Enter your Email Address to subscribe to our newsletters

Ernakulam , 14 ജൂണ് (H.S.)
സലിംകുമാറിന്റെ വിയോഗം തീരാ നഷ്ടമാണ് എന്ന വിലയിരുത്തലിലാണ് സിനിമാ ലോകം. എല്ലാ കാര്യങ്ങളിലും നര്മത്തോടെ പ്രതികരിക്കുന്ന, പൊട്ടിച്ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സലീം കുമാര് ഏതുകാര്യത്തിലും വ്യക്തമായ നിലപാടുള്ള വ്യക്തി കൂടിയായിരുന്നു.
തന്റെ അന്ത്യകര്മങ്ങള് എങ്ങനെ വേണം എന്നുവരെ അദ്ദേഹം പറഞ്ഞുവച്ചിരുന്നു.
സലീംകുമാറിന്റെ അന്ത്യകര്മങ്ങള്ക്കിടെ നടന് ടിനി ടോം കരഞ്ഞത് സോഷ്യല് മീഡിയയില് പലവിധ ചര്ച്ചകള്ക്ക് ഇടയാക്കിയിരുന്നു. പലരും ടിനി ടോമിനെ ട്രോളുകളാണ് ചെയ്തത്. എന്നാല് താന് എന്തുകൊണ്ട് കരഞ്ഞു എന്ന് ടിനി ടോം ഇപ്പോള് വിശദീകരിച്ചിരിക്കുകയാണ്. സലിംകുമാറുമായി വിദ്യാര്ഥി കാലം മുതലേയുള്ള ബന്ധം അദ്ദേഹം എടുത്തു പറഞ്ഞു.
''സലിം കുമാറിനെ ഞാന് സലിയപ്പന് എന്നാണ് വിളിക്കാറ്. നോര്ത്ത് പറവൂര്കാരനാണ് ഞാന്. സലിംകുമാറിനെ ചിതയിലേക്ക് എടുക്കുമ്പോള് നാദിര്ഷയുടെ അടുത്ത് നിന്ന് ഞാന് കരഞ്ഞപ്പോള് പലരും ട്രോളി. എന്നേക്കാള് പ്രായമുണ്ടെങ്കിലും കോളജില് ജൂനിയറായിട്ടാണ് സലിയപ്പന് വന്നത്. ജോലി എടുത്ത ശേഷമാണ് സലീംകുമാര് പഠിക്കാന് വന്നത്...
മഹാരാജാസ് കോളജില് വന്ന ഉടനെ ഞങ്ങള് തമ്മില് വലിയ ആത്മബന്ധമുണ്ടായി. ഒന്ന് മിമിക്രിക്കാര് എന്ന നിലയിലും മറ്റൊന്ന് സജീവ കെഎസ് യുകാര്ക്ക് എന്ന നിലയിലും. കോളജ് പൂട്ടാന് നേരമാണ് അദ്ദേഹത്തിന്റെ വരവ്. ആ വേളയില് എല്ലാ കാര്യങ്ങളും ചര്ച്ച ചെയ്യുമായിരുന്നു. മിമിക്രിയും രാഷ്ട്രീയവുമെല്ലാം ചര്ച്ചയായി...
യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല് മല്സരത്തില് ഞാനും പക്രുവും സലീംകുമാറുമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് നേടിയത്. അതിന് ശേഷം സലിംകുമാര് നാദിര്ഷയുടെ ട്രൂപ്പിലേക്ക് പോയി. സലാം സലീം എന്ന അദ്ദേഹത്തിന്റെ പരിപാടിയിലും ഒപ്പം പ്രവര്ത്തിച്ചിട്ടുണ്ട്. സിനിമയില് ഞങ്ങളെ ഒരുമിച്ച് കണ്ടില്ലെങ്കിലും ആഴ്ചയില് ഒരിക്കല് ഞങ്ങള് വിളിച്ചു സംസാരിക്കുകമായിരുന്നു...
എന്റെ ജീവിതം തന്നെയാണ് നഷ്ടമായത്. അടുത്താഴ്ചയാണ് അമ്മയുടെ ജനറല് ബോഡി യോഗം. എനിക്ക് വേണ്ടിയുള്ള കാര്യങ്ങള് നോട്ട് ചെയ്തുവച്ചിരുന്നു സലിംകുമാര്. എനിക്ക് വേണ്ടി സംസാരിക്കുമെന്ന് പ്രസിഡന്റിനോട് വരെ പറഞ്ഞിരുന്നു. അമ്മയിലെ പല അംഗങ്ങളെയും വിളിച്ചു അദ്ദേഹം കാര്യങ്ങളെല്ലാം തിരക്കിയിരുന്നു...
ഏത് പ്രശ്നങ്ങളുണ്ടെങ്കിലും എനിക്ക് പരിഹാരം പറഞ്ഞു തരുന്നവരാണ് സംവിധായകന് സിദ്ദിഖും സലിംകുമാരും. രണ്ടുപേരും പോയി. ഒരു തീരുമാനം എടുക്കാന് ഞാന് ആരോട് ചോദിക്കുമെന്ന വിഷമം ഉണ്ട്. 30 വര്ഷത്തെ ബന്ധമാണ്. എന്റെ ജീവിതമാണ് ഇല്ലാതായത്. അതുകൊണ്ടാണ് പൊട്ടിക്കരഞ്ഞത്. ട്രോളുന്നവര്ക്ക് ഇതൊന്നും അറിയില്ല. സലിയപ്പന് ഞങ്ങളുടെ മനസിലുണ്ടാകും''- ടിനി ടോം പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR