Enter your Email Address to subscribe to our newsletters

Sabarimala, 15 ജൂണ്‍ (H.S.)
ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമലയില്‍ പരിശഓധന നടത്തി. സ്വര്‍ണക്കൊള്ളയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്നറിയാനാണ് പരിശോധന. സന്നിധാനത്ത് ശ്രീകോവിലിന്റെ പ്രഭാമണ്ഡലം, കട്ടിളപ്പാളിയുടെ താഴ്ഭാഗം എന്നിവയിളക്കി ഭാരം അളന്നു. സംസ്ഥാനസര്‍ക്കാരിന്റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.
മിഥുനമാസപൂജയ്ക്ക് നട തുറന്നശേഷമാണ് എസ്.ഐ.ടി.യും അളവുതൂക്കവിഭാഗം ഉദ്യോഗസ്ഥരും സോപാനത്തെത്തിയത്. ശ്രീകോവിലിന്റെ കട്ടിളയുടെ മുകളില്‍ ചിത്രപ്പണികളോടുകൂടിയ ഭാഗമാണ് പ്രഭാമണ്ഡലം. ഇത് മൂന്നുഭാഗം ചേര്‍ന്നതാണ്. മൂന്നും അഴിച്ചെടുത്ത് ശ്രീകോവിലിന്റെ വശത്തുള്ള ദേവസ്വം ഓഫീസിനോട് ചേര്‍ന്നുള്ള ഭാഗത്തേക്ക് മാറ്റി, അവിടെയാണ് തൂക്കമെടുത്തത്. ശ്രീകോവിലിലേക്ക് ചവിട്ടിക്കയറുന്ന കട്ടിളപ്പാളിയുടെ ഭാഗമാണ് തൂക്കമെടുത്ത മറ്റൊന്ന്. ഇത് ഇളക്കാന്‍ കട്ടിളയുടെ വശങ്ങളിലെ പാളികളും ഇളക്കേണ്ടിവന്നു.
മുന്‍പ് രണ്ടുതവണയായി എസ്.ഐ.ടി. ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലകശില്പങ്ങള്‍, കട്ടിളപ്പാളികള്‍, വശങ്ങളിലെ തൂണുകള്‍ എന്നിവയില്‍നിന്ന് സാമ്പിള്‍ മുറിച്ചെടുത്തിരുന്നു. ഇത്തവണ സാമ്പിളുകള്‍ മുറിച്ചെടുത്തില്ല.
1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ ഭാഗമാണ് പ്രഭാമണ്ഡലം. ഇത് 2019-ലും 2025-ലും സ്വര്‍ണം പൂശാന്‍ ഇളക്കിയിരുന്നില്ല. ഈവര്‍ഷങ്ങളില്‍ സ്വര്‍ണം പൂശിയ ഭാഗങ്ങളിലെ സ്വര്‍ണത്തിന്റെ അളവ് ശാസ്ത്രീയമായി കണ്ടെത്താന്‍, ഇപ്പോഴത്തെ ഭാരമളക്കല്‍ സഹായകമാകും. സ്വര്‍ണക്കൊള്ളക്കേസിന്റെ അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനാണ് ഇപ്പോള്‍ എസ്.ഐ.ടി. സന്നിധാനത്തെത്തിയത്. ഭാരമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു.
---------------
Hindusthan Samachar / Sreejith S