Enter your Email Address to subscribe to our newsletters

Palakkad , 14 ജൂണ് (H.S.)
പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയിൽ അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയിൽ വിശദീകരണവുമായി പരാതിക്കാരി. സ്കൂൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ മുഴുവനും കിട്ടാത്തതിനെ തുടർന്നാണ് വിദ്യാർഥിനിയുടെ മാതാപിതാക്കള് പരാതി നൽകിയത്. ആരോപണ വിധേയയായ അധ്യാപികയെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പരാതിക്കാരി വിശദീകരണം നൽകിയിരിക്കുന്നത്.
പല കുട്ടികളും പുസ്തകം കിട്ടാതെ ബുദ്ധിമുട്ടുന്നു. ഉടൻ തന്നെ സ്കൂളിൻ്റെ പിടിഎ പ്രസിഡൻ്റിനെ ബന്ധപ്പെട്ടു. വിഷയം ചൂണ്ടിക്കാട്ടി ഒരു ലെറ്റർ കൊടുക്കാൻ അദ്ദേഹം നിർദേശിച്ച പ്രകാരം പരാതി മന്ത്രിക്ക് അയച്ചു. തുടർന്ന് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തു, പരാതിക്കാരി പറഞ്ഞു.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഭാഷാ പാഠപുസ്തകങ്ങൾക്ക് സമയബന്ധിതമായി ഇൻഡൻ്റ് നൽകാത്തതാണ് വിതരണത്തിൽ കാലതാമസമുണ്ടാകാൻ കാരണമായതെന്ന് പരാതിയിൽ ആരോപിച്ചുവെന്നും പരാതിക്കാർ വ്യക്തമാക്കി. പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധ്യാപികക്കെതിരെ ഉടൻ തന്നെ സ്ഥലം മാറ്റൽ നടപടി സ്വീകരിക്കുകയായിരുന്നു.
ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക പി ബിന്ദു മോൾക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ അടിയന്തര നടപടി. ജി എച്ച് എസ് ഒറ്റപ്പാലം സ്കൂളിലെ യുപി വിഭാഗത്തിലെ (5,6,7 ക്ലാസുകൾ) ഭാഷാ പാംപുസ്തകങ്ങളുടെ വിതരണമാണ് വൈകിയത്. ജിഎച്ച്എസ് ആനക്കരയിലേക്കാണ് അധ്യാപികയെ സ്ഥലം മാറ്റി നിയമിച്ചത്.
സ്കൂൾ സൊസൈറ്റി സെക്രട്ടറി കൂടിയായിരുന്ന അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തുകയും തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ടിൻ്റെയും വിശദീകരണത്തിൻ്റെയും അടിസ്ഥാനത്തിലാണ് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർ നിർബന്ധിത സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികയുടെ ഭാഗത്തുനിന്ന് ഉത്തരവാദിത്തക്കുറവ് ഉണ്ടായതായി കണ്ടെത്തിയതിനാലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം നടപ്പാക്കിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സ്ഥലംമാറ്റ ഉത്തരവ് നിലവിൽ വന്ന തീയതി മുതൽ ഒരു വർഷക്കാലത്തേക്ക് മറ്റേതെങ്കിലും സ്ഥലം മാറ്റത്തിന് അർഹത ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR