Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ജൂണ്‍ (H.S.)
ഗതാഗതമന്ത്രി ആയിരിക്കെ കെഎസ്ആര്‍ടിസിയില്‍ ബസ് വാങ്ങിയതില്‍ അഴിമതിയെന്ന ആരോപണം തള്ളി കെബി ഗണേഷ് കുമാര്‍. ജിഎസ്ടിയില്‍ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് വാങ്ങാന്‍ ഇടയാക്കിയത്. പരിവാഹന്‍ സൈറ്റില്‍ വില വ്യത്യാസം ഉണ്ടെങ്കില്‍ അവരോട് ചോദിക്കണമെന്നും ഗണേഷ് പറഞ്ഞു.സൈറ്റില്‍ അതുകണ്ടു ഇത് കണ്ടു എന്ന് താന്‍ പറയില്ല. പല കാര്യങ്ങളും വാഹന സൈറ്റില്‍ തെറ്റായിട്ടാണ് കിടക്കുന്നത്. അത് ശരിയാകണമെന്നില്ല. വിവരാവകാശം പ്രകാരം ലഭിച്ച കെഎസ്ആര്‍ടിസിയുടെ രേഖയുണ്ടോ? എന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
'വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്നു. മാധ്യമധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ല ഇത്. തെറ്റായ രേഖകളാണ് പ്രചരിപ്പിച്ചത്. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് കെഎസ്ആര്‍ടിസിയില്‍ തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല. എയര്‍ സസ്‌പെന്‍ഷന്‍ ഉള്ള സൂപ്പര്‍ ഫാസ്റ്റ് ബസാണ് 21 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. സ്പ്രിങ് സസ്‌പെന്‍ഷന്‍ ഉള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്കാണ്. വാര്‍ത്തയില്‍ ഒരു ബസിന് ഏഴ് ലക്ഷം രൂപയൊക്കെ അധികമായി നല്‍കിയെന്നാണ്. ഇത് തികച്ചും വാസ്തവവിരുദ്ധമായ കാര്യമാണ്. ഗണേഷ് കുമാര്‍ പറഞ്ഞു.
30 ലക്ഷം മുടക്കി കെഎസ്ആര്‍ടിസി ബസുകള്‍ വാങ്ങിയിട്ടില്ല. രണ്ട് ഘട്ടമായി ബസുകള്‍ വാങ്ങിയത് കെഎസ്ആര്‍ടിസിക്ക് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജരേഖ എവിടെനിന്ന് വന്നുവെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. ഏത് ഉദ്യോഗസ്ഥനാണ് രേഖകള്‍ നല്‍കിയതെന്ന് വാര്‍ത്ത നല്‍കിയ ലേഖകനും അന്വേഷിക്കണം. ആരാണ് കബളിപ്പിച്ചത് എന്ന് അറിയാല്ലോ.കെഎസ്ആര്‍ടിസിയില്‍ മന്ത്രിക്ക് മാത്രമായി ബസ് വാങ്ങാനാകില്ല. ഉദ്യോഗസ്ഥരടക്കം തീരുമാനമെടുത്താണ് ബസ് വാങ്ങിയത്.- അദ്ദേഹം പറഞ്ഞു.
സംഭാവനയായി ടാറ്റാ സിയറ കാര്‍ വാങ്ങിയെന്ന് പ്രചാരണവും അദ്ദേഹം തള്ളി. താന്‍ സംഭാവന വാങ്ങുന്നയാളല്ലെന്നും ഫെഡറല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വാങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'രേഖകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. കാര്‍ വാങ്ങണമെങ്കില്‍ സിനിമയില്‍ അഭിനയിച്ചു വാങ്ങിക്കോളാം. വണ്ടിക്ക് ഒരു ഡിസ്‌കൗണ്ടും തന്നിട്ടില്ല. ഏതു അന്വേഷണം നേരിടാന്‍ തയ്യാറാണ്. വേണമെങ്കില്‍ സിബിഐ അന്വേഷിക്കട്ടെ.'- ഗണേഷ് കുമാര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S