Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ജൂണ്‍ (H.S.)
കെഎസ്ആര്‍ടിസിയില്‍ സെസിന്റെ പേരില്‍ യാത്രക്കാരില്‍നിന്ന് തുക ഈടാക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യം. 15 രൂപമുതലുള്ള ടിക്കറ്റെടുക്കുന്ന, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് തുടങ്ങി ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളിലെ യാത്രക്കാരില്‍നിന്നാണ് 11 രൂപവരെ അധികമായി ഈടാക്കുന്നത്. 12 വര്‍ഷമായി ഇതു തുടരുകയാണ്. 2020 ഡിസംബര്‍ മുതല്‍ ഓര്‍ഡിനറി ബസുകളില്‍ 49 രൂപവരെയുള്ള ടിക്കറ്റിന് സെസ് പിരിക്കുന്നില്ല.
2014-ലാണ് കെ.എസ്.ആര്‍.ടി.സി. യാത്രക്കാരില്‍നിന്ന് സെസ് ഈടാക്കാനുള്ള ബില്ല് നിയമസഭ പാസാക്കിയത്. അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള സമൂഹ ഇന്‍ഷുറന്‍സ്, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ജീവനക്കാര്‍ക്കുള്ള സാമൂഹിക സുരക്ഷാപദ്ധതി എന്നിവയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരുരൂപമുതല്‍ 10 രൂപവരെ സെസ് പിരിക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. കോര്‍പ്പറേഷന്റെ പെന്‍ഷന്‍ ഫണ്ടിലേക്ക് 164 കോടി രൂപ ഇതുവഴി സമാഹരിക്കാനും യാത്രക്കാര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും സെസ് പിരിവിലൂടെ ഉദ്ദേശിച്ചിരുന്നു.
ഡീസല്‍ വിലയിലെ വര്‍ധനമൂലം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സെസ് പിരിവ് സഹായിക്കുമെന്നായിരുന്നു വിലയിരുത്തല്‍. സെസ് വാങ്ങാന്‍ തുടങ്ങിയതോടെ, ഒരേ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളിലും സ്വകാര്യ ബസുകളിലും വ്യത്യസ്ത നിരക്കുകളായി. പിന്നീട് ഡീസല്‍വില അഞ്ചു രൂപവരെ കുറഞ്ഞതോടെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചു.
നിരക്ക് കൂടിയ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ്, ജെന്റം, നോണ്‍ എ.സി. ബസുകളില്‍ 49 രൂപവരെയുള്ള യാത്രാടിക്കറ്റുകളില്‍ ചുമത്തിയിരുന്ന സെസ് 2020 ഡിസംബര്‍ 23 മുതല്‍ ഒഴിവാക്കിയിരുന്നു. അന്ന് ആറുമാസത്തേക്കാണ് സെസ് ഒഴിവാക്കിയതെങ്കിലും, ഉത്തരവില്ലാതെതന്നെ തുടരുകയായിരുന്നു. സെസ് ഒഴിവാക്കിയതിന് ഗതാഗത വകുപ്പ് സെക്രട്ടറി സാധൂകരണം നല്‍കി ഉത്തരവിറക്കിയത് ഈമാസം 11-നാണ്.
---------------
Hindusthan Samachar / Sreejith S