Enter your Email Address to subscribe to our newsletters

Pathanamthitta , 16 ജൂണ് (H.S.)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുതിർന്ന നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ സിപിഎം കൈക്കൊണ്ട അച്ചടക്ക നടപടി ലഘൂകരിച്ചതിൽ പത്തനംതിട്ട ജില്ലാക്കമ്മിറ്റിയിൽ കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന സൂചനകൾ ശക്തമായിരുന്നെങ്കിലും, ഒടുവിൽ കേവലം സസ്പെൻഷനിൽ നടപടി ഒതുക്കിയതാണ് ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ ഒരു പ്രമുഖ മന്ത്രിയെ പരസ്യമായി ആക്ഷേപിച്ച് പത്മകുമാർ വാർത്താ സമ്മേളനം നടത്തിയിട്ട് പോലും നേതൃത്വം മൃദുസമീപനമാണ് സ്വീകരിച്ചതെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം. ഒരു മന്ത്രിയെയും പാർട്ടിയെയും പൊതുമധ്യത്തിൽ ഇത്രയേറെ അപകീർത്തിപ്പെടുത്തിയിട്ടും കാര്യമായ നടപടികളിലേക്ക് കടക്കാൻ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഭയപ്പെടുകയാണെന്ന് അതൃപ്തരായ നേതാക്കൾ ആരോപിക്കുന്നു. പത്മകുമാറിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികൾ പാർട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
'പാർട്ടിയുടെ അന്തകൻ; ഭക്തി പറഞ്ഞ് തട്ടിപ്പ് നടത്തി'
ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ഭക്തിയും വിശ്വാസവും മുൻനിർത്തി പത്മകുമാർ വൻ തട്ടിപ്പാണ് നടത്തിയതെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പാർട്ടിക്ക് പൊതുസമൂഹത്തിലുണ്ടാക്കിയ ആഘാതം ചെറുതല്ലെന്നും ഒരുകൂട്ടം അംഗങ്ങൾ തുറന്നടിച്ചു. ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന 'അന്തകനായി' പത്മകുമാർ മാറിയെന്നും വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ പോലും ഈ വിഷയം പ്രതിഫലിച്ചിട്ടും നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായതെന്നാണ് ഉയർന്നുവന്ന ആക്ഷേപം. ഈ വിഷയത്തിലുള്ള തങ്ങളുടെ കടുത്ത അമർഷവും വിയോജിപ്പും പാർട്ടി സംസ്ഥാന നേതൃത്വത്തെ നേരിട്ട് അറിയിക്കാനുള്ള ആലോചനയിലാണ് പത്തനംതിട്ടയിലെ ഒരു വിഭാഗം നേതാക്കൾ.
ഇത് നീതിപൂർവ്വമായ നടപടിയെന്ന് സിപിഎം നേതൃത്വം
എന്നാൽ നിലവിലെ നടപടി തികച്ചും നീതിപൂർവ്വവും പാർട്ടി ഭരണഘടനയ്ക്ക് അനുസൃതവുമാണെന്നാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാനാകൂ എന്നും, ഇപ്പോൾ സ്വീകരിച്ച സസ്പെൻഷൻ താൽക്കാലികവും ഉചിതവുമായ അച്ചടക്ക നടപടിയാണെന്നും നേതൃത്വം വ്യക്തമാക്കുന്നു. ആരുടെയും ഭീഷണിക്ക് വഴങ്ങിയല്ല പാർട്ടി തീരുമാനമെടുത്തതെന്നും നേതൃത്വം കൂട്ടിച്ചേർക്കുന്നു.
സമ്മർദ്ദങ്ങൾ ഫലം കണ്ടെന്ന് പത്മകുമാർ ക്യാമ്പ്
അതേസമയം, കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തുമെന്ന പത്മകുമാറിന്റെയും ഉപദേശകരുടെയും നീക്കങ്ങളും സമ്മർദ്ദങ്ങളും ഫലം കണ്ടതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കൽ പോലുള്ള അറ്റകൈ പ്രയോഗങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞത് തങ്ങളുടെ ഭാഗത്തെ വിജയമായാണ് അവർ കാണുന്നത്. തൽക്കാലം കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ പൂർണ്ണമായ സംയമനം പാലിക്കാനാണ് എ. പത്മകുമാറും അദ്ദേഹത്തിന്റെ ഉപദേശകരും തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പത്തനംതിട്ട സിപിഎമ്മിലെ ഈ ആഭ്യന്തര കലഹം ഏത് രീതിയിലേക്ക് വഴിമാറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K