്ധമുള്ളവരാണെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇടതുപക്ഷ വിദ്യാര്ഥി സംഘടനകള് രംഗത്തെത്തിയിരുന്നു.
സർവകലാശാല സെനറ്റ് ഒരു സാധാരണ സമിതി അല്ല. ഇന്ത്യയിലെയും കേരളത്തിലെയും സർവകലാശാലകളിൽ ഭരണപരമായ കാര്യങ്ങളിലും അക്കാദമിക് നയങ്ങളിലും സുപ്രധാന പങ്ക് വഹിക്കുന്ന പരമോന്നത സമിതിയാണ് സെനറ്റ്. അത്തരമൊരു സംവിധാനത്തിലേക്ക് ഒരു പ്രത്യേക രാഷ്ട്രീയ ആശയധാരയുമായി അടുത്ത ബന്ധമുള്ളവരുടെ കടന്നുകയറ്റം ഭീതി ഉണ്ടാക്കുന്നതാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR