Enter your Email Address to subscribe to our newsletters

New delhi, 15 ജൂണ്‍ (H.S.)
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ ലയിച്ചത് ത്രിപുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ദേശീയ രാഷ്ട്രീയത്തില്‍ ഇതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന 'നാഷണലിസ്റ്റ് സിറ്റിസണ്സ് പാര്ട്ടി ഓഫ് ഇന്ത്യ' (NCPI) എന്ന സംഘടനയിലാണ്. ഇതോടെ അതിവേഗത്തില്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ഈ പാര്‍ട്ടി.
ബംഗാളിലെ ഹൗറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍സിപിഐ 2023 ജനുവരി 20-നാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തത്. എന്‍സിപിഐക്ക് ത്രിപുരയിലും ബംഗാളിലും മാത്രമാണ് നേരിയ സാന്നിധ്യമുള്ളത്. 2023-ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ത്രിപുരയിലെ ചവാമനു, അംബാസ, കരംചര, കൈലാഷഹര്‍ എന്നീ നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെങ്കിലും ഒരിടത്തും വിജയിക്കാന്‍ സാധിച്ചില്ല. ചവാമനു മണ്ഡലത്തില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് വെറും 536 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വെറും 1,198 വോട്ടുകള്‍ മാത്രമാണ് ആകെ നേടാനായത്.
ഏഴ് സീറ്റുകളില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും നാലെണ്ണത്തില്‍ പത്രിക തള്ളിപ്പോകുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പെന്‍ നിബ് ആയിരുന്നു പാര്‍ട്ടിയുടെ ചിഹ്നം.നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാന പാര്‍ട്ടിയായോ ദേശീയ പാര്‍ട്ടിയായോ അംഗീകാരം ലഭിച്ചിട്ടില്ലാത്ത 'രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടി' ആണിത്. ഉത്തരീയ കുന്ദു പ്രസിഡന്റായും അദ്ദേഹത്തിന്റെ ഭാര്യ ഷ്യൂലി കുന്ദു ട്രഷററായും പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് 1.13 ലക്ഷം രൂപ മാത്രമാണ് ആകെ സംഭാവനയായി ലഭിച്ചിട്ടുള്ളത്.
ഇതിലെ രാഷ്ട്രീയ വൈരുദ്ധ്യവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. 'അധികാരത്തിന് വേണ്ടി കൂറുമാറുന്നവരെ പുറന്തള്ളുക' എന്ന മുദ്രാവാക്യവുമായാണ് എന്‍സിപിഐ ത്രിപുരയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 'അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയ കൂറുമാറ്റക്കാരെ തള്ളിക്കളയുക, സാമൂഹിക പ്രവര്‍ത്തകരെ പിന്തുണയ്ക്കുക' എന്നതായിരുന്നു അന്ന് പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം. അതേ പാര്‍ട്ടിയിലേക്ക് ഒറ്റയടിക്ക് 20 എംപിമാരെത്തിയത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും. തങ്ങളുടെ പാര്‍ട്ടിയിലേക്ക് ഇത്രയധികം എംപിമാര്‍ എത്തിയ വാര്‍ത്ത കേട്ട് മുന്‍പ് എന്‍സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ബര്‍ജേദ ത്രിപുര എന്ന ദിവസവേതന തൊഴിലാളി പോലും അത്ഭുതം പ്രകടിപ്പിച്ചു.
എന്‍സിപിഐയില്‍ ലയിച്ച എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ നേരില്‍ കണ്ട് തങ്ങളെ പാര്‍ലമെന്റില്‍ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്നും പ്രത്യേക ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു
---------------
Hindusthan Samachar / Sreejith S