വണ്ടി ഭ്രാന്തന്മാര്ക്ക് ഇനി ആഘോഷം! മോഡിഫിക്കേഷൻ നിയമങ്ങളില് വൻ ഇളവുകളുമായി കേന്ദ്രം
Ernakulam , 14 ജൂണ് (H.S.) വാഹന പ്രേമികള്ക്കും വാഹന വിപണിക്കും വലിയ ആശ്വാസം നല്കിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമത്തില് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണായക ഭേദഗതികള് വരുത്തി. വാഹനം രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വിദേശ ക
Vehicle


Ernakulam , 14 ജൂണ് (H.S.)

വാഹന പ്രേമികള്ക്കും വാഹന വിപണിക്കും വലിയ ആശ്വാസം നല്കിക്കൊണ്ട് കേന്ദ്ര മോട്ടോർ വാഹന നിയമത്തില് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർണായക ഭേദഗതികള് വരുത്തി.

വാഹനം രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലും വിദേശ കാറുകളുടെ ഇറക്കുമതിയിലും വലിയ ഇളവുകളാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. വാഹനങ്ങളുടെ രൂപമാറ്റം, വിദേശ വാഹനങ്ങളുടെ ഇറക്കുമതി, ഇന്ധന മാനദണ്ഡങ്ങള്, കാർഷിക-നിർമ്മാണ മേഖലകളിലെ വാഹനങ്ങള് എന്നിവയുമായി ബന്ധപ്പെട്ട പ്രധാന മാറ്റങ്ങള് എന്തൊക്കെയാണെന്ന് അറിയാം.

1. വാഹന രൂപമാറ്റവും സ്വയം സാക്ഷ്യപ്പെടുത്തലും

ഇതുവരെ വാഹനങ്ങളില് വരുത്തുന്ന കൂട്ടിച്ചേർക്കലുകള്ക്കോ രൂപമാറ്റങ്ങള്ക്കോ അംഗീകൃത ടെസ്റ്റിംഗ് ഏജൻസികളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നു. എന്നാല് പുതിയ നിയമ പ്രകാരം ഈ പ്രക്രിയ ലളിതമാക്കി. രൂപമാറ്റം വരുത്തിയതോ പ്രത്യേക ആവശ്യങ്ങള്ക്കായി മാറ്റം വരുത്തിയതോ ആയ വാഹനങ്ങള് ഇനി മുതല് അംഗീകൃത ഏജൻസികള്ക്ക് പുറമെ, അവ നിർമ്മിച്ച കമ്പനികള്ക്ക് നേരിട്ടോ അല്ലെങ്കില് സംസ്ഥാന സർക്കാരുകള് അംഗീകരിച്ച വർക്ക്ഷോപ്പുകള്ക്കോ സ്വയം സാക്ഷ്യപ്പെടുത്താൻ അനുമതി നല്കിയിട്ടുണ്ട്.

2. വിദേശ വാഹനങ്ങളുടെ ഇറക്കുമതി നിയമങ്ങളില് ഇളവ്

വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള പുതിയ വാഹനങ്ങള് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള് കേന്ദ്ര സർക്കാർ ലളിതമാക്കിയിട്ടുണ്ട്. യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി (EEC), ഇക്കണോമിക് കമ്മീഷൻ ഫോർ യൂറോപ്പ് (ECE), അല്ലെങ്കില് ജാപ്പനീസ് മാനദണ്ഡങ്ങള് പാലിക്കുന്ന വാഹനങ്ങള് ഇന്ത്യയില് നേരിട്ട് രജിസ്റ്റർ ചെയ്യാം. പുതിയ നിയമപ്രകാരം കാറുകള് ഉള്പ്പെടുന്ന M1 കാറ്റഗറിയിലും ഇരുചക്ര-മുച്ചക്ര വാഹനങ്ങള് ഉള്പ്പെടുന്ന L കാറ്റഗറിയിലും പ്രതിവർഷം 2,500 യൂണിറ്റുകള് വരെ നിർമ്മാതാക്കള്ക്ക് ഇറക്കുമതി ചെയ്യാം. മറ്റ് വാഹന വിഭാഗങ്ങളില് പ്രതിവർഷം 500 യൂണിറ്റുകള് വരെയാണ് അനുമതി. സ്വന്തം ആവശ്യങ്ങള്ക്കോ, ഗവേഷണങ്ങള്ക്കോ, പ്രദർശനങ്ങള്ക്കോ വേണ്ടി വ്യക്തികള് നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്ക്കും അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകള് ഉണ്ടെങ്കില് ഇന്ത്യയില് എളുപ്പത്തില് രജിസ്ട്രേഷൻ ലഭിക്കും.

