ലോകകപ്പ് തോല്വിയുടെ ആഘാതത്തില് 4 വര്ഷമായി കിടപ്പില്; ബ്രസീല് ആരാധകൻ അക്ഷയിനെ വീണ്ടും ജഴ്സിയണിയിച്ച് സുഹൃത്തുക്കള്
Ernakulam , 14 ജൂണ് (H.S.) ഫുട്ബോള് ലോകകപ്പിലെ പ്രിയ ടീമിന്റെ പരാജയം ഏല്പ്പിച്ച മാനസിക ആഘാതത്തില് തളർന്നുവീണ്, നാല് വർഷമായി അബോധാവസ്ഥയില് കഴിയുന്ന കാക്കനാട് സ്വദേശി അക്ഷയിന്റെ (അച്ചു - 26) കഥ കായികലോകത്തിന് നോവാകുന്നു. പാറയ്ക്കാമുകള് കളപ്പുരയ്ക്ക
World cup Football


Ernakulam , 14 ജൂണ് (H.S.)

ഫുട്ബോള് ലോകകപ്പിലെ പ്രിയ ടീമിന്റെ പരാജയം ഏല്പ്പിച്ച മാനസിക ആഘാതത്തില് തളർന്നുവീണ്, നാല് വർഷമായി അബോധാവസ്ഥയില് കഴിയുന്ന കാക്കനാട് സ്വദേശി അക്ഷയിന്റെ (അച്ചു - 26) കഥ കായികലോകത്തിന് നോവാകുന്നു.

പാറയ്ക്കാമുകള് കളപ്പുരയ്ക്കല് സ്വദേശിയായ അക്ഷയ് പ്രാദേശിക ക്ലബുകളിലെ സജീവ ഫുട്ബോള് താരം കൂടിയായിരുന്നു. എന്നാല് 2022-ലെ ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലില് ക്രൊയേഷ്യയോട് ബ്രസീല് തോറ്റതോടെ അക്ഷയിന്റെ ജീവിതം മാറിമറിഞ്ഞു. നാട്ടില് സുഹൃത്തുക്കള്ക്കൊപ്പം ബിഗ് സ്ക്രീനില് കളി കാണുകയായിരുന്ന അക്ഷയ്, കളി അവസാനിച്ച നിമിഷം കനത്ത ആഘാതത്തില് കുഴഞ്ഞുവീഴുകയായിരുന്നു.

മെഡിക്കല് അവസ്ഥയും പ്രതികരണവും

അമിത രക്തസമ്മർദ്ദത്തെ തുടർന്ന് പന്തലില് ബോധരഹിതനായി വീണ അക്ഷയിനെ ഉടൻ തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും തലച്ചോറില് രക്തം കട്ടപിടിച്ചതായി (Brain Hemorrhage) ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. അന്നുതൊട്ട് ഇന്നുവരെ ഈ ഇരുപത്തിയാറുകാരൻ എഴുന്നേറ്റിട്ടില്ല.

ഇന്ന് പുലർച്ചെ നടന്ന ബ്രസീല് - മൊറോക്കോ മത്സരത്തിന്റെ വിവരം അറിയിക്കാൻ സുഹൃത്തുക്കളും 'കനിവ്' ഹോം കെയർ പ്രവർത്തകരും അക്ഷയിന്റെ വീട്ടിലെത്തിയിരുന്നു. കാര്യങ്ങള് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, കളിയുടെ കാര്യം പറഞ്ഞപ്പോള് സാധാരണയില് കവിഞ്ഞ ചില പ്രതികരണങ്ങള് അക്ഷയിന്റെ ഭാഗത്തുനിന്നുണ്ടായത് കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും നേരിയ പ്രതീക്ഷയും സന്തോഷവും നല്കി.

ഒപ്പമുണ്ട് നാടും സുഹൃത്തുക്കളും

ചുമട്ടുതൊഴിലാളിയായ കെ.ടി. പുരുഷോത്തമൻ, അമ്മ ജയ, ഇളയ സഹോദരി എന്നിവരടങ്ങുന്നതാണ് അക്ഷയിന്റെ കുടുംബം. സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന ഈ കുടുംബത്തിന് തുണയായത് നാട്ടുകാരും സുഹൃത്തുക്കളുമാണ്. ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സയ്ക്കുള്ള പണം ഇപ്പോഴും കണ്ടെത്തുന്നത് ഇവരുടെ നേതൃത്വത്തിലാണ്.

ഇന്നലെ വീട്ടിലെത്തിയ സുഹൃത്തുക്കളും കനിവ് പ്രവർത്തകരും അമ്മ ജയയും ചേർന്ന് അക്ഷയിനെ വീണ്ടും ബ്രസീലിന്റെ മഞ്ഞ ജഴ്സി അണിയിച്ചു. നഗരസഭ കൗണ്സിലർ സി.എ. നിഷാദ്, കനിവ് വില്ലേജ് സെക്രട്ടറി എൻ.കെ. പ്രദീപ്, ടി.എ. സുഗതൻ, എം.എ. മോഹനൻ, ബഷീർ മരയ്ക്കാർ, കെ.ആർ. മഞ്ജു തുടങ്ങിയവർ അക്ഷയിനെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു. ഒരു നാടിന്റെ പ്രാർത്ഥനയും കരുതലും ഈ യുവതാരത്തിന് ചുറ്റുമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News