എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടി: സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന്, കടുത്ത തീരുമാനത്തിന് സാധ്യത
pathanamthitta, 15 ജൂണ് (H.S.) പത്തനംതിട്ട: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിർണായകമായ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്ന് ജാമ്യത്തിലിറങ്ങിയ മുതിർന്ന നേതാവും തിരുവിതാംകൂർ ദേവസ്വം
എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടി: സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന്, കടുത്ത തീരുമാനത്തിന് സാധ്യത


pathanamthitta, 15 ജൂണ് (H.S.)

പത്തനംതിട്ട: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിർണായകമായ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്ന് ജാമ്യത്തിലിറങ്ങിയ മുതിർന്ന നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ യോഗത്തിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. പത്മകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് അടിയന്തരമായി ജില്ലാ കമ്മിറ്റി യോഗം വിളിച്ചുചേർത്തിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, മന്ത്രിമാരായ വി. എൻ. വാസവൻ, സജി ചെറിയാൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ യോഗത്തിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്. പത്മകുമാറിനെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടികൾക്ക് ശേഷം വിവരം സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും.

വെളിപ്പെടുത്തൽ ഭീഷണി; സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് നേതൃത്വം

പാർട്ടി അച്ചടക്ക നടപടിയിലേക്ക് കടന്നാൽ, ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്വർണ്ണക്കൊള്ളക്കേസിന്റെ പശ്ചാത്തലവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്റെ ആത്മകഥയിലൂടെ തുറന്നുപറയുമെന്ന നിലപാടിലാണ് എ. പത്മകുമാർ. യുവതീപ്രവേശന സമയത്ത് ഉന്നത നേതാക്കളുടെ ഇടപെടലുകൾ ഉണ്ടായതായും, തന്നെയും അന്നത്തെ ഐജി ശ്രീജിത്തിനെയും മനഃപൂർവ്വം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതായും പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയതായി സൂചനകളുണ്ട്. കൂടാതെ, ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ചില നിർണായക തീരുമാനങ്ങളിൽ മുൻ മന്ത്രിമാരുടെ പങ്കിനെക്കുറിച്ചും വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, ഇത്തരമൊരു സമ്മർദ്ദ തന്ത്രത്തിന് വഴങ്ങി നടപടി ഒഴിവാക്കേണ്ടതില്ലെന്ന ശക്തമായ നിലപാടിലാണ് സിപിഐഎമ്മിലെ ഒരു വിഭാഗം നേതാക്കളും അണികളും. പത്മകുമാറിന്റേത് വെറും ഭീഷണിയാണെന്നും പാർട്ടി വിരുദ്ധ നടപടികൾക്ക് തടയിടാൻ കടുത്ത തീരുമാനം തന്നെ വേണമെന്നും യോഗത്തിൽ ആവശ്യമുയരും.

തെരഞ്ഞെടുപ്പ് പരാജയവും അണികളുടെ പ്രതിഷേധവും

ശബരിമല സ്വർണ്ണക്കൊള്ള കേസ് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചതായാണ് താഴേത്തട്ടിലുള്ള വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ, ലോക്കൽ കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റി വരെ ഈ കേസ് ഉയർത്തിക്കാട്ടിയിരുന്നു. സ്വർണ്ണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായെന്നും പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്നും അണികൾക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

ഇതേത്തുടർന്നാണ് പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റി ജില്ലാ ഘടകത്തെ ചുമതലപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതൽ അതിൽ അംഗമായിരുന്ന എ. പത്മകുമാറിനെതിരെ പാർട്ടി കൈക്കൊള്ളുന്ന അന്തിമ തീരുമാനം എന്താകുമെന്നും, അതിനോട് പത്മകുമാർ എങ്ങനെ പ്രതികരിക്കുമെന്നതിലും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ആകാംക്ഷയാണ് നിലനിൽക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News