3. ഇറക്കുമതി ചെയ്യുന്ന പെട്രോള് വാഹനങ്ങള്ക്ക് E20 നിർബന്ധം

ഇന്ത്യയുടെ പരിസ്ഥിതി സൗഹൃദ ഇന്ധന നയങ്ങള്ക്ക് അനുസൃതമായി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന L, M1 കാറ്റഗറിയില്പ്പെട്ട പെട്രോള് വാഹനങ്ങള്ക്ക് E20 (20% എഥനോള് ചേർത്ത പെട്രോള്) അനുയോജ്യത നിർബന്ധമാക്കി. ഈ വാഹനങ്ങള് E20 ഇന്ധനത്തില് പ്രവർത്തിക്കാൻ ശേഷിയുള്ളതാണെന്ന് വ്യക്തമാക്കുന്ന എക്സോസ്റ്റ് എമിഷൻ കംപ്ലയൻസ് റിപ്പോർട്ടും കമ്പനിയുടെ സാക്ഷ്യപത്രവും രജിസ്ട്രേഷൻ സമയത്ത് സമർപ്പിക്കേണ്ടതുണ്ട്.

4. കാർഷിക, നിർമ്മാണ വാഹനങ്ങളിലെ മാറ്റങ്ങള്

ട്രാക്ടറുകളുടെയും നിർമ്മാണ മേഖലയിലെ വലിയ വാഹനങ്ങളുടെയും സ്റ്റിയറിംഗ് സംവിധാനത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിർമ്മാണ ആവശ്യങ്ങള്ക്കുള്ള വാഹനങ്ങളുടെ സ്റ്റിയറിംഗ് ആവശ്യാനുസരണം ഏത് വശത്ത് വേണമെങ്കിലും ക്രമീകരിക്കാം. കാർഷിക ട്രാക്ടറുകളില് സ്റ്റിയറിംഗ് മുന്നിലോ പിന്നിലോ ആയി മധ്യഭാഗത്തായി നല്കാനും പുതിയ നിയമം അനുവദിക്കുന്നു. ട്രാക്ടറുകളുടെ ടൈപ്പ് അപ്രൂവല് ഇനി മുതല് പരിഷ്കരിച്ച AIS-017 മാനദണ്ഡങ്ങള് പ്രകാരമായിരിക്കും.

5. ട്രക്ക് ബോഡി ടെസ്റ്റിംഗ് വ്യാപിപ്പിച്ചു

ട്രക്കുകളുടെ ബോഡി പ്രോട്ടോടൈപ്പുകള് പരിശോധിച്ച് അനുമതി നല്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകള് നിർദ്ദേശിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകള്ക്കും സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗുകള്ക്കും കൂടി കേന്ദ്ര സർക്കാർ കൈമാറിയിട്ടുണ്ട്. ഇത് ലോറി-ട്രക്ക് നിർമ്മാണ മേഖലയിലുള്ളവർക്ക് തങ്ങളുടെ വാഹനങ്ങളുടെ ബോഡി അപ്രൂവല് വേഗത്തില് ലഭ്യമാക്കാൻ സഹായിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News