Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ജൂണ്‍ (H.S.)
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നതു പോലെ അറുപത് കഴിഞ്ഞ പുരഷന്‍മാര്‍ക്കും സൗജന്യം നല്‍കണമെന്ന് ആവശ്യം. ഓള്‍ കേരള മെന്സ് അസോസിയേഷന്‍ സെക്രട്ടറിയറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പുരുഷനായി ജനിച്ചതുകൊണ്ട് ഒരിടത്തും നീതി ലഭിക്കുന്നില്ലെന്നും പുരുഷന്മാരും ഒരു വോട്ട് ബാങ്ക് ആണെന്നും പ്രതിഷേധക്കാര്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം നല്‍കണമെന്നാണ് ഇവരുടെ വാദം.
സാമ്പത്തിക മാനദണ്ഡം പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര നല്‍കുന്നതിനോടാണ് സംഘടന വിയോജിപ്പ് രേഖപ്പെടുത്തിയത്. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഐടി മേഖലയിലുള്ളവര്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. പകരം, റേഷന്‍ കാര്‍ഡ് പരിശോധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം നല്‍കണം. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രായമായ പുരുഷന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിഗണന വേണമെന്നാണ് സംഘടനയുടെ ആവശ്യം. സ്ത്രീകള്‍ക്ക് നല്‍കുന്നതിന് സമാനമായി അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രാ സൗകര്യം അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്ര അനുവദിക്കണം. 42 രൂപ വരെ യാത്രാക്കൂലി നല്‍കി യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാര്‍ഥികളുടെ അവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S