പമ്പുകളില് നിന്ന് ഇന്ധനം വാങ്ങുന്നതിലെ  നിയന്ത്രണം കാര്ഷിക മേഖലയെ ഒഴിവാക്കണം: മന്ത്രി ടി.സിദ്ദിഖ്
Wayanad ,4 ജൂണ്‍ (H.S.) വ്യാവസായിക,വാണിജ്യ സ്ഥാപനങ്ങള്‍ ചില്ലറ വില്‍പ്പന പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് കാര്‍ഷികമേഖലയെ
UDF Candidate T Siddique


Wayanad ,4 ജൂണ്‍ (H.S.)

വ്യാവസായിക,വാണിജ്യ സ്ഥാപനങ്ങള്‍ ചില്ലറ വില്‍പ്പന പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് കാര്‍ഷികമേഖലയെ ഒഴിവാക്കണമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. തീരുമാനം അടിയന്തിരമായി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം, കൃഷിമന്ത്രിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി സിദ്ദിഖ് വ്യക്തമാക്കി.

ചില്ലറ വില്‍പന പമ്പുകളില്‍ നിന്നും വന്‍തോതില്‍ ഇന്ധനം വാങ്ങി അത് വാണിജ്യ-വ്യാവസായിക ആവശ്യങ്ങള്‍ക്കായി നിയമവിരുദ്ധമായി മറിച്ചുവില്‍ക്കുന്നതും കരിഞ്ചന്തയില്‍ വില്‍ക്കുന്നതും തടയാനാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെങ്കിലും പ്രത്യക്ഷത്തില്‍ അത് ബാധിക്കുന്നത് സാധാരണക്കാരായ ചെറുകിട കര്‍ഷകരെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ധനം വാഹനത്തിന്റെ ടാങ്കിലോ പിഇഎസ്ഒ അംഗീകൃത കണ്ടെയ്‌നറുകളിലോ മാത്രം നല്‍കണമെന്ന ഉത്തരവിലെ നിര്‍ദ്ദേശം ദുരിതത്തിലാക്കുന്നത് ചെറുകിട കര്‍ഷകരെയാണ്. കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ട്രാക്ടര്‍, കൊയ്ത്ത് യന്ത്രങ്ങള്‍, വുഡ് കട്ടര്‍ യന്ത്രം,പുല്ലുവെട്ടുന്ന യന്ത്രം, ജനറേറ്ററുകള്‍ തുടങ്ങിയവ പമ്പുകളിലെത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് പ്രായോഗികമല്ല. കന്നാസുകളില്‍ ശേഖരിച്ച് യന്ത്രങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന രീതിയാണ് കര്‍ഷകര്‍ അവലംബിക്കുന്നത്. ഈ രീതിയില്‍ ഇന്ധനം ശേഖരിക്കുന്നത് പിടിക്കപ്പെട്ടാല്‍ നിലവിലെ നിയന്ത്രണ ഉത്തരവ് പ്രകാരം പിഴയൊടുക്കേണ്ടിവരുന്ന സ്ഥിതിയാണ്.

ഇന്ധന വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചെറുകിട കാര്‍ഷിക മേഖലയുടെ സ്തംഭനത്തിലേക്ക് നയിക്കും. മണ്‍സൂണിന് ശേഷം കര്‍ഷകര്‍ കൃഷിയില്‍ വ്യാപൃതരാകുന്ന ഘട്ടം കൂടിയാണിതെന്ന് പ്രത്യേകം പരിഗണിക്കണമെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ മൊത്തവ്യാപാര വിതരണ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമെ ഇന്ധനം വാങ്ങാവൂ എന്ന നിര്‍ദ്ദേശവും പ്രായോഗികമല്ല. ചില്ലറ വില്‍പ്പന ഇന്ധന പമ്പുകളെ അപേക്ഷിച്ച് ഉയര്‍ന്ന വിലയാണ് മൊത്തവ്യാപാര കേന്ദ്രങ്ങളില്‍. ഈ നിരക്ക് കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ്. ഉത്പാദന ചെലവ് അനുദിനം വര്‍ധിക്കുന്നത് ഓരോ കര്‍ഷകന്റെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി. അതിനിടെയാണ് ഇന്ധന വിതരണ നിയന്ത്രണത്തിന്റെ ഭാഗമായുള്ള അമിതഭാരം.

പ്രതിദിനം 200 ലിറ്ററില്‍ അധികം ഹൈ സ്പീഡ് ഡീസല്‍ നല്‍കരുതെന്ന ഉത്തരവ് വലിയ ബുദ്ധിമുട്ടും ദൂരവ്യാപക പ്രത്യാഘാതവും സൃഷ്ടിക്കുന്നതാണ്.പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴാണ് ഈ നിയന്ത്രണം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുമ്പോഴും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടുന്നില്ല. പകരം ഇന്ധനവില വര്‍ധിപ്പിച്ച് കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി ടി.സിദ്ദിഖ് കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News